ന്യൂദല്‍ഹി: അംബുജ സിമന്റ്സിന്റെ ഉല്‍പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 8339 കോടി കൂടി മുടക്കി അദാനി. ഇതോടെ അംബുജ സിമന്‍റ്സിലെ അദാനിയുടെ ഓഹരി പങ്കാളിത്ത് 70.3 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴത്തെ പുതിയ നിക്ഷേപത്തിനര്‍ത്ഥം സിമന്‍റ് നിര്‍മ്മാണ രംഗത്ത് അദാനി ഉറച്ചുനില്‍ക്കുന്നു എന്ന് തന്നെയാണ്.
അംബുജ സിമന്റ്സിന്റെ ഉല്‍പാദനം 2028ഓടെ 14 കോടി ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ ഉല്‍പാദനശേഷി 7.6 കോടി ടണ്‍ ആണ്. ഇതുവഴി ഇന്ത്യയിലെ സിമന്‍റ് വിപണിയുടെ അഞ്ചില്‍ ഒന്ന് സ്വന്തമാക്കുകയാണ് ലക്ഷ്യം.
2022 ഒക്ടോബര്‍ 18ന് അദാനി ഏകദേശം 5000 കോടി രൂപ അംബുജ സിമന്‍റ്സില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് 2024 മാര്‍ച്ച് 28ന് 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 8339 കോടിയുടെ നിക്ഷേപം ഇറക്കിയത്. എല്ലാം കൂടി ഏകദേശം 20,000 കോടി രൂപയോളം നിക്ഷേപിച്ചു കഴിഞ്ഞു.
2022ലാണ് അദാനി സിമന്‍റ് മേഖലയിലേക്ക് കടന്നത്. അന്ന് സ്വിസ് കമ്പനിയായ ഹോല്‍സിമില്‍ നിന്നും 78761 കോടി രൂപ നിക്ഷേപിച്ച് എസിസി, അംബുജ എന്ന സിമന്‍റ് കമ്പനികള്‍ വാങ്ങുകയായിരുന്നു. വിതരണശൃംഖലയും അസംസ്കൃത വിഭവശേഖരണവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശവും ഉണ്ട്. സിമന്‍റ് നിര്‍മ്മാണത്തിന് ആവശ്യമായ ഫ്ലൈ ആഷും ലൈം സ്റ്റോണും കുറഞ്ഞ ചെലവില്‍ സമാഹരിക്കാനുള്ള കരാറില്‍ അദാനി ഏര്‍പ്പെട്ടിട്ടുണ്ട്. പുതിയ സാങ്കേതിവിദ്യ കൊണ്ടുവന്ന് ഉല്‍പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടെന്ന് അംബുജ സിമന്‍റ്സ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക