തൃശൂര്‍പൂരം കേരള പോലീസ് അലങ്കോലമാക്കിയ നടപടി കേരളത്തിലെ മുഴുവന്‍ ഹിന്ദു ഭക്തരെ മാത്രമല്ല മറ്റു മതവിശ്വാസികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നൂറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലാതെ നടന്നു പോയിക്കൊണ്ടിരിക്കുന്ന പൂരം ഭാരതത്തിലെ എന്നല്ല, ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക ഉത്സവം എന്ന നിലയില്‍ കീര്‍ത്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഹൈന്ദവ ഉത്സവത്തിന്റെ എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും അതേപടി പാലിക്കുന്ന പൂരം ചടങ്ങുകള്‍ക്ക് അണുവിട വ്യത്യാസമില്ലാതെയാണ് ക്ഷേത്ര ഭാരവാഹികളും ഭക്തരും അത് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഭാരതത്തില്‍ എവിടെയും കാണാന്‍ കഴിയാത്ത വൈവിധ്യമാര്‍ന്ന മേളങ്ങളും കുടമാറ്റത്തിന്റെ വര്‍ണ്ണവൈവിധ്യം പേറുന്ന മനോഹരമായ മത്സരക്കാഴ്ചകളും ഒക്കെ തന്നെ മറ്റെവിടെയും കാണാനാവില്ല പക്ഷേ ഇത്തവണ പോലീസ് പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കൈവച്ചു. ഹൈക്കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയില്‍ ഷൂ ധരിച്ചുകയറി അനാദരവ് കാട്ടി. കോടതി വിധിയുടെ ലംഘനം ആയതുകൊണ്ട് ആ അനാദരവ് ഭക്തരോടുള്ളതിനേക്കാള്‍ കൂടുതല്‍ ഹൈക്കോടതിയോടാണ്. ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന പോലീസിനെയും പിണറായി ഭരണകൂടത്തെയും നേര്‍വഴിക്ക് നടത്താന്‍ കഴിയുമെങ്കില്‍ അത് കോടതി നോക്കട്ടെ.
ഇവിടുത്തെ പ്രധാന പ്രശ്നം പൂരത്തിലെ പോലീസ് നടപടിയും ഇരട്ടത്താപ്പുമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തുടങ്ങിയതാണ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹൈന്ദവക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനും തള്ളിപ്പറയാനും അവമതിപ്പ് സൃഷ്ടിക്കാനും പിണറായി വിജയനും ദേവസ്വം മന്ത്രിമാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് യാതൊരു മര്യാദയും മാന്യതയും ഇല്ല. ശബരിമല പ്രശ്നത്തില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന് കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നത് പിണറായി വിജയന്റെയും അദ്ദേഹത്തിന് ശിങ്കിടി പാടുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടായിരുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും വിശ്വകര്‍മ്മസഭയും പുലയര്‍ മഹാസഭയും അടക്കം കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹവും ജാതി വ്യത്യാസമില്ലാതെ അണിനിരന്നപ്പോള്‍ അതിനെ ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മുന്‍കൈയെടുത്താണ് നവോത്ഥാനമതിലിന് ആഹ്വാനം ചെയ്തത്. കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ പലയിടത്തും മുറിഞ്ഞെങ്കിലും നവോത്ഥാനമതില്‍ കെട്ടിയെന്ന് മുഖ്യമന്ത്രി അഹംഭാവത്തിന്റെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. ഹിന്ദു സമൂഹത്തിന് ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ പുത്തരിയല്ല. ഹിരണ്യകശിപുവും നരകാസുരനും എന്തിനേറെ രാവണന് വരെയുള്ള അസുരജന്മങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യ പ്രകടനങ്ങള്‍ ഹിന്ദു സമൂഹം പലതവണ കണ്ടതാണ്. അവിടെ ധര്‍മ്മാനുസൃതമായി ജീവിക്കാനും ഈശ്വര വചനം നടത്താനും ഈശ്വരോന്മുഖമായി ജീവിക്കാനുമാണ് ഹിന്ദു സമൂഹത്തെ അതിന്റെ പുരാണങ്ങള്‍ പഠിപ്പിച്ചത്. ഒപ്പം ധര്‍മ്മരക്ഷയ്ക്കായി പോരാടാനും താന്‍ പാതി ദൈവം പാതി എന്ന നിലപാട് എടുക്കാനുമുള്ള സദ് ബുദ്ധി ഈ സമൂഹത്തിന് നല്‍കിയത് കാലാതീതമായ പ്രപഞ്ചവിന്യാസം മനോമുകരത്തില്‍ ദര്‍ശിക്കുന്ന ഋഷീശ്വരന്മാരാണ്. പിണറായിയുടെ കാര്യത്തിലും ഇത് വ്യക്തമാണ്. നരസിംഹമൂര്‍ത്തിയെ പോലെ നഖം കൊണ്ട് കുടല്‍മാല പുറത്തടുത്ത അവതാരങ്ങള്‍ ഒന്നും വരാത്തത് അതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ്. പക്ഷേ ശബരിമലയില്‍ കയറി കളിച്ചതിനു ശേഷം ഇന്നുവരെ മുഖ്യമന്ത്രി പിണറായി വിജയന് മനസ്സമാധാനം ഉണ്ടായിട്ടില്ല എന്ന കാര്യം മറക്കരുത്. ഡാറ്റാ കച്ചവടം മുതല്‍ മാസപ്പടി വരെ ക്ലിഫ് ഹൗസില്‍ സമാധാനം എന്ന സംഭവം ഇല്ലാതായ കാര്യം ഓര്‍ക്കാതിരിക്കരുത്.
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ഒരു പടി കൂടി കടന്നിരിക്കുന്നു. കളി സാക്ഷാല്‍ വടക്കുന്നാഥനോടാണ്. ജഗന്നാഥനായ ജടാഭൂഷിതനായ സംഹാരമൂര്‍ത്തിയായ നന്തുണിയിലും പദചലനത്തിലും പ്രപഞ്ച താളം നിയന്ത്രിക്കുന്ന നടരാജമൂര്‍ത്തിയായ വടക്കുന്നാഥനോട്.
ഇത്തവണ തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിതമായ ശ്രമം നേരത്തെ തന്നെ തുടങ്ങിയതാണ്. ആനയെ എഴുന്നള്ളിപ്പിക്കലിനും ഭക്തജനങ്ങള്‍ കൂടുന്നതിനും എതിരെ ഇറക്കിയ തിട്ടൂരങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് കണ്ടപ്പോഴാണ് പിന്‍വാങ്ങിയത്, പിന്‍വലിച്ചത്. എന്നാല്‍ അതിനുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് പോലീസ് ശ്രമിച്ചത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമോ സമ്മതമോ മൗനസമ്മതമോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഒരാളും കരുതുന്നില്ല. വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയില്‍ ഷൂ ഇട്ടു നടന്നു കയറാന്‍, ക്ഷേത്ര സ്ഥാനത്തിന്റെ പവിത്രത ഭജ്ഞിക്കാന്‍ ധൈര്യം ഉണ്ടായതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വൈകുന്നേരം നടന്ന കുടമാറ്റം പലരെയും അസ്വസ്ഥരാക്കി എന്നത് സത്യമാണ്. ഭാരതത്തിന്റെ ഹൃദയ വികാരമായി മാറിയ അയോധ്യയിലെ ബാലകരാമന് കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചതും അമ്പെയ്ത് മുന്നേറുന്ന ധര്‍മ്മ പ്രതീകമായ ശ്രീരാമന് മറുഭാഗത്ത് വന്നതും ജനങ്ങള്‍ അത് കണ്ട് ഹര്‍ഷാരവം മുഴക്കിയതും ഭാരതം മുഴുവന്‍ ഒരേപോലെ മുഴങ്ങുന്ന ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിറയുന്ന രാമചൈതന്യത്തിന്റെ പ്രവാഹമാണ് എന്ന കാര്യം തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. ഇത് തടയാന്‍ കഴിയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഒരുപക്ഷേ നല്കിയ ശാസനയുടെ ഫലമായിരിക്കും പിന്നീട് പോലീസ് നടത്തിയ കളി.
തൃശൂര്‍ പൂരത്തിലെ ഏറ്റവും അത്യാകര്‍ഷകമായ ഇനമാണ് രാത്രി പൂരം. തീവെട്ടികളുടെ വെളിച്ചത്തില്‍ നിരന്നുനില്ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍ക്ക് മുന്നില്‍ നടക്കുന്ന തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും പഞ്ചവാദ്യം പൂരം അറിയുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും ഒരേപോലെ ഹൃദയ ആകര്‍ഷകമാണ്. അത് കാണാന്‍ എത്തിയവര്‍ രാത്രി 10 മണിക്ക് കണ്ടത് ബാരിക്കേഡ് വച്ച് കെട്ടിയടച്ച നഗര ഹൃദയമാണ് തേക്കിന് കാട്മൈതാനം. സ്വരാജ് റൗണ്ട് തുടങ്ങി നഗര ഹൃദയത്തിലേക്ക് ഭക്തരുടെ പ്രവേശനം നിഷേധിച്ചു. പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന രാത്രിയിലെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് പോലീസ് തടഞ്ഞുവച്ചു. ഇതിനെ ചോദ്യം ചെയ്ത ജനക്കൂട്ടത്തിന് നേരെയാണ് പോലീസ് ലാത്തി വീശിയത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ തടയാന്‍ പോലീസിന് അനുവാദം നല്‍കിയത് ആരാണ്? ജില്ലാ മജിസ്ട്രേറ്റിന്റെയോ കോടതിയുടെയോ ഉത്തരവോ പരാമര്‍ശമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ. ഇതേ തുടര്‍ന്നാണ് തൃശൂര്‍ നഗരത്തില്‍ ഉടനീളം പാതിരാത്രി മുതല്‍ പോലീസ് ഗോബാക്ക് വിളി ഉയര്‍ന്നത്.
വെള്ളിയാഴ്ച പൂരം നാള് രാവിലെ വടക്കുന്നാഥനെ കണികാണിക്കാന്‍ എഴുന്നള്ളുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായില്ല. ശാസ്താവിന്റെ എഴുന്നള്ളിപ്പ് ഗതാഗതക്കുരുക്കില്‍ പെട്ടു. തുടര്‍ന്ന് തൃശൂര്‍ പോലീസിലെ ബുദ്ധിമാന്മാര് ചെയ്തത് ശാസ്താവ് നൂറ്റാണ്ടുകളായി വടക്കുന്നാഥനിലേക്ക് പ്രവേശിക്കുന്ന വഴി ബാരിക്കേഡു കെട്ടി അടയ്ക്കുക എന്നതായിരുന്നു. ക്ഷേത്ര ഭാരവാഹികളും ഭക്തസമൂഹവും ബഹളവുമായി എത്തിയപ്പോഴാണ് ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ പാത തുറന്നു നല്കിയതു തന്നെ. ഇലഞ്ഞിത്തറ മേളത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടായി. മേളം നടക്കുമ്പോള്‍ വടക്കുന്നാഥന്റെ മേല്‍ശാന്തിയെ പോലീസ് തടഞ്ഞുവച്ചു ആനകള്‍ക്ക് പനയോലപ്പട്ടയുമായി ക്ഷേത്രവളപ്പില്‍ കടക്കാന്‍ വന്നവരെയും പോലീസ് തടഞ്ഞു തുരത്തി വിട്ടു. ഇലഞ്ഞിത്തറമേളം നടക്കുമ്പോള്‍ മിക്ക പോലീസുകാരും മാത്രമല്ല പോലീസ് അകമ്പടിയോടെ വന്ന ചില പ്രമുഖ വ്യക്തികളും ചെരിപ്പിട്ടാണ് അവിടെ എത്തിയത്. അവിടെ നടക്കുന്നത് വെറും ചെണ്ടമേളം അല്ല അത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ മേളമാണ്. ആ മേളത്തില്‍ ക്ഷേത്ര വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള ബാധ്യത പരിപാലിക്കാനാവില്ലയെങ്കില്‍ പോലീസ് അവിടേക്ക് കടക്കരുത്. അവിടെ പോലീസിന്റെ സംരക്ഷണം ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഹിന്ദുസമൂഹം ക്ഷേത്രോത്സവ സമിതികളില്‍ ഉണ്ട്.
കഴിഞ്ഞില്ല, തിരുവമ്പാടിയുടെ വെടിക്കെട്ട് നടക്കുന്ന ഭാഗത്തേക്ക് പൂര കമ്മിറ്റിക്കാരെയും സംഘാടകരെയും കടത്തിവിട്ടില്ല. രാത്രി നാലുമണിക്ക് നടക്കുന്ന വെടിക്കെട്ടിനു വേണ്ടി സാധാരണയായി രണ്ടുമണിക്ക് മാത്രമാണ് ജനങ്ങളെ എതിര്‍ഭാഗത്തേക്ക് ഒഴിപ്പിക്കുക. തിരുവമ്പാടിയുടെ വെടിക്കെട്ട് നടക്കുമ്പോള്‍ പാറമേക്കാവിന്റെ ഭാഗത്തും പാറമേക്കാവിന്റേത് നടക്കുമ്പോള്‍ തിരുവമ്പാടിയുടെ ഭാഗത്തേക്കും ആള്‍ക്കാരെ മാറ്റി യാതൊരു അവസരവും ഇല്ലാതെ ദശാബ്ദങ്ങളായി നടക്കുന്ന പൂര ആഘോഷത്തെയാണ് പോലീസ് അട്ടിമറിച്ചത്. രാത്രി മുഴുവന്‍ നഗരത്തിലേക്ക് പ്രവേശനം ഇല്ലാതെ എല്ലാ വഴികളും അടച്ച പോലീസ് വെടിക്കെട്ട് കാണാനുള്ള അവസരം പോലും നല്‍കിയില്ല. രാത്രി വൈകി സുരേഷ് ഗോപി അടക്കമുള്ള സ്ഥാനാര്‍ത്ഥികളും മന്ത്രിയും കളക്ടറുംഒക്കെ വന്നപ്പോഴാണ് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് രാവിലെ 7.15 ന് നടത്താന്‍ തീരുമാനിച്ചത് തന്നെ. നേരം പുലര്‍ന്ന് ആറുമണിക്കാണ് തൃശൂര്‍ പൂരം കൈകാര്യം ചെയ്തു പഴക്കവും തഴക്കവും ഉള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കഴിഞ്ഞവര്‍ഷം സംഘര്‍ഷം ഉണ്ടാക്കിയ വരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് മനപ്പൂര്‍വ്വം അല്ലെന്ന് പറയാന്‍ കഴിയുമോ. പോലീസ് സ്വന്തം കടമയും അധികാരവും മറികടന്ന് ഇന്നും കേരളത്തിലെ ഭൂരിപക്ഷ സമൂഹമായ ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അടുത്തിടെ നടന്ന ഓരോ സംഭവങ്ങളും ഇത് വ്യക്തമാക്കുന്നതും ആണ്.
കേരളത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും പത്തിരുപത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇസ്ലാമിക ഭൂരിപക്ഷം ആക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറഞ്ഞത് വെറും സിപിഎം നേതാവല്ല കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന് ആണ്. വ്യക്തമായ ഇന്റലിജന്‍സ് രേഖകള്‍ ഇല്ലാതെ വെറും വാക്ക് അച്യുതാനന്ദന് പറയുമോ എന്ന കാര്യത്തില്‍ പിണറായിക്ക് മാത്രമേ സംശയമുള്ളൂ. എകെജിയുടെ കുടുംബത്തില്‍ പോലും പെണ്‍കുട്ടിയെ കൊണ്ടുപോയി പര്‍ദ്ദയിട്ട് ഇസ്ലാമാക്കിയത് കേരളം കണ്ടു. എന്നിട്ടും കേരള സ്റ്റോറിക്കെതിരെ പ്രതികരിച്ചത് മുഖ്യമന്ത്രിയും സിപിഎമ്മും ആണ്. കേരളത്തിലെ ജിഹാദികള്‍ക്ക് അടിമപ്പെടാത്ത മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിപിഎമ്മിന്റെ അടിമകള്‍ അല്ലാത്ത ഹിന്ദുക്കളും ഇന്ന് തിരിച്ചറിവിലാണ്. ഇന്ന് ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ക്കു നേരെയും ആചാരാനുഷ്ഠാനങ്ങള്ക്കുനേരെയും കൈ ഉയര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും പോലീസും നാളെ മറ്റുള്ളവരുടെ വിശ്വാസങ്ങളിലും കൈകടത്തും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്നലെ ശബരിമലയ്ക്ക് നേരെ നടന്നത് തന്നെയാണ് ഇന്ന് തൃശൂരില്‍ നടന്നത്. തൃശൂര്‍ എന്ന ജില്ലയുടെ സമ്പദ് വ്യവസ്ഥ തന്നെ ക്ഷേത്രാധിഷ്ഠിതമാണ്. ഗുരുവായൂരപ്പനും വടക്കുന്നാഥനും തൃപ്രയാര്‍ അപ്പനും ആറാട്ടുപുഴത്തേവരും കൊടുങ്ങല്ലൂര്‍ അമ്മയും തിരുവമ്പാടി കൃഷ്ണനും പാറമേക്കാവില്‍ അമ്മയും ഒക്കെയാണ് തൃശൂരിനെ ചലിപ്പിക്കുന്നത്. ആയിരക്കണക്കിന് ഭക്തരും ക്ഷേത്ര ജീവനക്കാരും അവരെയൊക്കെ ലക്ഷ്യമിട്ടിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും ഒക്കെ ചേര്‍ന്നുള്ള ഈ സമ്പദ് വ്യവസ്ഥയെ തന്നെയാണ് പോലീസിന്റെ നെറികെട്ട രാഷ്ട്രീയം തകര്‍ത്തെറിയുന്നത് കേരള പോലീസ് പച്ചവെളിച്ചത്തിന്റെ പകലാണ് എന്ന സോഷ്യല്‍ മീഡിയയുടെ വ്യാഖ്യാനം കാണാതെ പോകരുത്. ശബരിമലയില്‍ പതിനെട്ടാം പടിയില്‍ ഒക്കെ ഷൂവിടാതെ ആചാരങ്ങള്‍ പാലിച്ചു മാത്രം പോകുന്ന എല്ലാ മതത്തിലും പെട്ട പോലീസുകാരെ കാണാന്‍ കഴിയും. വടക്കുന്നാഥന്റെ സന്നിധിയില്‍ നടന്നത് ഒരിക്കലും പൊറുക്കാവുന്നതല്ല. ക്ഷമിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന് ഈ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള ശേഷി ഹിന്ദു സമൂഹത്തിന് ഉണ്ടാകണം. ഇല്ലെങ്കില്‍ എല്ലാവര്ക്കും അഭയം അരുളിയ വിശ്വസാഹോദര്യത്തിന്റെ ഹിന്ദുത്വം ഭാരതത്തില്‍ അന്യമാകും. 1528 ല്‍ വൈദേശിക അക്രമികള്‍ തകര്‍ത്തെറിഞ്ഞ ബാലകരാമന്റെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ച് വീണ്ടെടുത്ത ദേശീയതയുടെയും ആത്മപ്രഹര്‍ഷത്തിന്റെയും അഭിമാനോജ്വലമായ നിമിഷങ്ങള്‍ മലയാളികള്‍ക്കും വഴികാട്ടി ആവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: