രവീന്ദ്രന് മലയങ്കാവ്
മണി കെ.ചെന്താപ്പൂരിന്റെ ‘മരണവണ്ടിയിലെ പൂമ്പാറ്റ’ എന്ന പുസ്തകം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ്. ഗദ്യകവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
‘നാട്യശാലയിലെ തീ’ മുതല്‍ ‘പ്രാണനാകുന്നത് ഇങ്ങനെ’ വരെ 77 കവിതകള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു.
‘നാട്യശാലയിലെ തീ’ എന്ന കവിതയില്‍ ജീവിതത്തിലെ പ്രാരബ്ധങ്ങളും വേദനയും തളംകെട്ടി നില്ക്കുന്നു. ജീവിതം ആനന്ദരഹിതമാകുമ്പോള് പുതിയ മേച്ചില്‍പ്പുറങ്ങള്‍ അനിവാര്യമാകുന്നു.
”ബാറ് വിട്ടുവരുന്നവനെ ഞാനിപ്പോള്‍ കുറ്റം പറയാറില്ല.
കുത്തഴിഞ്ഞവനോട് കല്‍പ്പനകള്‍ ചൊല്ലാറുമില്ല” എന്നു കവി.
”ഞാനും നീയുമുള്‍പ്പെടെ
ഓരോ ജന്മവും
ഈ നാട്യശാലയില്‍
വേഷം കെട്ടി
തീപിടിക്കുന്നു
ക്ഷമിക്കുക.”
ഈ ലോകം തന്നെ ഒരു നാട്യശാലയാണെന്നും അതില്‍ ഓരോരോ വേഷം കെട്ടുന്നവരാണ് നമ്മളെന്നും കവി പറയുന്നു. വളരെ ചിന്തോദ്ദീപകമായ ഒരു കവിതയാണിത്. ‘പ്രമുഖരാകാനുള്ള എളുപ്പവഴികളില്‍’ ഇലയുടെയും മുള്ളിന്റെയും പഴഞ്ചൊല്ലിലൂടെ സമീപകാല യാഥാര്‍ത്ഥ്യങ്ങളെ ലളിതമായി വ്യാഖ്യാനിക്കുന്നു.
”ഇലയുടെ കാര്യമാണ്
രസകരം
മുള്ളില്ച്ചെന്നു വീണാലും
പ്രശസ്തി.
മുള്ളുവന്നു വീണാലും
പ്രശസ്തി.”
ചില സ്ത്രീ നാമങ്ങള്‍ തീര്‍ച്ചയായും വായനക്കാരന്റെ മനസ്സിലേക്കു വന്നെത്തും ഈ കവിത വായിക്കുമ്പോള്‍. മാനക്കേടിലൂടെയാണ് ഇപ്പോള്‍ മാനമുണ്ടാകുന്നത് എന്നു പറയുമ്പോള്‍, നമ്മളെത്തിച്ചേര്ന്നിരിക്കുന്ന അധഃപതനത്തിന്റെ വ്യാപ്തി വ്യക്തമാകുകയാണ് ചെയ്യുന്നത്.
‘കൊടിയുയര്‍ത്തല്‍’ എന്ന കവിത രാഷ്ട്രീയത്തിന്റെ അതിപ്രസരം ചര്‍ച്ച ചെയ്യുന്നു. അപരന്റെ ചുടുചോരയ്ക്കായി ദാഹിക്കുന്ന രാഷ്ട്രീയ വേതാളങ്ങളെ വെറുക്കുന്ന കവി. ”പല നിറത്തിലുള്ള കൊടികള്‍ക്കും തോരണങ്ങള്‍ക്കും മേലേ, ഞാനൊരു വര്‍ണ്ണമില്ലാത്ത കൊടിയുയര്‍ത്തുന്നു” എന്നുപറയുന്നു. നിലവിലുള്ള കക്ഷി രാഷ്ട്രീയത്തിനതീതമായ തന്റെ കാഴ്ചപ്പാടു തന്നെയായി മാറുന്നു ഈ കവിത.
‘സംസാരിക്കേണ്ടത്’ എന്നത് ഒരേസമയം ഒരു പരിസ്ഥിതിക്കവിതയും പ്രതിരോധത്തിന്റെ കവിതയുമാണ്.
”നാം ഉത്കണ്ഠപ്പെടേണ്ടത് ഭൂമിയെപ്പറ്റിയാണ്.
ഭാഷയെപ്പറ്റിയാണ്
വെളിച്ചത്തെ വിഴുങ്ങുന്ന
ഇരുട്ടുകളെപ്പറ്റിയാണ്.”
എന്ന് കവി.
‘സംസ്കാരം’ എന്ന കവിതയില്‍ ഇംഗ്ലീഷു വഴങ്ങാത്ത കുട്ടിയെ അമ്മ അടിക്കുകയും, അവന് പേടിച്ച് പനിപിടിച്ച് മരിക്കുകയും ചെയ്യുന്നു. മകന് മരിച്ചിട്ടും അമ്മ പറയുന്നത്, ”(കാക്കേ കാക്കേ കൂടെവിടെ? എന്ന പാട്ടു മാത്രം പാടാന്‍ കഴിയുന്ന) അവന്റെയൊരു മലയാള പ്രേമം. പോട്ടെ….അഹങ്കാരി. എനിക്കിനിയും പെറാന്‍ കഴിയും. അവനെ ഞാന്‍ നേരെ വളര്‍ത്തും.” നമ്മുടെ മാതൃഭാഷയായ മലയാളത്തോടുള്ള ചിലയാളുകളുടെ പുച്ഛംതന്നെയാണ് ഈ കവിതയ്ക്ക് ആധാരം. ‘മൂടിവയ്ക്കുന്നത്’ എന്ന കവിത പരാജയം ചുമക്കുന്ന ഓരോ മനുഷ്യനെക്കുറിച്ചുമുള്ളതാണ്.
വീട്, പ്രണയം, ഇണ, സന്തതികള്‍, കിടപ്പറ, രോഗം… അങ്ങനെ ഓരോരോ പരാജയങ്ങളും മൂടിവയ്ക്കുന്നു. വിജയം കൊതിക്കുന്നവര്‍ പരാജയത്തെ മൂടിവയ്ക്കുന്നു എന്നു കവി. ഇതില്‍ മനുഷ്യ മനഃശാസ്ത്രം ഉണ്ടെന്നാണ് എന്റെ പക്ഷം.
‘പങ്ക്’ എന്ന കവിതയില്‍ നിറങ്ങള്‍ വീതിച്ചെടുത്ത മനുഷ്യരുടെ ജീവിതം വരച്ചുകാട്ടുന്നു. പച്ച, മഞ്ഞ, ചുവപ്പ്, നീല-രാഷ്ട്രീയവും മതവും മനുഷ്യന്റെ അവസ്ഥയും കൂടി സൂചിപ്പിക്കുന്നു.
‘ഓര്‍മക്കടല്‍’ എന്ന കവിത പിതൃസ്നേഹം വിളിച്ചോതുന്ന ഒരു സാക്ഷ്യപത്രമായി മാറിയിരിക്കുന്നു. ”ഓരോ നിമിഷവും ഓര്‍മ്മകൊണ്ട് ഞാന്‍ അച്ഛനു ബലിയിടുന്നു”വെന്ന് കവി.
‘ഒരോണക്കാലത്ത്’ എന്ന കവിത അര്‍ഹരായവര്‍ അവഗണിക്കപ്പെടുകയും അനര്‍ഹര്‍ എല്ലാം നേടുകയും ചെയ്യുന്ന തട്ടിപ്പുകളെ അനാവരണം ചെയ്യുന്നു. ഭക്ഷ്യക്കിറ്റു വിതരണത്തില്‍പ്പോലും തട്ടിപ്പുനടത്തുന്ന കെട്ടകാലത്തിന്റെ നേര്ച്ചിത്രമായിത്തീര്ന്നിരിക്കുന്നു ഈ കവിത.
‘എ.അയ്യപ്പന്’ എന്ന കവിത അയ്യപ്പന്റെ ജീവിതം സാര്‍ത്ഥകമായിരുന്നു എന്നു ഓര്‍മപ്പെടുത്താനാണ്. ജീവിതത്തില്‍ അയ്യപ്പന്, കൊതിച്ചതൊക്കെ നേടിയവരെക്കണ്ട് അസൂയപ്പെടേണ്ടയാവശ്യമില്ലെന്നു കവി പറയുന്നു. എല്ലാം നേടിയെന്നു കരുതുന്നവരുടെ ജീവിതവും കയ്പു നിറഞ്ഞതായിരുന്നു അയ്യപ്പാ എന്ന് അറിയിക്കുന്നു. ”നിനക്കെന്തിന് പുഴുത്തുപോകുന്ന മുദ്രകള്‍, വാക്കിന്റെ മുദ്രയാലെന്നേ ചിരഞ്ജീവിയായി”ക്കഴിഞ്ഞു എന്നും അയ്യപ്പനെ ആശ്വസിപ്പിക്കുന്നു.
സമാഹാരത്തിന്റെ ശീര്‍ഷകമായ ‘മരണവണ്ടിയിലെ പൂമ്പാറ്റ’ എന്ന കവിത ആംബുലന്‍സിനെക്കുറിച്ചാണ്. ജീവിതവും മരണവും വടംവലി നടത്തുന്നയിടമാണ് ആംബുലന്‍സ്. മരണത്തിലേക്ക് ഓടിക്കയറുന്ന പ്രതീക്ഷയറ്റ മനുഷ്യശരീരങ്ങളുമായി ആംബുലന്‍സ് പായുന്നു. ഉടല് വെന്ത നവോഢ, ഫ്യൂരിഡാന്‍ വിഷം കഴിച്ച മുല്ലപ്പൂ പോലുള്ള മറ്റൊരുവള്‍, വീടിന്റെ നെടുംതൂണായ ഒരാള്‍, കയറിലൊടുങ്ങിയ കര്ഷകന്, ഇറച്ചിവെട്ടുകാരന് നടത്തുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ അഡ്മിഷനുപോയ പൂമ്പാറ്റയെപ്പോലെ നിഷ്കളങ്കയും മനോഹരിയുമായ ഒരുവള്‍-ഇവരെയും വഹിച്ചുകൊണ്ട് പായുന്നു; ഇല്ലായ്മകള്‍ മാത്രമുള്ള ധര്മാശുപത്രിയിലേക്ക്. ഇത് എന്തുമാത്രം നിസ്സഹായമായ ഒരവസ്ഥയാണ് എന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു. എല്ലാം കണ്ട് മനസ്സുമരവിച്ച്, നിസ്സംഗനായി, നിസ്സഹായനായി നിശ്ശബ്ദനായി നിലവിളിക്കുന്ന ഒരാളുടെ പ്രതിനിധിയായി ഇവിടെ കവി മാറുന്നു.
ഇങ്ങനെ ഓരോ കവിതയും വായനക്കാരന്റെ ഹൃദയത്തെ തൊടുംവിധം എഴുതപ്പെട്ടിരിക്കുന്നു. നല്ല വായനാക്ഷമതയുള്ള ഈ പുസ്തകം മികച്ച വായനാനുഭവം നല്കുന്നു എന്നറിയിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: