കൊല്ലം: രാഹുല്‍ഗാന്ധിക്കെതിരെ വയനാട്ടില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ ദേശീയ നേതാവ് ആനിരാജ ആവര്‍ത്തിച്ച് പറയുമ്പോഴും ഉറപ്പില്ലാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വയനാട്ടില്‍ സിപിഐ സ്ഥനാര്‍ത്ഥി വിജയിക്കുമോ എന്ന ചോദ്യത്തിന്, എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമുള്ള പ്രചാരണമാണ് നടത്തുന്നതെന്നായിരുന്നു മറുപടി. കൊല്ലം പ്രസ് ക്ലബ് മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിജയിക്കുമോ എന്ന് ആവര്‍ത്തിച്ചതോടെ, അത് ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ കോണ്‍ഗ്രസ് പോലും ഉയര്‍ത്തിക്കാണിക്കുന്നില്ല. പ്രധാനമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തികാട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഖര്ഗയെയാണ് ബോധ്യപ്പെടുത്തേണ്ടത്.
രാഹുലിന് ബുദ്ധികുറവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ ആശയഅടിത്തറ രാഹുല്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇതിനു കാരണം ബുദ്ധിയില്ലാത്ത കേരളത്തിലെ ചില നേതാക്കളാണ്. ഇത് മനസ്സിലാക്കാനുള്ള ബുദ്ധി രാഹുലിനുണ്ടായില്ല. അവസരവാദ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൂടാതെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളെല്ലാം പണം നല്‍കിയുള്ളതാണ്. എല്ലാം കണ്ണുപൊട്ടന്റെ മാങ്ങായേറ് പോലെയാണ്, അതിനാല്‍ ആശങ്കയില്ലെന്നും സിപിഐഎം വിശ്വസിക്കുന്നത് ജനങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫലങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ പൂരം നടത്തിപ്പിനിടെയുണ്ടായ പ്രശ്നങ്ങളില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിവാദ നടപടികള്‍ എടുപ്പിച്ചതിനു പിന്നില്‍ ആരെങ്കിലും ഉണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനുണ്ടായ വീഴ്ചയ്ക്ക് ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്വമില്ലേ, ഉദ്യോഗസ്ഥനു പിന്നില്‍ ആരെന്ന് വ്യക്തമാക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ തൃശ്ശൂര്‍ പൂരത്തെ കുറിച്ച് കൊല്ലത്ത് ഇത്രയും പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ബിനോയ് വിശ്വം വിഷയം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: