കണ്ണൂര്‍: എല്‍ഡിഎഫും യുഡിഎഫും പലപ്പോഴായി പ്രതിനിധീകരിച്ച മണ്ഡലം, ജനസംഘ കാലം മുതല്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് ഏറെ വേരോട്ടമുളള മണ്ഡലം, സപ്ത ഭാഷാ സംഗമ ഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ഇക്കുറി തീപാറുന്ന ത്രികോണ പോരാട്ടമാണ് നടക്കുന്നത്.
സിറ്റിംഗ് എം പി കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനും സിപിഎമ്മിലെ എം.വി. ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി യുവരക്തവും കാസര്‍കോട്ടെ വോട്ടര്‍മാര്‍ക്ക് സുപരിചിതയുമായ എം.എല്‍. അശ്വിനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ മണ്ഡലത്തിലെ മത്സരചൂട് പുതിയൊരുതലത്തിലേക്ക് എത്തുകയായിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ, തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ പ്രവചനാതീതമായിരിക്കുകയാണ്.
ശക്തമായ ത്രികോണ മത്സരത്തിന്റെ അന്തരീക്ഷമാണ് മണ്ഡലത്തിലെങ്ങും. ഇടത് കോട്ടയെന്ന് സിപിഎമ്മും യുഡിഎഫിന്റെ സ്വാധീന മണ്ഡലമെന്ന് കോണ്‍ഗ്രസും വിശേഷിപ്പിക്കുന്ന കാസര്‍കോട് മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശുകയാണെന്ന് പ്രചാരണ രംഗം സാക്ഷ്യപ്പെടുത്തുന്നു. ഇടതും വലതും വര്‍ഷങ്ങളായി മാറി മാറി പ്രതിനിധീകരിച്ച മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പ് രംഗത്ത് മണ്ഡലത്തിലെങ്ങും ചര്‍ച്ചയാണ്.
ആതുരശുശ്രൂഷാ രംഗത്ത് ഒരു മെഡിക്കല്‍ കോളേജു പോലും ഇല്ലാത്ത ജില്ലയില്‍ ഇതിനുവേണ്ടി ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികള്‍ എന്തു ചെയ്തുവെന്ന ചോദ്യം നിലനില്‍ക്കുകയാണ്. ഇടതും വലതും മാറി മാറി ഭരിച്ച സംസ്ഥാനത്തെ വികസന കാര്യത്തില്‍ ഇന്നും ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലകളിലൊന്നായി കാസര്‍കോട് നിലകൊളളുകയാണ്. കഴിഞ്ഞ 5 വര്‍ഷക്കാലം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എംപി എന്ന ആരോപണം യുഡിഎഫിനെ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാക്കുകയാണ്.
എല്‍ഡിഎഫാകട്ടെ സംസ്ഥാനത്താകമാനം നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരത്തില്‍ പ്രചരണ രംഗത്ത് വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന സ്ഥിതിയാണ്. സാമൂഹ്യ
ക്ഷേമ പെന്ഷന് മുടങ്ങിയതും സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം മുടങ്ങിയതും ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎമ്മുകാരന് മരണപ്പെട്ടതും ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വീട്ടില്‍ വോട്ട് പദ്ധതിക്കിടെ കളളവോട്ടിന് നേതൃത്വം നല്‍കിയതുമെല്ലാം മണ്ഡലത്തില്‍ എല്‍ഡിഎഫിനെ പിടിച്ചുലക്കുകയാണ്. ഇതെല്ലാം കൊണ്ടു തന്നെ ഇടത്-വലത് മുന്നണികള്‍ ഏറെ ആശങ്കയിലാണ്.
വോട്ടിംഗില്‍ മണ്ഡലത്തിലുടനീളം ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇത് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും എടുത്തു കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി പ്രചരണം നടത്തുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളില്‍ ഏതെങ്കിലും ഒരു പദ്ധതിയുടെ ഗുണഭോക്താക്കളാണ് മണ്ഡലത്തിലെഭൂരിപക്ഷം ജനങ്ങളും എന്നത് മോദി ഭരണത്തിന്റെ നന്മകളെ പരിചയപ്പെടുത്താതെ തന്നെ വോട്ടര്‍മാര്‍ക്ക് അറിയുന്ന കാര്യമാണ്.
കൂടാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതല്‍ മണ്ഡലത്തിലുടനീളം ഓടി നടന്ന് വോട്ടര്‍മാരെ നേരില്‍ കണ്ടും അല്ലാതെയും തനിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രചരണങ്ങള്‍ വലിയ മുന്നേറ്റമാണ് എന്‍ഡിഎക്ക് മണ്ഡലത്തിലുണ്ടാക്കുകയെന്ന പ്രതീക്ഷയിലാണ് അശ്വിനി. പര്യടന പരിപാടികളിലെല്ലാം സിപിഎം-കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോലും വലിയ ജനക്കൂട്ടമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാണാനും പ്രസംഗം ശ്രവിക്കാനും എത്തിച്ചേരുന്നത്. ഇടത് ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരിയിലും പയ്യന്നൂരിലുമെല്ലാം വനിതാ വോട്ടര്മാര്ക്കിടയില
ടക്കം വര്‍ദ്ധിച്ച സ്വീകാര്യതയാണ് അശ്വിനിനേടിയെടുത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നതാണ് നിലവിലെ സാഹചര്യം.
മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നതെന്നും അത് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ വോട്ടായി മാറുമെന്ന് ഉറപ്പാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫും സീറ്റ് തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: