രണ്ടുപകലും രാത്രിയും പിന്നിട്ടാല്‍ വോട്ടെടുപ്പാണ്. മാസങ്ങളായി മത്സരത്തിന്റെ ചൂടും ചൂരും നേരിട്ട മലയാളക്കര ശാന്തമാവുകയാണ്. നിശബ്ദമായ വോട്ടുപിടിത്തമാണിനി. എന്തെല്ലാം കോലാഹലങ്ങളായിരുന്നു ഇത്രയും ദിവസം. വാദപ്രതിവാദങ്ങള്‍. അവകാശവാദങ്ങള്‍. വെല്ലുവിളികള്‍. എല്ലാത്തിനും അന്ത്യമാകുമ്പോള്‍ എന്തൊരാശ്വാസം. ഇതിനിടയില്‍ വന്നുപെട്ടു ഒരു ഉഗ്രസ്ഫോടനം പാനൂരില്‍. അതിലൊരു ചെറുപ്പക്കാരന്റെ ദാരുണമായ അന്ത്യം. രണ്ടു മൂന്നു സഖാക്കളുടെ കൈപ്പത്തി പോയി. പത്തു പതിനാലുപേര്‍ പിടിയിലുമായി.
ഈ സ്ഫോടനം ഒറ്റപ്പെട്ട സംഭവമല്ല. നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. തലശ്ശേരിയില്‍ ബോംബു നിര്‍മ്മാണത്തിനിടയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടക്കവെ പോലീസ് സ്റ്റേഷന് ഉപരോധിച്ച് സഖാക്കളുടെ സമരം. ഉദ്ഘാടനം ചെയ്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അന്നദ്ദേഹം പറഞ്ഞു. ‘വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ബോംബുണ്ടാക്കും’ എന്ന്. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ബോംബിന്റെ രാഷ്ട്രീയവുമായി പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് തള്ളിപ്പറയുകയും ചെയ്തു. ഇനി ഒരുപക്ഷേ വോട്ടെടുപ്പും കോലാഹലവും കഴിഞ്ഞാല്‍ മാറി മറിഞ്ഞേക്കാം. അഭിപ്രായങ്ങളൊന്നും ഇരുമ്പുലക്കകളല്ലല്ലൊ.
വടകരയില്‍ നിന്നും തന്നെയാണ് പിന്നത്തെ വിവാദം. സിപിഎമ്മിലെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിപരമായി സൈബര്‍ ആക്രമം നടത്തി എന്നാണ് ആക്ഷേപം. ഞാനങ്ങനെ നടത്തിയിട്ടേയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആരോപണങ്ങളും ആക്ഷേപങ്ങളും ഏറ്റുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറിയും വനിതാ സ്ഥാനാര്‍ത്ഥിയും ഒരു ഭാഗത്ത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മറു ഭാഗത്ത്. ആകെക്കൂടി തെരഞ്ഞെടുപ്പ് മാമാങ്കം കെങ്കേമമായി. പരസ്പരം കൊടുത്ത കേസുകളുടെ അന്ത്യം എന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇതിനിടയില്‍ ചര്‍ച്ചയായതാണ് ‘കേരള സ്റ്റോറി’ എന്ന സിനിമ. ഈ സിനിമക്കെതിരെ ഇടതും വലതും ഒരുപോലെ വിമര്‍ശനവുമായി രംഗത്തുവന്നു. കേരളസ്റ്റോറി സംഘപരിവാറിന്റെ അജണ്ടയാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഇങ്ങനെയൊരു കഥയില്ലെന്ന് പ്രതിപക്ഷ നേതാവ്. എന്നാല്‍ തികച്ചും സത്യസന്ധമായ കഥയാണിതെന്ന് സിനിമ കണ്ടവരെല്ലാം സമ്മതിച്ചു. ചില കത്തോലിക്കാ രൂപതകള്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി. ലൗജിഹാദിന്റെ ദൂഷ്യങ്ങള്‍ വരച്ചു കാട്ടുന്നതായിരുന്നു ‘കേരള സ്റ്റോറി’. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശ്യ കാര്യങ്ങള്‍ നേടാന്‍ പറ്റുമോ എന്ന ശ്രമം നടത്തുകയാണ്. ആ കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടത്. വാര്‍ത്താസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
നവോത്ഥാന കാലം മുതല്‍ക്കെ അത്തരമൊരു നാട് പടുത്തുയര്‍ത്താനാണല്ലോ നമ്മള് ശ്രമിച്ചു വന്നിട്ടുള്ളത്. ആ നാടായിട്ട് ഇന്നും നമ്മള്‍ക്ക് അഭിമാനപൂര്‍വ്വം നില്ക്കാന് പറ്റുന്നില്ലെ. ആ നാടിനെ ഒരു വല്ലാത്ത അവമതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ആ ശ്രമത്തെയാണ് എതിര്‍ക്കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.
സംസ്ഥാനത്ത് ലൗജിഹാദുണ്ടെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പത്മജ. ലൗ ജിഹാദുണ്ട്, എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നതല്ല. ഇങ്ങനെയുണ്ടെന്ന് വാര്‍ത്ത പരക്കുമ്പോള്‍ ഒരു സന്ദേശം കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും സാമൂഹികവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പക്ഷം. സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. എന്നും ഗോവിന്ദന് പറഞ്ഞുവച്ചു.
വയനാട്ടില്‍ നിന്നാണ് മറ്റൊരു വാര്‍ത്ത. രാഹുലിന്റെ റാലിയില്‍ പാക്കിസ്ഥാന് കൊടികളുമെന്ന പ്രചാരണം വലിയ ക്ഷീണമുണ്ടാക്കിയതുകൊണ്ടാവണം ഇത്തവണ ലീഗിന്റെ കൊടി വേണ്ടെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഞങ്ങളുടെ വോട്ടുവേണം പക്ഷെ കൊടി പറ്റില്ലെന്ന ന്യായം നടക്കില്ലെന്ന് മുസ്ലിം ലീഗും പറഞ്ഞു. അങ്ങനെയെങ്കില്‍ നമുക്കാരുടെയും കൊടിയില്ലാതെ റോഡ്ഷോ നടത്താമെന്ന് ധാരണയുണ്ടാക്കി. ലീഗിന്റെ വോട്ടുകിട്ടാന്‍ കൊടിയല്ല എന്തും ഉപേക്ഷിക്കാന്‍ തയ്യാറെടുത്തു നില്ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയ ചിത്രമാണ് വയനാട്ടില്‍ കണ്ടത്.
ബിജെപിയെ ഭയന്നാണ് സ്വന്തം പതാകപോലും കോണ്‍ഗ്രസ് ഒളിപ്പിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച പതാക കോണ്‍ഗ്രസിന്റെ പതാകയാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ നേതാക്കള്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെട്ടുപോയി എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ലീഗിന്റെ കൊടിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് എസ്ഡിപിഐയെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാണ്. ഏപ്രില്‍ ഒന്നിനാണ് എസ്ഡിപിഐ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇത് ബിജെപിയടക്കം ചര്‍ച്ചാ വിഷയമാക്കി. ഇതോടെയാണ് ഏപ്രില്‍ മൂന്നിന്റെ റോഡ് ഷോയില്‍ പതാക ഉപേക്ഷിച്ചത്.
‘കാതിലോല പൊന്നോല കാണാന്‍ ചെന്നപ്പോള്‍ തെങ്ങോല’ എന്ന ചൊല്ലുപോലെ കാസര്‍ഗോഡ് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഒരാരോപണവുമായി രംഗത്തുവന്നു. ഇലക്ഷന് കമ്മീഷനും സുപ്രീംകോടതിയും തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ അയ്യെടാ എന്ന അവസ്ഥയുമായി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ചെയ്യാത്ത വോട്ടു കിട്ടി എന്നായിരുന്നു ആരോപണം. അത് കയ്യോടെ പൊളിച്ചു കൊടുത്തു അധികാരകേന്ദ്രങ്ങള്‍. കാസര്‍ഗോഡ് മണ്ഡലത്തില്‍ നടന്ന മോക് പോളിംഗിലായിരുന്നു സംഭവം.
ഈ കോലാഹലങ്ങള്‍ക്കിടയിലാണ് തൃശൂര്‍പൂരം പോലും കലക്കാന്‍ ശ്രമം നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആശുപത്രി കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ എത്തി പ്രശ്നത്തില്‍ ഇടപെട്ടു. വൈകിയാണെങ്കിലും ചടങ്ങുകള്‍ നടന്നു. സ്ഥലത്തെ റവന്യൂ മന്ത്രിയേയോ എംപിയേയോ എംഎല്‍എയോ സ്ഥലത്തെങ്ങും കണ്ടതുമില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വക കമന്റും വന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടു തിരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ നാടകമാണിതെന്നായിരുന്നു മുരളീധരന്റെ കണ്ടെത്തല്‍. കല്ലെടുക്കുന്ന കൊടുംകാറ്റാണ്. അതില്‍ കരിയിലയുടെ കഥ പറയാനുണ്ടോ എന്ന ശങ്കയിലാണ് സ്ഥാനാര്‍ത്ഥി. രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നു വയ്ക്കുന്നതാണ് പി.വി. അന്‍വറിന് സംശയമുണ്ടാക്കിയത്. ഇയാളുടെ ഡിഎന്‍എ നോക്കണമെന്ന ആവശ്യമാണ് ഒടുവില്‍ രംഗം കൊഴുപ്പിച്ചത്. കൂട്ടത്തില്‍ ദല്ലാളിന്റെ ആരോപണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: