തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണമെന്നും സഞ്ജയ് കൗൾ കൂട്ടിച്ചേർത്തു.
ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ ഉയർന്ന പരാതിയിൽ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കർശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ വോട്ട് ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ മുന്നണികളും സജീവ പ്രയത്നത്തിലാണ്.
20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അതിൽ 25 പേർ സ്ത്രീകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും.
ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: