പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് കോളേജില്‍ (എസ്എന്‍ജിഎസ്) നിന്നു സംസ്‌കൃതത്തില്‍ ബിരുദവും, കാഞ്ചീപുരം വിശ്വമഹാ സര്‍വകലാശാലയില്‍ (എസ്‌സിഎസ്‌വിഎംവി) നിന്നു ബിരുദാനന്തരബിരുദവും, കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ (എസ്എസ്‌യുഎസ്) നിന്നു എംഫിലും ഡോക്ടറേറ്റും നേടിയെങ്കിലും, ഭദ്ര പി.കെ.എം എന്നവരുടെ ഉള്ളുനിറയെ ഇന്നും നങ്ങ്യാര്‍കൂത്താണ്. ഡോ. രജനീഷ് ചാക്യാരുമായുള്ള വിവാഹവും, കൂടിയാട്ടകുലപതി അമ്മന്നൂര്‍ മാധവചാക്യാരുടെ കലാ പൈതൃകം നിറഞ്ഞുനില്‍ക്കുന്ന ഇരിഞ്ഞാലക്കുടയിലെ ജീവിതവും ഡോ. ഭദ്രയെ മികവുറ്റൊരു യുവ നങ്ങ്യാര്‍കൂത്തു കലാകാരിയാക്കി മാറ്റിയിട്ടുണ്ട്. കൊറോണക്കെടുതിയില്‍ അണഞ്ഞുപോയ നിലവിളക്കുകള്‍ കൂടിയാട്ട അരങ്ങുകളില്‍ വീണ്ടും തെളിഞ്ഞതു മുതല്‍ നങ്ങ്യാര്‍കൂത്തിലെ നിറസാന്നിധ്യമായി അറിയപ്പെടുന്ന ഡോ. ഭദ്രയുടെ വാക്കുകളിലൂടെ…
കൂടിയാട്ടം
ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള യുനസ്‌കൊ അതിന്റെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏക ഭാരതീയ നാട്യകലാരൂപമാണ് കേരളക്കരയില്‍ വളര്‍ന്നു വേരോടിയ കൂടിയാട്ടം. കൂടിയാട്ടം പോലെ ചതുര്‍വിധാഭിനയങ്ങളെ കൂട്ടിയിണക്കുന്ന അത്യന്തം ഗഹനമായൊരു അവതരണകല രാജ്യത്തു വേറെയില്ല.
സാര്‍വലൗകിക പാരമ്പര്യങ്ങളില്‍ പ്രാതിനിധ്യം ലഭിച്ചത് വിരല്‍ ചൂണ്ടുന്നതും മറ്റൊന്നല്ലല്ലോ. മാത്രവുമല്ല, കേരള സംസ്‌കൃതിയുടെ പ്രതിരൂപമായ കഥകളിക്കു കണ്ണുകൊടുത്തത് കൂടിയാട്ടമാണെന്നാണ് രേഖകളിലുള്ളത്. ഒന്നില്‍ കൂടുതല്‍ പ്രതിഭകള്‍ ഒരുമിച്ചു സംസ്‌കൃത നാടകങ്ങളെ വ്യാഖ്യാനിച്ചു, നാട്യശാസ്ത്ര വിധികള്‍ അടിസ്ഥാനമാക്കി അഭിനയിച്ചു കാട്ടുന്നതാണ് ലളിതമായി പറഞ്ഞാല്‍ കൂടിയാട്ടം. എന്തെങ്കിലുമൊന്ന് തന്മയത്വത്തോടെ പ്രകടിപ്പിക്കുന്നതാണല്ലോ കൂത്ത്.
ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും ഒരുമിച്ചെത്തുകയാണ് കൂടിയാട്ടത്തില്‍. നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെ ചാക്യാര്‍മാരും സ്ത്രീ കഥാപാത്രങ്ങളെ നങ്ങ്യാര്‍മാരും അവതരിപ്പിക്കുന്നു. ഇതൊരു നൃത്തരൂപമല്ല, വ്യത്യസ്തമായൊരു നാട്യാവിഷ്‌കാരമാണ്. തനിമയുള്ള മുഖഭാവങ്ങളും മറ്റു ശരീരഭാഷകളും വേഷവിധാനവുമാണ് ഇതിലെ ആശയസംവേദന ഉപാധികള്‍. ഈ കലാരൂപത്തില്‍നിന്ന്, അനുക്രമമായി അവതരണത്തില്‍ സവിശേഷതയുള്ള ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും വെവ്വേറെയുള്ള കലാരൂപങ്ങളായി പിറവികൊണ്ടു.
നങ്ങ്യാര്‍കൂത്ത്
കൂടിയാട്ടത്തിന്റെ അനുബന്ധകലയായി ആരംഭിച്ചു, പിന്നീട് സാത്വികാഭിനയത്തിന്റെ ഉത്തമ മാതൃകയായി സ്വത്വം നേടിയ ആവിഷ്‌കാരമാണ് നങ്ങ്യാര്‍കൂത്ത്.
നമ്മുടെ രംഗകലാ അവതരണങ്ങളില്‍ പൊതുവെ കാണുന്ന ചതുര്‍വിധാഭിനയം അതിന്റെ പരമോന്നത നിലയിലെത്തുന്നത് നങ്ങ്യാര്‍കൂത്തിലാണ്. അതിനാല്‍, അരങ്ങുകളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന ആവിഷ്‌കാരം നങ്ങ്യാര്‍കൂത്ത് തന്നെയാണ്. അഭിനയ വൈവിധ്യവും, ശക്തമായ കഥാപാത്ര സങ്കല്‍പ്പവുമാണ് ഇതിനു കാരണം.
കൂടിയാട്ടത്തിന്റെ ഉത്ഭവം
ഭാരതത്തിലെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകമാണ് കൂടിയാട്ടം. ഈ കലാരൂപം വൈദിക കാലം മുതല്‍ അതിന്റെ പ്രാചീനമായ അവസ്ഥയില്‍ നിലവിലുണ്ടായിരുന്നു. വൈദിക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ആചാരങ്ങള്‍ കൂടിയാട്ടത്തിന്റെ അവതരണ രീതികളില്‍ ഇന്നും ദര്‍ശിക്കാനാകും.
ആരംഭ കാലത്ത് പൂര്‍ണമായും ഇന്നുകാണുന്ന അവതരണ രൂപത്തില്‍ ആയിരുന്നിരിക്കില്ല എന്നേയുള്ളൂ. രണ്ടാം നൂറ്റാണ്ടില്‍, വടക്കന്‍ പറവൂരില്‍ ജീവിച്ചിരുന്ന പറൈയൂര്‍ കൂത്തച്ചാക്കൈയന്‍ എന്നൊരു ചാക്യാര്‍, ചേര രാജാവായ ചെങ്കുട്ടുവനുവേണ്ടി ‘ത്രിപുരദഹനം’ എന്ന കഥ അവതരിപ്പിച്ച ഒരു പരാമര്‍ശം ഇളങ്കോവടികള്‍ രചിച്ച ‘ചിലപ്പതികാര’ത്തിലുണ്ട്. എന്നാല്‍, ഒമ്പതാം നൂറ്റാണ്ടിലായിരിക്കാം കൂടിയാട്ടത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ രൂപപ്പെടാന്‍ തുടങ്ങിയത്.
ക്രമേണ ക്ഷേത്രാങ്കണങ്ങളിലും കൂത്തമ്പലങ്ങളിലുമായി കൂടിയാട്ടാവതരണങ്ങള്‍ വികസിച്ചു പൂര്‍ണരൂപം പ്രാപിച്ചു. അങ്ങനെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ കൂടിയാട്ടത്തിന് വേറിട്ടൊരു രൂപം സമഗ്രമായി ലഭിച്ചു. പരിണാമ വഴിയില്‍ എവിടെയൊ വച്ച് ഈ കലാശാഖ സാമുദായിക അനുഷ്ഠാനങ്ങളായി മാറുകയും ചെയ്തു.
കൂടിയാട്ടം ആട്ടമല്ല
ആട്ടമെന്നാല്‍ നൃത്തമാണെന്നു തോന്നാമെങ്കിലും, കൂടിയാട്ടം ആട്ടമല്ല, അഭിനയ കലയാണ്. ‘നൃത്ത-നൃത്ത്യ-നാട്യം’ എന്നതിലെ മൂന്നാമത്തേതാണ് കൂടിയാട്ടം. നൃത്തത്തില്‍ അംഗചലനങ്ങളേയുള്ളൂ, മുഖഭാവങ്ങള്‍ വേണ്ട. ഉദാഹരണം, തിരുവാതിരക്കളി. രണ്ടാമത്തെ ശാഖയായ നൃത്ത്യത്തില്‍ മുഖഭാവങ്ങള്‍ അല്‍പ്പം ആവശ്യമാണ്.
മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും മറ്റും നൃത്ത്യ വിഭാഗത്തിലാണ്. നൃത്തം ചെയ്യുന്നവരും നൃത്ത്യം ചെയ്യുന്നവരും പാദങ്ങളില്‍ ചിലമ്പണിയുന്നു. എന്നാല്‍, കൂടിയാട്ടം കലാകാരനും കലാകാരിയും ചിലമ്പണിയുന്നില്ല. കാരണം, ഇവ നൃത്തവുമല്ല നൃത്ത്യവുമല്ല. വാക്യാര്‍ത്ഥാഭിനയ പ്രധാനമായ നാട്യമാണിത്. രസാഭിനയമാണ് ഇതില്‍ മുഖ്യം. ചാക്യാര്‍ അഭിനേതാവും നങ്ങ്യാര്‍ അഭിനേത്രിയുമാണ്. ഇതര കലാരൂപങ്ങളെപ്പോലെ ലളിതമല്ല കൂടിയാട്ടത്തിന്റെ ഘടനയും അവതരണ രീതിയും. ആസ്വദിക്കാന്‍ പൂര്‍ണ ശ്രദ്ധ ആവശ്യമാണ്. പ്രേക്ഷകരുടെ എണ്ണം കുറയാനുള്ള കാരണവും മറ്റൊന്നല്ല.
ആഖ്യാതാവും വ്യാഖ്യാതാവും
കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും അഭിനേത്രിക്കു മുഴുനീള കഥാപാത്രങ്ങള്‍ ലഭിക്കുന്നു. നങ്ങ്യാര്‍കൂത്തില്‍ കലാകാരി ചെയ്യുന്നത് കഥാവിവരണമാണ്. ഒരേസമയം ആഖ്യാതാവായും വ്യാഖ്യാതാവായും, പലപ്പോഴും കഥാപാത്രമായും അഭിനേത്രി പ്രത്യക്ഷപ്പെടുന്നു.
അതിനാല്‍ നങ്ങ്യാര്‍കൂത്ത് മൗലികമായി അഭിനേത്രിയുടെ കലയാണ്. കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കലാകാരിയുടെ വേഷവിധാനം ഒരുപോലെയുമാണ്.
സംഗീത ഉപകരണങ്ങള്‍
മിഴാവ്, ഇടയ്‌ക്ക, കുഴിത്താളം, ശംഖ് മുതലായവയാണ് കൂടിയാട്ടത്തിലെ സംഗീത ഉപകരണങ്ങള്‍. എല്ലാം എപ്പോഴും ഉപയോഗിക്കണമെന്നില്ല. മിഴാവാണ് മുഖ്യം. എന്നാല്‍, കലാകാരന്റേയൊ കലാകാരിയുടേയൊ പ്രകടനങ്ങള്‍ക്കു മാനവും വൈകാരിക ഭാഷയും നല്‍കാന്‍ കൂടിയാട്ടത്തില്‍ പശ്ചാത്തല സംഗീതം ഉപയോഗിക്കുന്നില്ല. ആഖ്യാനവും അഭിനയവും ഒറ്റയ്‌ക്കു തന്നെ ശക്തമാണ്.
കുട്ടിക്കാലം തൊട്ടേ ഇഷ്ടം
സംസ്‌കൃത നാടകങ്ങളുടെ കേരളീയ രംഗാവതരണ ശൈലിയായ കൂടിയാട്ടത്തോട് പിതാവിന്റെ പ്രചോദനം മൂലം കുട്ടിക്കാലം മുതല്‍ താല്‍പര്യമുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ വരാറുണ്ടായിരുന്ന നങ്ങ്യാര്‍കൂത്തും കൂടിയാട്ടവുമൊക്കെ ഏറെ ആകാംക്ഷയോടെ കാണാറുണ്ടായിരുന്നു. കോളജ് ലൈബ്രറിയില്‍ നിന്നു ഈ വിഷയങ്ങളില്‍ ലഭ്യമായ പുസ്തകങ്ങള്‍ സശ്രദ്ധം വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നത് ശീലമായിരുന്നു.
മുതിര്‍ന്ന കൂടിയാട്ടകലാകാരന്‍ മാര്‍ഗി മധുവിന്റെയും സംഘത്തിന്റെയും സോദാഹരണ പ്രഭാഷണവും, പൈങ്കുളം നാരായണ ചാക്യാരുടെ അവതരണങ്ങളും നങ്ങ്യാര്‍കൂത്തു കലാകാരിയാവുകയെന്ന മോഹത്തെ ശക്തിപ്പെടുത്തി. ജീവിത പങ്കാളി രജനീഷ് ചാക്യാരുടെ കീഴില്‍ ഈ കല അഭ്യസിക്കണമെന്നു വിവാഹത്തിനു മുമ്പു തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്നു 2010-ല്‍ പരിശീലനം ആരംഭിക്കുകയും ചെയ്തു.
അരങ്ങേറ്റം
2013, ജൂലൈ മാസത്തില്‍ വെള്ളിനേഴി കാന്തള്ളൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ വെച്ചു നങ്ങ്യാര്‍കൂത്തിന്റെ പുറപ്പാട് ചെയ്താണ് അരങ്ങേറിയത്. അന്വാരംഭം എന്ന രണ്ടാം ദിവസത്തെ അവതരണവും ഉണ്ടായിരുന്നു. കലാമണ്ഡലം നാരായണന്‍ നമ്പ്യാരും, കലാമണ്ഡലം രവികുമാറും മിഴാവ് കൊട്ടി.
മട്ടന്നൂര്‍ ശ്രീകാന്ത് ഇടയ്‌ക്കയിലും അപര്‍ണ നങ്ങ്യാര്‍ താളത്തിലും പിന്തുണ നല്‍കി. നിറഞ്ഞ സദസ്സ് ലഭിച്ചത് കൃതജ്ഞതയോടെ സ്മരിക്കുന്നു. കന്നിപ്രകടനം പിഴവില്ലാത്തതായിരുന്നുവെന്നു പ്രേക്ഷകരും മുതിര്‍ന്ന കൂടിയാട്ട കലാകാരന്മാരും വിലയിരുത്തി. അത് നല്ലൊരു തുടക്കമായിരുന്നു. അവസരങ്ങളായി നങ്ങ്യാര്‍കൂത്തും കൂടിയാട്ടവും തുരുതുരെയെത്തി.
വേദികളും വേഷങ്ങളും
കേരള കലാമണ്ഡലം, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, നാട്യശാസ്ത്ര സങ്കേതമായ മായന്നൂര്‍ തട്ടകം മുതലായ പെരുമയുള്ള കേന്ദ്രങ്ങളില്‍ ഇതിനകം തന്നെ എത്താന്‍ കഴിഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ തിരുവനന്തപുരത്തെ കൂടിയാട്ടം കേന്ദ്രയുടെ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി രണ്ടു തവണ നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുന്നു. യുകെ മലയാളികളുടെ കൂട്ടായ്മയായ ‘ശ്രുതി’യുടെ വാര്‍ഷികത്തിനു യോര്‍ക്‌ഷെയറില്‍ രജനീഷ് ചാക്യാരുടെ സംവിധാനത്തില്‍ അവതരിപ്പിച്ച കൂടിയാട്ടത്തില്‍ നല്ലതെന്നു എല്ലാവരും വിലയിരുത്തിയൊരു നങ്ങ്യാരായിരുന്നു ഞാന്‍! ‘പാര്‍വതീപരിണയം’ കൂടിയാട്ടത്തില്‍ പാര്‍വതിയുടെ പുറപ്പാടും നിര്‍വഹണവും പ്രിയപ്പെട്ടവന്‍ ചിട്ടപ്പെടുത്തിയപ്പോള്‍, അതിലെ പാര്‍വതി ഞാനായിരുന്നു. ‘ഹനുമദ്ദൂതാങ്കം’ കൂടിയാട്ടത്തിലെ സീതയുടെ പുറപ്പാടും നിര്‍വഹണവും, ‘ഭരതാങ്ക’ത്തിലെ കൈകേയിയുടെ പുറപ്പാടും നിര്‍വഹണവും മറ്റു ചില ജനപ്രിയ ആവിഷ്‌കാരങ്ങളാണ്. കടവല്ലൂരിലെ പേരുകേട്ട ‘അന്യോന്യം’ വേദി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡെമോണ്‍സ്‌ട്രേഷന്‍ വഴി കൈകേയിയെ വരച്ചുകാട്ടി.
രജനീഷ് ചിട്ടപ്പെടുത്തിയ, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച കിരാതാര്‍ജുനീയം കൂടിയാട്ടത്തിലെ കിരാതി മറക്കാനാവാത്തതാണ്. സ്ത്രീ കഥാപാത്രങ്ങളുടെ വിവിധ മാനസിക തലങ്ങളും സംഘര്‍ഷങ്ങളും ഉള്‍ക്കൊണ്ടുള്ള അവതരണങ്ങളാണെല്ലാം. കൂടാതെ രജനീഷുമായി ചേര്‍ന്നു രണ്ടു പുതിയ സ്ത്രീ പാത്രാവതരണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി നാഷണല്‍, ഇന്റര്‍നാഷണല്‍ വേദികളിലെ പ്രബന്ധാവതരണങ്ങളും, കൂടിയാട്ടത്തിന് ആവശ്യമായ കുറേ രചനകള്‍ നിര്‍വഹിച്ചതും നേട്ടങ്ങളായി കരുതുന്നു. ദ്രൗപദിയെ കേന്ദ്ര കഥാപാത്രമാക്കി സംസ്‌കൃതത്തില്‍ ഏകാങ്ക നാടകം എഴുതിയതും, അതിനുവേണ്ട നിര്‍വഹണ ശ്ലോകങ്ങള്‍ കുറിച്ചതും ഒരു വേറിട്ട അനുഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: