പത്തനംതിട്ട: ബിജെപിയുടെ ദേശീയ സെക്രട്ടറിയും വക്താവുമാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി. അതിനാല്‍ത്തന്നെ ദേശീയ നേതാവിന്റെ മണ്ഡലം എന്ന നിലയില്‍ അത്യന്തം ഗൗരവത്തോടെയാണ് എന്‍ഡിഎ പ്രചാരണം. മോദി ഗ്യാരന്റിയില്‍ വിജയം ഉറപ്പെന്ന ആത്മവിശ്വാസമാണ് ഓരോ എന്‍ഡിഎ പ്രവര്‍ത്തകന്റേയും കൈമുതല്‍.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ഇരുത്തം വന്ന നേതാക്കളെ തോല്പ്പിക്കുംവിധം ചടുലവും ഹൃദ്യവും ആത്മവിശ്വാസം നിറഞ്ഞതുമാണ് അനിലിന്റെ വോട്ടുതേടല്‍ ശൈലി. മലയോര മണ്ഡലമെന്ന് മൊത്തത്തില്‍ വിശേഷിപ്പിക്കുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരത്തിലും ഭൂപ്രകൃതിയിലും ഏറെ വൈവിധ്യമുള്ള മണ്ഡലമാണ് പത്തനംതിട്ട.
കോസ്മോപൊളീറ്റന്‍ സ്വഭാവമുള്ള തിരുവല്ല മുതല്‍ വനവാസി മേഖലകള്‍ വരെയുണ്ട് മണ്ഡലത്തില്‍. എന്നാല്‍ ഏതു മേഖലയില്‍ ചെന്നാലും ഏതു മതവിഭാഗത്തിന്റെ ആരാധനാലയത്തില്‍ എത്തിയാലും സീതത്തോടു പോലെ ഏറ്റവും പിന്നാക്ക മേഖലകളില്‍ എത്തിയാലും അനില്‍ ആന്റണിക്ക് അവിടെയെല്ലാം ലഭിക്കുന്നത് സ്നേഹോഷ്മള സ്വീകരണം.
പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോള്‍ അനിലിനെ കാണാന്‍ പാതയോരങ്ങളിലും സമ്മേളന സ്ഥലങ്ങളിലും പ്രധാന ജങ്ഷനുകളിലും കാത്തു നില്ക്കുന്നവരില് കൊച്ചുകുട്ടികള്‍, കോളജ് വിദ്യാര്‍ത്ഥികളായ കന്നിവോട്ടര്‍മാര്‍, യുവാക്കള്‍, അമ്മമാര്‍ തുടങ്ങി വയോവൃദ്ധര്‍ വരെയുണ്ട്. യുവസമ്മതിദായകര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുമ്പോള്‍ മുതിര്ന്നഅമ്മമാര് സ്ഥാനാര്‍ത്ഥിയെ നിറുകയില്‍ കൈവച്ച് അനുഗ്രഹിക്കുന്നു.
കുട്ടികള്‍ കൗതുകപൂര്‍വം സ്ഥാനാര്‍ത്ഥിയെ താമര ചിഹ്നം ആലേഖനം ചെയ്ത ഷാള്‍ അണിയിക്കുന്നു. ചിലയിടങ്ങളില്‍ കൊന്നപ്പൂവും താമരപ്പൂവും സമ്മാനിക്കുന്നു. തനിക്കു ലഭിക്കുന്ന ഷാളുകളില്‍ ചിലതെല്ലാം സ്ഥാനാര്‍ത്ഥി കുട്ടികളെ തിരിച്ചണിയിക്കുന്നു. കുട്ടികളെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുന്നു.
ഇതിനിടയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. ഇക്കുറി മോദിയെ പാര്‍ലമന്റില്‍ പിന്തുണയ്ക്കുന്ന 400ലധികം വരുന്ന എന്‍ഡിഎ എംപിമാരില്‍ ഒരാള്‍ താന്‍ ആവുമെന്ന തികഞ്ഞ ആത്മാവിശ്വാസത്തോടെയാണ് വാക്കുകള്‍. മോദി ഗ്യാരന്റിയില്‍ മണ്ഡലത്തിന്റെ ദ്രുതവികസനം ഉറപ്പാക്കാന്‍ പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ വികസനം അനിവാര്യമെന്ന് ഓരോ സമ്മതിദായകരേയും ബോധ്യപ്പെടുത്തുന്ന ആത്മാര്‍ത്ഥതയുടെ വാക്കുകള്‍.
പ്രചാരണ വാഹനം അടുത്ത കേന്ദ്രത്തിലേക്കു നീങ്ങുമ്പോള്‍ അനിലിനെ ശ്രവിച്ച ഓരോ സമ്മതിദായകരും പരസ്പരം പറയുന്നു, 15 വര്‍ഷമായി ഒരു വികസനവും കൊണ്ടുവരാത്ത സിറ്റിങ് എംപി ആന്റോ ആന്റണിയെ ഞങ്ങള്‍ക്കു വേണ്ട. ഇനിയൊരു അഞ്ചു വര്‍ഷം കൂടി മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് തള്ളി വിടാന്‍ വയ്യ.
എട്ടു വര്‍ഷമായി കേരളത്തെ കടക്കെണിയിലാക്കി ക്ഷേമപെന്ഷന് പോലും നിഷേധിച്ചു ജനജീവിതം ദുസ്സഹമാക്കിയതിന്റെ മുഖ്യ ഉത്തരവാദിയായ ഇടതു സ്ഥാനാര്‍ത്ഥിയേയും വേണ്ടേവേണ്ട. ഇത്തവണ വോട്ട് മോദിക്കു വേണ്ടി. ഇത്തവണ അനില്‍ കെ. ആന്റണി വിജയിച്ചിരിക്കും. നമ്മള് വിജയിപ്പിച്ചിരിക്കും, വലിയ ഭൂരിപക്ഷത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: