പക്വതയുടേയും ക്ഷമയുടേയും ബുദ്ധിയുടേയും കളിയാണ് ചെസ്സ്. ആക്രമിക്കുമ്പോഴും വേണം ക്ഷമയും പക്വതയും. ആവേശത്തിനു സ്ഥാനമില്ല. എന്നാല്‍, ഭാരതത്തിന്റെ ചെസ്സ് മേഖലയില്‍ ഇന്നൊരു വിപ്ലവ കാഹളം മുഴങ്ങുകയാണ്. അതു ഗുകേഷ് എന്ന കൗമാരക്കാരനില്‍ വന്ന് എത്തിനില്‍ക്കുന്നു. ചതുരംഗപ്പലകയിലൂടെ ഭാരതം പണ്ടേ ചുവടുറപ്പിച്ച ഈ കളി പിന്നീട് ചെസ്സ് എന്ന അപര നാമത്തില്‍ ലോക പ്രശസ്തി നേടിയപ്പോള്‍, അത് ഏറെക്കാലം മറുനാട്ടുകാരുടെ പിടിയിലായിരുന്നു. അതു തിരിച്ചുപിടിക്കാനും ലോക ചെസ്സില്‍ ഭാരതത്തിന്റെ കൊടിനാട്ടാനും തമിഴ്നാട്ടില്‍ നിന്നു വിശ്വനാഥന് ആനന്ദ് അവതരിച്ചു. ആനന്ദിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ പിന്നെ തമിഴ്നാട്ടില്‍ നിന്നു തന്നെ പ്രഗ്നാനന്ദയെത്തി. ഇപ്പോള്‍, ദൊമ്മരാജു ഗുകേഷ് എന്ന പതിനേഴുകാരനും. മൂവരും ചെസ്സിലെ ലോക കിരീടങ്ങള്‍ പിടിയിലൊതുക്കിയെങ്കിലും ആനന്ദിന്റെ യഥാര്‍ഥ പിന്‍ഗാമി ഗുകേഷ് തന്നെ. കനഡയിലെ ടൊറന്റോയില്‍ നടന്ന ലോക കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ ജേതാവായ ഈ കുട്ടിയാണ് ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ലോക ചെസ്സ് പോരാട്ടത്തില്‍ ലോക ചാംപ്യനോട് ഏറ്റുമുട്ടുക. നിലവില്‍ ചൈനയുടെ ഡിങ് ലിറന് ആണു ലോക ചാംപ്യന്‍. അങ്കം കുറിച്ചെങ്കിലും പോര്‍ക്കളരി എവിടെ, എന്ന് എന്നൊക്കെ തീരുമാനമാകാനിരിക്കുന്നതേയുള്ളു. കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ കിരീടം ചൂടിയ ആദ്യ ഭാരതീയനായ ആനന്ദിന്റെ ഒരേയൊരു പിന്ഗാമിയാണിന്നു ഗുകേഷ്.
ലോകകിരീടത്തിലേയ്ക്കും ആ യാത്ര തുടരുമോയെന്നു കാണാനാണ് ഇനിയുള്ള കാത്തിരിപ്പ്. ചാംപ്യനോടു നേര്‍ക്കുനേര്‍ പോരാടുന്ന, ലേകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ഗുകേഷ്. മുന്‍പ് ഈ റെക്കോര്‍ഡു കൈവശം വച്ചിരുന്ന റഷ്യക്കാരന് കാസ്പറോവ് അതു നേടിയപ്പോള്‍ പ്രായം 20 വയസ്സായിരുന്നു. ഗുകേഷിനു 17 വയസ്സും പത്തുമാസവും 25 ദിവസവും.
പ്രായത്തില്‍ പക്വത എത്തും മുന്‍പാണ് ഗുകേഷ് കളിയില്‍ അതു നേടിയെടുത്തത്. ആന്ധ്രയില്‍ നിന്നു ചെന്നൈയിലെത്തിയ രജനീകാന്ത്-പദ്മ ദമ്പതികളുടെ മകന് ഗുകേഷ് പന്ത്രണ്ടാം വയസ്സില്‍ ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍മാസ്റ്ററായി. പിന്നെ, ഭാരതത്തില്‍ മഹാബലിപുരത്തു നടന്ന ചെസ്സ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിക്കൊണ്ട് ലോകശ്രദ്ധയിലേയ്ക്കു കയറി. മാഗ്നസ് കാള്‍സണെ തോല്പിച്ചുകൊണ്ട് ചെസ്സ് ലോകത്തെ ഞെട്ടിച്ചു. പിന്നെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേട്ടം. ഇത്തവണ ടൊറന്റോയില്‍ മറികടന്നത് ലോകചെസ്സിലെ മഹാരഥന്മാരെയാണ്. അമേരിക്കന്‍ ഗ്രാന്മാസ്റ്റര് ഹിക്കാരു നക്കാമുറ, റഷ്യയുടെ യാന്‍ നിപ്പോംനിഷി, അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാന എന്നിവരടങ്ങിയതായിരുന്നു ആ താരനിര. 14 റൗണ്ടില്‍ അഞ്ചു ജയവും എട്ടു സമനിലയും ഒരു തോല്‍വിയും.
സമഗ്ര മേഖലയിലുമെന്നപോലെ കായിക രംഗത്തും ഭാരതത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഉണര്‍വിന്റെ പുത്തന്‍ ഉദാഹരണമാണ് ഗുകേഷിന്റെ നേട്ടം. ക്രിക്കറ്റിലും ഫുട്ബോളിലും ഹോക്കിയിലും ഉണ്ടായ ഉണര്‍വ് മെഡല്‍ നേട്ടങ്ങള്‍ കൊണ്ട് അളക്കാവുന്നതിന് അപ്പുറമാണ്. അത്ലറ്റിക്സിലെ നേട്ടം ഒളിംപിക്സ് സ്വര്‍ണം വരെ എത്തിക്കഴിഞ്ഞു. ഹോക്കിയിലും ക്രിക്കറ്റിലും വനിതകളും ഈ ഉണര്‍വിന്റെ പാതയില്‍ സജീവമായിക്കഴിഞ്ഞു. ചെസ്സ് ബോര്‍ഡില്‍ വിശ്വനാഥന് ആനന്ദ് നാട്ടിയ കൊടി ഏറ്റുവാങ്ങി ഭാരതത്തില്‍ ചെസ്സിനെ നേട്ടങ്ങളിലൂടെ മുന്നോട്ടു നയിക്കാന്‍ പ്രഗ്നാനന്ദയും കേരളത്തില്‍ നിന്നു നിഹാല്‍ സരിനും എസ്.എല്‍. നാരായണനുമൊക്കെയുണ്ടായി. അണ്ടര്‍ 8 ലോക കിരീടമണിഞ്ഞ പ്രഗ്നാനന്ദയുടെ കളിയില്‍ നിന്നാണ്, അന്നു കൊച്ചു കുട്ടിയായിരുന്ന ഗുകേഷ് ആവേശം ഉള്‍ക്കൊണ്ടത്. മികവിന്റെ കൈത്തിരികള്‍ കൈമാറാന്‍ കാലം ഇത്തരം പ്രതിഭകളെ അവതാരങ്ങളായി നമുക്കു തരാറുണ്ടല്ലോ. മില്‍ഖ സിങ്ങിനേയും പി.ടി. ഉഷയേയും അഞ്ജു ബോബിയേയും ധ്യാന്‍ ചന്ദിനേയും ശ്രീജേഷിനേയും കപില്ദേവിനേയുമൊക്കെപ്പോലെ. ഗുകേഷ് ഭാരത ചെസ്സിലെ പുതിയ അവതാരപുരുഷനായേക്കാം. ലോക കായിക രംഗങ്ങളില്‍ ഭാരതീയര്‍ പരിഹാസപാത്രങ്ങളാകുന്ന കാലം കടന്നു പോയത്, ഇവിടെ കായിക ഭരണത്തില്‍ വന്ന ചിട്ടയുടേയും അച്ചടക്കത്തിന്റേയും ഭാവനാപൂര്‍ണമായ നടത്തിപ്പിന്റേയും ഫലം തന്നെയെന്നേ കരുതാനൊക്കൂ. അതു തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: