ലണ്ടൻ: ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.
ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.
ഹരിയേട്ടന്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ശ്രീ വാസുദേവൻ നമ്പൂതിരി വിഷു പൂജയ്‌ക്ക് നേതൃത്വം നൽകും. ശ്രീ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടൻറെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികൾക്ക് തുടക്കം കുറിക്കും.
ഹരിയേട്ടന്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം മുതലായവർ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ മുതലായവർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് “മയിൽപീലി”, മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് ഏപ്രിൽ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.
ഹരിയേട്ടനുമായുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും “ഓർമ്മകളിൽ ഹരിയേട്ടൻ” എന്ന പേരിൽ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്‌ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
പ്രതികരിക്കാൻ ഇവിടെ എഴുതുക: