ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം. പാവപ്പെട്ട രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചകളായി ഇതാണ് അവസ്ഥ. ജില്ലയുടെ ദുരപ്രദേശങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. ഡോക്ടര്‍മാര്‍ എഴുതി കൊടുക്കുന്ന മരുന്ന് വാങ്ങാന്‍ മണിക്കൂറുകള്‍ വരിനിന്ന് കൗണ്ടറില്‍ എത്തുമ്പോഴാണ് ഫാര്‍മസിയില്‍ മരുന്ന് ഇല്ലെന്ന് അറിയുന്നത്. പുറമെ നിന്ന് വന്‍വില നല്കി മരുന്ന് വാങ്ങേണ്ട ഗതികേടാണുള്ളത്.
മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയ്ക്കുള്പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം. ഇന്‍സുലിന്‍, മെറ്റ്ഫോര്‍മിന്‍, ഡൈക്ലോഫെനാക്, അസൈക്ലോഫെനാക് തുടങ്ങിയവയ്ക്കും കടുത്ത ക്ഷാമമാണെന്ന് അേധികൃതര് വ്യക്തമാക്കുന്നു. ഇല്ലാത്ത മരുന്നുകളുടെ പട്ടിക നേരത്തേ ഡിഎംഒയ്ക്കു കൈമാറിയിരുന്നു. കെഎംഎസ്സിഎല് വിതരണത്തിനു നല്‍കിയില്ലെന്നാണു പരാതി. ജീവിതശൈലീരോഗത്തിനുള്ള മരുന്നുകള്‍ക്കും ക്ഷാമമുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡ് ഇതുവരെ ജില്ലയ്ക്കു നല്‍കാത്തതാണ് ക്ഷാമത്തിനു കാരണം.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ മരുന്നെത്തിച്ചിരുന്നതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചവ മുഴുവനും കിട്ടാത്ത ആശുപത്രികളും ഇപ്പോഴുണ്ട്. ചില യിടങ്ങളില്‍ 30 ഇനം മരുന്നുകള്‍വരെ കഴിഞ്ഞവര്‍ഷത്തേതു കിട്ടാനുണ്ട്. പലയിടത്തും പ്രാദേശികമായി വാങ്ങിയാണ് പ്രശ്നം പരിഹരിച്ചിരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന ദുരവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: