ആലപ്പുഴ: പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ താന്‍ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ശോഭ പറഞ്ഞു. ആലപ്പുഴയിൽ ഞാൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നത്.
ദല്ലാൾ നന്ദകുമാറിനെ തനിക്കെതിരെ ഒരുക്കി നിർത്തിയത് സിപിഎമ്മാണ്. മുമ്പ് കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും ഇത് പോലെ ഓഡിയോ ആരോപങ്ങളുണ്ടായിരുന്നു -ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അഖിലേന്ത്യതലത്തില്‍ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് ദല്ലാള്‍. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലവനാണെങ്കില്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാല് തല്ലിയൊടിക്കുമെന്ന് പിണറായിയുടെ ലോബി പറഞ്ഞതുകൊണ്ടാണ് നേതാവിനെ ബിജെപിയിൽ എത്തിക്കാനുള്ള ഉദ്യമത്തിൽ നിന്നും നന്ദകുമാർ പിന്മാറിയത്. ഈ നേതാവിന്റെ പേര് നന്ദകുമാർ പുറത്തുവിട്ടാൽ താൻ കൂടുതൽ കാര്യങ്ങൾ പറയാമെന്നും ശോഭ പറഞ്ഞു. തന്റെ സ്ഥലം വില്‍പ്പനയ്‌ക്ക് വെച്ച സമയത്താണ് ഇദ്ദേഹത്തെ കാണുന്നതെന്നും ശോഭ പറഞ്ഞു. പത്ത് ലക്ഷം രൂപ തരുകയും ഉടന്‍ തന്നെ സ്ഥലം കച്ചവടം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് ദല്ലാള്‍ നന്ദകുമാറെന്നും അവര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് തന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് പറഞ്ഞു. അനധികൃതമായി പൈസ വാങ്ങുകയാണെങ്കില്‍ അത് രഹസ്യമായിട്ടല്ലേ വാങ്ങുക.
ശോഭ സുരേന്ദ്രന്‍ ദല്ലാളിന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെങ്കില്‍ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കില്‍ എന്താണ് ഈ നാണംകെട്ടവന്‍ ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയണം. പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെക്കാന്‍ തയ്യാറാകും.- ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വിൽക്കാൻ തീരുമാനിച്ചത്.
ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞു. തൃശ്ശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം ശോഭ സുരേന്ദ്രനെ കാണാൻ രാമനിലയത്തിൽ ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് വന്നത്. ഏത് നേതാവാണ് അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത്. ദല്ലാള്‍ പറയണ്ടേയെന്നും ശോഭ ചോദിച്ചു. എന്തുകൊണ്ടാണ് ദല്‍ഹിലെ ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ ദല്ലാള്‍ നന്ദകുമാറും ഞങ്ങളുടെ അറിയപ്പെടുന്ന ലീഡറും ദല്ലാളിന് നാക്ക് പിഴച്ച് ദല്ലാള്‍ കിടുകിടാ വിറച്ച് ദല്ലാളിനെ ദല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാള്‍ മറുപടി പറയണം. ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലീഡറുടെ പേര് ഞാന്‍ പറയണോ. ഇല്ലെങ്കില്‍ ഇല്ലെന്ന് പറയട്ടെ.
ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ദല്ലാള്‍ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാള്‍ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കര്‍മാരില്‍ നിന്ന് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിച്ച പാര്‍ട്ടിയല്ല -ശോഭ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: