ടെല്‍അവീവ്: ഇറാന് നടത്തിയ ആക്രമണത്തില്‍ വന്‍ തിരിച്ചടിക്കാണ് ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, യുദ്ധം ഒഴിവാക്കാനായി ഇസ്രായേല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെഹ്റാനിലുള്‍പ്പെടെ ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ഇസ്രായേലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തരത്തില്‍ വിനാശകരമായ ഒരു ആക്രമണം ഇറാന് ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പ്രത്യാക്രമണം അത്രമേല്‍ ശക്തമാകും. ഇത് മധ്യപൂര്‍വ ദേശത്ത് വലിയ പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകും. യുദ്ധ സമാനസാഹചര്യമാകും വന്നുചേരുക. ഇതൊക്കെ മുന്നില്‍ കണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടന്, ജര്‍മനി
എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. തുടര്‍ന്നാണ് പരിമിതമായ രീതിയില്‍ വന്നാശനഷ്ടങ്ങളുണ്ടാക്കാതെയുള്ള തിരിച്ചടി നല്കാന് തിരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്രായേല്‍ ചെറിയ മിസൈലുകളാണ് ഇറാനില്‍ വര്‍ഷിച്ചത്. ഒപ്പം ചെറു ഡ്രോണുകളും. ഇറാന്റെ വ്യോമ പ്രതിരോധ സേനയെ ആശയക്കുവപ്പത്തിലാക്കാണ് ഇങ്ങനെ ചെയ്തതെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണം തടയാന്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. അഹറോണ് ഹാലിവയാണ് രജിവച്ചത്. ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജി വച്ച ഇസ്രായേലിലെ ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഹാലിവ. ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണമുണ്ടായതിന് പിന്നാലെ, ആക്രമണം തടയാന്‍ കഴിയാഞ്ഞതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി ഹാലിവ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: