പത്തനംതിട്ട : സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും താഴേയ്ക്ക്. 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ കുറഞ്ഞത് 1,120 രൂപയാണ്. ഒരു ഗ്രാമിന് 6,615 രൂപ ആയിരുന്നു ഇന്നലെ. തൊട്ടു മുന്‍ദിവസത്തെക്കാള്‍ 140 രൂപ കുറവ്. ഇന്നലെ പവന് 52,920 രൂപയായിരുന്നു വില. തിങ്കളാഴ്ച 54,040 ആയിരുന്നു വില. സ്വര്‍ണത്തിനു സര്‍വകാല റിക്കോര്‍ഡ് വില രേഖപ്പെടുത്തിയത് ഈ മാസം 19ന് ആയിരുന്നു, പവന് 54,520. പിന്നീടുള്ള നാലുദിനങ്ങളിലായി കുറഞ്ഞത് പവന് 1,600 രൂപയാണ്.
മധ്യപൗരസ്ത്യമേഖലയില്‍ യുദ്ധഭീതി ഒഴിയുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിക്ഷേപ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ലെന്ന വ്യക്തമായ സൂചന പുറത്തു വന്നതുമാണ് അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില 2,418 ഡോളറില്‍ നിന്ന് 2,295 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റേയും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഇസ്രയേല്‍ ഇറാനെതിരെ തുറന്ന യുദ്ധത്തില്‍ നിന്നു പിന്മാറിയതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി അകന്നത്. ഇനി മറിച്ചൊരു സാഹചര്യം സംജാതമാകുന്നില്ലെങ്കില്‍ സ്വര്‍ണവില രാജ്യാന്തര വിപണയിലും വരുംദിവസങ്ങളിലും താഴേക്കു പോകാനാണ് സാധ്യത. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ കേരളത്തില്‍ വില പവന് 50,000-53,000 രൂപ എന്ന നിലയില്‍ തുടര്‍ന്നേക്കും എന്ന സൂചനയാണ് വിപണി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: