കേരള പോലീസിന്റെ മികവിലൊന്നും ആര്‍ക്കും സംശയമില്ല മിടുക്കന്മാര്‍. പക്ഷേ മനോരമയുടെ തള്ളിമറിക്കല്‍ കാണുമ്പോള്‍ ആ പോലീസുകാര്‍ക്ക് പോലും നാണം തോന്നിപ്പോകും. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ 15 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത് മികവ് തന്നെയാണ് . എന്നാല്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുപ്രസിദ്ധനായ കള്ളനെ ശരിക്കും പിടികൂടിയത് ഉടുപ്പി പോലീസാണ്.
കേരള പോലീസ് മോഷണം നടന്നതറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തുകയും കൃത്യമായ വിവരം ഉടുപ്പി പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. അത് നിര്‍ണായകമായ നീക്കം തന്നെയാണ്. കേരള പൊലീസിന്‌റെ കാര്യത്തില്‍ നല്ലൊരു ഏകോപനമുണ്ടായി. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്നടക്കം ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ഉടുപ്പി പോലീസിനു കൈമാറുകയും ചെയ്തു. മോഷണം നടന്ന സമയത്ത് ആ പ്രദേശത്തുണ്ടായിരുന്ന ഫോണ്‍ വിവരങ്ങളും നല്‍കി. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള കാറില്‍ അധ്യക്ഷ് , ജില്ലാ പഞ്ചായത്ത് എന്ന് ബോര്‍ഡ് വച്ചിരുന്നുവെന്ന വിവരവും അറിയിച്ചു. ശരിക്കും ഒരു ഇന്‍ഫോര്‍മറുടെ റോള്‍ കേരള പൊലീസ് ഭംഗിയായി നിര്‍വഹിച്ചു. ഈ വിവരങ്ങള്‍ വച്ചാണ് മംഗലാപുരം ഉഡുപ്പി മേഖലയില്‍ അവിടുത്തെ പോലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചത്. വാഹനം കണ്ടെത്തുകയും മുഹമ്മദ് ഇര്‍ഫാനെ സാഹസികമായി പിടികൂടുകയും ചെയ്തു. തൊണ്ടിമുതലും കണ്ടെടുക്കാനായി.
സമീപകാലത്ത് കുറ്റാന്വേഷണത്തിലുണ്ടായ വലിയ നേട്ടമാണ് ഈ മോഷ്ടാവിന്‌റെ അറസ്റ്റ്. എന്നാല്‍ കേരള പോലീസിനെ വാഴ്‌ത്തുന്നതിനൊപ്പം പ്രതിയെ പിടിച്ച ഉടുപ്പി പോലീസിനെ മറന്നുപോകരുത്. സംവിധായകന്‍ ജോഷിയുടെ ഇന്റര്‍വ്യൂവിലും കേരള പോലീസിന് മാത്രം ബിഗ് സല്യൂട്ട് എന്ന പ്രതീതി ജനിപ്പിക്കാന്‍ മനോരമ ബോധപൂര്‍വം ശ്രമിക്കുന്നു. മനോരമയുടെ തനതായ കച്ചവട താല്‍പര്യം വച്ച് ചിലരെ സുഖിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അര്‍ദ്ധ സത്യങ്ങള്‍ ആഘോഷിക്കപ്പെടരുത്.
തള്ളി മറിക്കുമ്പോള്‍ അല്പം മിതത്വം വായനക്കാരന്‍ ആഗ്രഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: