കറുപ്പും വെള്ളയും നിറഞ്ഞ 64 കളങ്ങളില്‍ കൂര്‍മബുദ്ധിയും ഏകാഗ്രതയും എതിരാളികളുടെ നീക്കം മുന്‍കൂട്ടി കണ്ട് മറുനീക്കം മെനയാനുമുള്ള കഴിവുമാണ് ഒരാളെ ഏറ്റവും മികച്ച ചെസ് കളിക്കാരനാക്കുന്നത്. ആ കഴിവ് ഏറ്റവും യുക്തിസഹമായി വിനിയോഗിച്ചാണ് ദൊമ്മരാജു ഗുകേഷ് എന്ന 17 വയസ്സുകാരന് ലോകത്തിലെ ഏറ്റവും മികച്ച എട്ട് ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ മാരുരച്ച കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയത്. കാന്‍ഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഫിഡേ റേറ്റിങ്ങില്‍ ഗുകേഷിനേക്കാള്‍ മുന്നിലുള്ളവരായിരുന്നു. ഗുകേഷിനെ കൂടാതെ രണ്ട് ഭാരതതാരങ്ങള്‍ കൂടി മത്സരിച്ചു. ഇവരില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് ആര്. പ്രജ്ഞാനന്ദയ്ക്കായിരുന്നു. എന്നാല്‍ ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാനിരുന്നപ്പോള്‍ ഗുകേഷ് തന്റെ എതിരാളിയുടെ റാങ്കിങ് അല്ല നോക്കിയത്, മറിച്ച് എതിരാളിയെ എങ്ങനെ പരാജയപ്പെടുത്താം എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 14 റൗണ്ട് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ഗുകേഷ് തോല്‍വി രുചിച്ചത്. അഞ്ച് കളികളില്‍ ജയിച്ചപ്പോള്‍ എട്ട് കളികള്‍ സമനിലയില്‍ പിരിഞ്ഞു. ഏഴാം റൗണ്ടില്‍ അലിറെസെയോടാണ് ടൂര്‍ണമെന്റിലെ ഗുകേഷിന്റെ ഏക തോല്‍വി. പതിനാലാം റൗണ്ട് പോരാട്ടത്തില്‍ ഫിഡെ റാങ്കിങ്ങില്‍ മൂന്നാമനായ ഹികാരു നകാമുറയെ 71 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിടിച്ചാണ് ഗുകേഷ് ഭാരത കായിക രംഗത്ത് ചരിത്രം കുറിച്ചത്. 14 കളികളില്‍ നിന്ന് ഒന്‍പത് പോയിന്റാണ് ഗുകേഷ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഗുകേഷിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും പോരാട്ടം സമനിലയില്‍ കലാശിച്ചു.
2014ല്‍ വിശ്വനാഥന് ആനന്ദ് ജേതാവായ ശേഷം കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഭാരതീയനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. റഷ്യയുടെ യാന്‍ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം 109 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് നേട്ടമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കര്‍ ആവശ്യമായി വരുമായിരുന്നു. എന്നാല്‍ ഈ നിര്‍ണായക പോരാട്ടം സമനിലയില്‍ പിരിഞ്ഞതോടെ ഗുകേഷ് കിരീടമുയര്‍ത്തുകയായിരുന്നു.
2006 മെയ് 29ന് ചെന്നൈയിലാണ് ഗുകേഷിന്റെ ജനനം. ഇഎന്‍ടി സര്‍ജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനാണ്. സ്കൂളിലെ ചെസ് പരിശീലകനായ ഭാസ്കറാണ് ഏഴാം വയസ്സില്‍ ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ച് ആറാം മാസത്തില്‍ തന്നെ ഗുകേഷ് ഫിഡെ റേറ്റിങ്ങുള്ള താരമായി വളര്‍ന്നു.
2015 ലെ ഏഷ്യന്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതുവയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും 2018ലെ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പന്ത്രണ്ടുവയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 2018-ലെ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടര്‍ 12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടര്‍ 12 വ്യക്തിഗത ക്ലാസിക്കല്‍ ഫോര്‍മാറ്റുകള്‍ എന്നിവയിലും അദ്ദേഹം അഞ്ച് സ്വര്‍ണ്ണ മെഡലുകള്‍ നേടി. 2018 മാര്‍ച്ചില്‍ 34-ാമത് കാപ്പെല്ലെ-ലാ-ഗ്രാന്‍ഡെ ഓപ്പണില്‍ ഗുകേഷ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കി. 2019 ജനുവരി 15ന് ഭാരതത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററാകുമ്പോള്‍ ഗുകേഷിന്റെ പ്രായം 12 വയസ്സും ഏഴു മാസവും 17 ദിവസവുമായിരുന്നു. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന റഷ്യന്‍ താരം സെര്‍ജി കര്യാക്കിന്റെ റിക്കോര്‍ഡ് മറികടക്കാനുള്ള അവസരം നഷ്ടമായത് 17 ദിവസത്തെ മാത്രം വ്യത്യാസത്തിലായിരുന്നു.
പിന്നീട് ഗുകേഷിന്റെ കുതിപ്പ് അതിവേഗമായിരുന്നു. ചെസ് ഒളിംപ്യാഡില്‍ ഭാരത ബി ടീമംഗമായിരുന്ന ഗുകേഷ് അട്ടിമറിച്ചവരില്‍ ചെസ് ബോര്‍ഡിലെ തീപ്പൊരി എന്നറിയപ്പെടുന്ന സ്പെയിനിന്റെ അലക്സി ഷിറോവ്, അര്‍മീനിയന്‍ താരം ഗബ്രിയേല്‍ സര്‍ഗീസന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ വരെയുണ്ടായിരുന്നു. അഞ്ചാം റൗണ്ടിലെ വിജയം കഴിഞ്ഞതോടെ വിശ്വനാഥന് ആനന്ദിനും പി. ഹരികൃഷ്ണയ്ക്കും പിന്നാലെ ഏറ്റവും റേറ്റിങ്ങുള്ള മൂന്നാമത്തെ ഭാരത താരവുമായി ഗുകേഷ്. കഴിഞ്ഞ വര്‍ഷം നടന്ന ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ താരം ഭാരതത്തിനായി വെള്ളി മെഡലും നേടി ചെസ് കളിയിലെ ഈ ജീനിയസ്. നിലവില്‍ ഫിഡേ റാങ്കിങ്ങില്‍ 16-ാം സ്ഥാനത്താണ് ദൊമ്മരാജു ഗുകേഷ്.
ഇനി ചെസ് ലോക ചാമ്പ്യന്‍പട്ടത്തിനുള്ള പോരാട്ടത്തിനായി ഗുകേഷിന് ഒരുങ്ങാം. ലോക ചാമ്പ്യന്‍ഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറന് ആണ് ഗുകേഷിന്റെ എതിരാളി. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: