Categories: Varadyam

ജീവിതം നിറയുന്ന സോപാനസംഗീതം

Published by

കേരളത്തിലെ തനതു സംഗീത ശൈലിയാണ് സോപാനസംഗീതം. രാഗത്തില്‍ അധിഷ്ഠിതമായ സോപാനസംഗീതം കര്‍ണാടക സംഗീതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിവേഗം ജനപ്രിയമായി മാറിയ സോപാനസംഗീതത്തിന് ആസ്വാദകരേറെയാണ്. സ്ത്രീകളടക്കം നിരവധി കലാകാരന്മാര്‍ ഇന്ന് സോപാനസംഗീത രംഗത്തുണ്ട്.

ക്ഷേത്രത്തിലെ ശ്രീകോവിലിനു മുമ്പിലുള്ള ചവിട്ടുപടിയാണ് സോപാനം. അതിനാല്‍ സോപാനത്തിനരികില്‍ നിന്നും പാടുന്നതുകൊണ്ടാണ് സോപാനസംഗീതമെന്നു പേരുവരാന്‍ കാരണമായതെന്നു പറയപ്പെടുന്നു. സംഗീതപരമായി ഇതിന് മറ്റൊരു വ്യാഖ്യാനവുമുണ്ടെന്നു പറയാം. ഒരു രാഗത്തിന്റെ ആരോഹണ അവരോഹണ ക്രമം സോപാനം പോലെയാണ്. സോപാനസംഗീതത്തിന് രണ്ടു കൈവഴികളുണ്ട്. കൊട്ടിപ്പാടിസേവയും രംഗസോപാനവും. ക്ഷേത്രത്തിലെ സോപാനത്തു നിന്നുകൊണ്ട് പൂജാവേളയില്‍ മാരാര്‍ ഇടയ്‌ക്ക കൊട്ടിപ്പാടുന്നതിനെ കൊട്ടിപ്പാടിസേവ എന്നുപറയുന്നു. ഇതിന്റെ തുടക്കത്തില്‍ പ്രധാനമൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനം ചൊല്ലി തുടര്‍ന്ന് ജയദേവകവിയുടെ ഗീതഗോവിന്ദത്തിലെ അഷ്ടപദിയും പാടുന്നു.

അഷ്ടപദിയും സോപാനവും ഒരേ പോലെയാണെങ്കിലും എല്ലാ സോപാനസംഗീതവും അഷ്ടപദിയല്ല. സോപാനസംഗീതത്തില്‍ ഇടയ്‌ക്ക കൊട്ടി പാടുന്ന കീര്‍ത്തനങ്ങളെല്ലാം രാഗാധിഷ്ഠിതമാണ്. ദേശാക്ഷി, ശ്രീ ഖണ്ഡി, പൂവാളി, ആര്‍ത്തന്‍ തുടങ്ങിയ സോപാനരാഗങ്ങളാണ് സാധാരണയായി കൊട്ടിപ്പാടി സേവയ്‌ക്ക് ഉപയോഗിക്കുന്ന രാഗങ്ങള്‍. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന സോപാന സംഗീതത്തെ കൂടുതല്‍ ജനകീയമാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച ഞരളത്തു രാമപ്പൊതുവാളിന്റെ സമകാലികരും പിന്‍ഗാമികളുമെന്നു കരുതുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് രാമപുരം കുഞ്ഞികൃഷ്ണമാരാര്‍. തന്റെ എണ്‍പത്തിയാറാം വയസ്സിലും പുതു പുതു കീര്‍ത്തനങ്ങള്‍ രാഗത്തില്‍ കോര്‍ത്ത് സോപാനത്തില്‍ അലിഞ്ഞു മാരാര്‍ പാടുകയാണ്.

സോപാനസംഗീതത്തിലെ പരമ്പരാഗത ശൈലി പിന്തുടരുന്ന അപുര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് രാമപുരം കുഞ്ഞികൃഷ്ണ മാരാര്‍. കര്‍ണാടക സംഗീതവുമായി അഗാധ പ്രാവീണ്യമുള്ള മാരാര്‍ ഏതൊരു പാട്ടുകിട്ടിയാലും അതിനെ ഇഷ്ടപ്പെട്ട രാഗത്തിലേക്കു മാറ്റാന്‍ ശ്രമിക്കാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങള്‍ ശ്രീരാഗവും ശ്രീരഞ്ജിനി രാഗവുമാണ്. ശ്രീരഞ്ജിനി രാഗത്തോടുള്ള അനുരാഗമാകാം മാരാരുടെ ഇളയ മകളുടെ പേര് രഞ്ജിനി എന്നാണ്.

1939 ജുലൈ മാസം 13 നാണ് കുഞ്ഞികൃഷ്ണമാരാരുടെ ജനനം. അച്ഛന്‍ പൂക്കാട്ടിരി രാവുണ്ണി മാരാര്‍. അമ്മ രാമപുരം മേലെ മാരാത്ത് ഇട്ടിച്ചിരി മാരാസ്യാര്‍. സ്‌കൂള്‍ പഠനകാലത്തുതന്നെ അമ്മയില്‍നിന്നും കര്‍ണാടക സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ സ്വായത്തമാക്കി. അച്ഛന്‍ രാവുണ്ണി മാരാര്‍ അമ്മാവന്‍ പുക്കാട്ടിരി രാമപൊതുവാള്‍ എന്നിവരില്‍ നിന്നും സോപാനസംഗീതത്തിലെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. പിന്നിട് രാമപുരം ശ്രീരാമസ്വാമിക്ഷേത്രത്തിലെ തന്റെ അമ്മാവന്മാര്‍ പാരമ്പര്യമായി നടത്തിയിരുന്ന കഴകപ്രവൃത്തി ഏറ്റെടുത്തു തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചു. അവിടത്തെ സോപാനത്തു നിന്നു പാടിപ്പാടി മാരാര്‍ പ്രശസ്തനാകാന്‍ തുടങ്ങി.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ 30 വര്‍ഷത്തോളം പങ്കെടുത്ത മാരാര്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം അഷ്ടപദി അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍. കോഴിക്കോട് തളി, മുക്കുതല കണ്ണേങ്കാവ്. മൂകാംബിക എന്നിവയടക്കം പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം മാരാരുടെ കലാപ്രവര്‍ത്തനത്തിന്റെ നിത്യവേദികളായിരുന്നു. ചെന്നൈ നാഗര്‍കോവില്‍, തിരുനല്‍വേലി, മുംബൈ, കല്‍ക്കട്ട, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച മാരാര്‍ നവരാത്രിയോടനുബന്ധിച്ച് മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ പതിനഞ്ച് വര്‍ഷത്തോളം സോപാനസംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ഞെരളത്ത് രാമപ്പൊതുവാള്‍, ആലിപറമ്പ് ശിവരാമ പൊതുവാള്‍, ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി, നെടുങ്ങാടിയുടെ അച്ഛന്‍ തിരുമുല്‍പ്പാട്, പുക്കാട്ടിരി കുഞ്ഞുകൃഷ്ണപ്പൊതുവാള്‍ തുടങ്ങിയ പ്രശസ്ത സോപാന സംഗീത കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം മാരാരുടെ തിളക്കമാര്‍ന്ന സോപാനസംഗീത ജിവിതത്തിലെ വഴിവിളക്കുകളാണ്.

2005 ലെ പൂക്കാട്ടിരി രാമപ്പൊതുവാള്‍ ട്രസറ്റിന്റെ വാദ്യകലാ പുരസ്‌ക്കാരം, 2009 ലെ കേരള മാരാര്‍ ക്ഷേമ സഭയുടെ കലാചാര്യ അവാര്‍ഡ് തിരുമാന്ധാംകുന്ന് ക്ഷേത്രം ഏര്‍പ്പെടുത്തിയ പ്രഥമ ഞെരളത്ത് പുരസ്‌കാരം. ആലിപറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക പുരസ്‌ക്കാരം, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ബാംഗഌര്‍, ഭാരതീയ വിദ്യാഭവന്‍, ആത്മാലയ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് നല്‍കിയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം കുഞ്ഞികൃഷ്ണമാരാരെ തേടിയെത്തി. 2022 ല്‍ തൃശ്ശുര്‍ കെച്ചേരി മഴുവഞ്ചേരി മഹാദേവക്ഷേത്രത്തില്‍ കേരള സോപാനസഭ നടത്തപ്പെട്ട ചടങ്ങില്‍ ‘സോപാനസംഗീത കുലപതി’ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രായാധിക്യത്താല്‍ ഗ്ലോക്കോമ ബാധിച്ച് കാഴ്‌ച്ച നഷ്ടപ്പെട്ടെങ്കിലും 86-ാം വയസ്സിലും കുഞ്ഞികൃഷ്ണമാരാര്‍ കര്‍മനിരതനാണ്. മണിക്കൂറുകളോളം സോപാനത്തുനിന്നു പാടിയിരുന്ന മാരാര്‍ക്ക് സോപാനസംഗീതം തന്റെ ജീവിതത്തിന്റെ തന്നെ സംഗീതമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക