സംന്യാസിക്ക് ലോകസംഗ്രഹം കരണീയമാണെന്നും പൂര്‍വസൂരികളായ ജനകാദികളും അതാണ് ചെയ്തിരുന്നതെന്നും മനസ്സി ലാക്കിയിരുന്ന നിയതാത്മാവായ ആ യുവയോഗി തീര്‍ത്ഥസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലും ജനവാസക്രേന്ദ്രങ്ങളിലും യാഗശാലകളുടെയും ബുദ്ധവിഹാരങ്ങളുടെയും സമീപപ്രദേശങ്ങളിലും തപോഭൂമികളിലും പര്യടനപ്രവചനങ്ങള് നടത്തി അദൈ്വതനിഷ്ഠമായ ധര്‍മ്മതത്ത്വങ്ങള്‍ സംശയഛേദകമായ രീതിയില്‍ വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. കൂടെത്തന്നെ അദൈ്വതസാധനയ്ക്കുവേണ്ട ആത്മബോധം, അപരോക്ഷാനുഭൂതി, വിവേകചൂഡാമണി തുടങ്ങിയ ചെറുതും വലുതുമായ മുപ്പതില്‍ കൂടുതല്‍ പ്രകൃഷ്ടങ്ങളായ പ്രകരണഗ്രന്ഥങ്ങളും (പഠനഗ്രന്ഥങ്ങളും) നിര്‍മ്മിച്ച് പ്രചരിപ്പിച്ചു.
തന്റെ ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും ഇമ്മാതിരി പ്രവര്‍ത്തനങ്ങളോടും അദൈ്വതദര്ശനത്തോടും വിയോജിപ്പുണ്ടായിരുന്ന മണ്ഡനമിശ്രന് തുടങ്ങിയ പ്രസിദ്ധ ആചാര്യന്മാരെ തേടിപ്പിടിച്ച് അവരുമായി സഹിഷ്ണുതയോടെ ശാസ്ത്രവാദം ചെയ്ത് അവരെ തന്റെ വാദഗതികളുടെ അധ്യഷ്യതയും പൂര്‍ണതയും ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും പരിജ്ഞാനത്തിലും പടുത്വത്തിലും ആകൃഷ്ടരായ അനേകം പരിണതപ്രജ്ഞന്മാരും പരിപക്വസത്ത്വന്മാരുമായ ആചാര്യന്മാര് അദ്ദേഹത്തിന്റെ സനാതനധര്മ്മസംസ്ഥാപനമെന്ന ദൗത്യത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിച്ച് നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. അവരില്‍ ചില ആചാര്യപാദര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായി. നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ പ്രചണ്ഡമായ ജീവശക്തിയുടെയും ജീവിതസന്ദേശത്തിന്റെയും ഒരംശം കൂടി അവരിലേക്കു പകര്‍ന്നു നല്‍കിയിരുന്നു. അവരെല്ലാം അദ്ദേഹം ഏറ്റെടുത്തിരുന്ന കര്‍ത്തവ്യകര്‍മ്മങ്ങളുടെ സാഫല്യത്തിനു പ്രയത്നിച്ചു. അങ്ങനെ അദൈ്വതവേദാന്തത്തിന്റെ പ്രാമാണികത്വം ചിന്താശീലരായ ജനങ്ങള്‍ക്കെല്ലാം ബോധ്യമായി. സനാതനധര്‍മ്മം ഉദ്ധരിക്കപ്പെട്ടു. എല്ലാ ജനങ്ങളും അതിന്റെ വഴിയേ വരാന്‍ പ്രേരിതരായി.
നേരേ ശിഷ്യന്മാര്
അദ്ദേഹത്തിന്റെ നേരേ ശിഷ്യന്മാര് സുരേശ്വരന്‍ (പൂര്‍വാശ്രമത്തില്‍ ബീഹാറുകാരനായ മണ്ഡനമിശ്രന്), പത്മപാദന് (കേരളീയനായ നീലകണ്ഠന്), ഹസ്താമലകന് (മഹാരാഷ്ട്രീയന്‍), ആനന്ദഗിരി (തോടകന്‍ കര്ണാടകക്കാരന്) എന്നീ മഹാത്മാക്കളായിരുന്നു.
അദൈ്വത വാദം
അക്കാലത്ത് ഹിന്ദുത്വത്തിന് അഭൂതപൂര്‍വമായ ഉത്കര്‍ഷം സംജാതമായി. അതിനു മുഖ്യമായ കാരണങ്ങള്‍ അദ്ദേഹം ഭാഷ്യങ്ങളില്‍ കൂടി കണ്ടെത്തിയ അദൈ്വതവാദത്തിന്റെ ദാര്‍ശനികവും വിശ്വാസ്യവുമായ അടിത്തറയായിരുന്നു. ജഗത്തിന്റെയും ജീവിതത്തിന്റെയും മൂല്യസത്യത്തെപ്പറ്റി ആധാരഭൂതമായ ചൈതന്യ ത്തെപ്പറ്റി അന്വേഷിക്കുകയാണ് എല്ലാ ദാര്‍ശനിക ചിന്തകളുടെയും അടിസ്ഥാനം. അത്തരം ഗഹനചിന്തകള്‍ക്കും തപഃസ്വാധ്യായ സമാധികള്‍ക്കും അവസാനം പ്രാചീന ഋഷീശ്വരന്മാര് കണ്ടെത്തിയ നിഗ മനങ്ങളാണ് വേദോപനിഷത്തുകളില്‍ അടക്കം ചെയ്തിട്ടുള്ളത്.
ശങ്കരാചാര്യര്‍ ആ നിഗമനങ്ങളെ സൂക്ഷ്മമായ അനുശീലനത്തിനു വിഷയമാക്കി അവയുടെ സാരസംക്ഷേപത്തെ പ്രത്യേകമായി എടുത്തു കാട്ടിയിട്ടുള്ളതിന്റെ പേരാണ് അദൈ്വതമെന്ന മൂന്നക്ഷരത്തില്‍ സംഗ്രഹിച്ചിട്ടുള്ളത്. ഈ ശബ്ദം അല്പം വികസിപ്പിച്ച് പഠിച്ചാല്‍ ഇതിന് ഇങ്ങനെ അര്‍ത്ഥം പറയാം. നമ്മുടെ ജീവിതത്തിലും വിശ്വബ്രഹ്മാണ്ഡത്തിലും ഒരേയൊരു ചൈതന്യം മാത്രമേ നിറഞ്ഞുനില്‍ക്കുന്നുള്ളൂ. ആ ചൈതന്യം അമേയവും എല്ലാ വിധത്തിലും അഗോചരവും ശക്തി (ബോധ) രൂപത്തിലുള്ളതും ലോകം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്നതും അനുഭൂതിമാത്ര വേദ്യവും ആനന്ദാത്മകവുമാണ്. സദാ മാറ്റങ്ങള്‍ക്ക് വിധേയമെന്നും നശ്വരമെന്നും ജഡമെന്നും പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപരിവര്‍ത്തിതമായി അവികാരിയായി എപ്പോഴും ഏകരൂപമായി ശാശ്വതമായി നിലകൊള്ളുന്ന പ്രപഞ്ചം അതിന്റെ സ്ഥൂലരൂപമാണ്. അതിന്റെ തന്നെ സൂക്ഷ്മരൂപമാണ് നമ്മുടെ ആത്മാവ്; അതുതന്നെ പ്രപഞ്ചാത്മാവും. അപ്പോള്‍ അതിന് ബ്രഹ്മം എന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍ അവ പര്യായങ്ങളാണെന്നും അറിയണം.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും സ്ഥാപകരും പോഷകരുമായ മൂന്നു മഹാമനീഷികള്‍ ‘എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: