വേനലവധിക്കാലത്തെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 2023ലെ വേനല്‍ക്കാലത്തെ അപേക്ഷിച്ച് 43 ശതമാനം അധിക സര്‍വീസുകള്‍ ഇക്കുറി നടത്തുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കണക്കുകള്‍ നിരത്താതെ സര്‍വീസുകള്‍ കുറയുന്നുവെന്ന ആക്ഷപം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ വിശദീകരണവുമായി രംഗത്തുവന്നത്. മുന്‍ വര്‍ഷം വേനലവധിക്കാലത്ത് മൊത്തം 6,369 സര്‍വീസുകളാണ് നടത്തിയത്. ഇക്കുറി 9,111 സര്‍വീസുകളാണ് നടത്തുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വേനല്‍ക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് എല്ലാ സോണല്‍ റെയില്‍വേകളും അധിക സര്‍വീസുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.
ട്രെയിന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന നിരവധി വീഡിയോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ട്രെയിനിലെ ജനറല്‍ കോച്ചുകള്‍ ഗണ്യമായി കുറച്ചുവെന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന വിശദീകരണവുമായി റെയില്‍വേ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: