കോഴിക്കോട്: വികസന അജണ്ടയാണ് കേരളത്തില്‍ എന്‍ഡിഎ മുന്നോട്ടു വച്ചിട്ടുള്ളതെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കോഴിക്കോട് പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷം നടന്ന ക്ഷേമ വികസന പ്രവര്‍ത്തനങ്ങളാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ വികസന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്ത എല്‍ഡിഎഫും കോണ്‍ഗ്രസും വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും നുണ പ്രചാരണം നടത്തുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല മികച്ച വിജയം നേടും. കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അടിയൊഴുക്കുകള്‍ ഭയന്നാണ് രാഹുല്‍ ഗാന്ധിയും പിണറായിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും നിരുത്തരവാദപരമായ രാഷ്ട്രീയം അണികളെ നിരാശയിലാഴ്ത്തി.
മോദിയുടേത് മുസ്ലിം വിരുദ്ധ സര്‍ക്കാരാണ് എന്ന രീതിയില്‍ വലിയ നുണ പ്രചാരണമാണ് നടക്കുന്നത്. പണ്ട് മന്മോഹന് സിങ്ങും രാഹുല്‍ ഗാന്ധിയും നടത്തിയ പ്രസംഗത്തിന് മറുപടിയാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും നല്‍കുമെന്നാണ് പറഞ്ഞത്. അല്ലാതെ മുസ്ലിങ്ങള്‍ എന്ന് പറഞ്ഞിട്ടില്ല. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്ലിങ്ങളാണെന്നാണ് മന്മോഹന് സിങ് പറഞ്ഞത്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് അങ്ങനെ പറയാന്‍ പാടുണ്ടോ എന്നാണ് മോദി ചോദിച്ചത്.
അര്‍ബന്‍ നക്സല്‍ ആശയമാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്നത് നുണയാണ്. മോദി ഒരുപാട് ആളുകള്‍ക്ക് പൗരത്വം നല്കി. പാകിസ്ഥാന്‍കാര്‍ക്ക് പോലും പൗരത്വം കൊടുത്ത സര്‍ക്കാരാണ് ഇത്. തീവ്രവാദവും അഴിമതിയും തുടച്ചു നീക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇലക്ട്രല്‍ ബോണ്ടിന്റെ കാര്യത്തിലും പൗരത്വത്തിന്റെ കാര്യത്തിലും വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്, സെക്രട്ടറി പി.എസ്. രാകേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: