ലഖ്നൗ: ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് സാധ്വി നിരഞ്ജന് ജ്യോതി ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. പുരാണ കഥകള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കുകയും അവയിലെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി പാവങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രിയപ്പെട്ട സംന്യാസിനിയാണ് സാധ്വി നിരഞ്ജന് ജ്യോതി.
2014ലും 2019ലും ബിജെപിയിലൂടെ ഫത്തേപൂരിനെ പ്രതിനിധീകരിച്ച് മികച്ച വിജയമാണ് നേടിയത്. 2014 ല്‍ ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായി. നിലവില്‍ ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, ഗ്രാമവികസന സഹമന്ത്രിയാണ്. പിന്നാക്ക നിഷാദ് വിഭാഗത്തില്‍ നിന്നുള്ള സാധ്വി 1967 മാര്‍ച്ച് ഒന്നിന് ഹാമിര്‍പൂര്‍ ജില്ലയിലെ പടേവ്ര ഗ്രാമത്തില്‍ അച്യുതാനന്ദിന്റെയും ശിവകാളി ദേവിയുടെയും മകളായി ജനിച്ചു. ഉമാഭാരതിക്ക് ശേഷം കേന്ദ്രമന്ത്രിയാകുന്ന സംന്യാസിനിയാണ് സാധ്വി നിരഞ്ജന് ജ്യോതി.
നിരാലംബരായ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്താണ് സാധ്വി ജനമനസില്‍ കുടിയേറിയത്. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വനവല്‍ക്കരണം, ഗോസംരക്ഷണം, സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. പുരാണങ്ങളില്‍ അഗാധമായ അറിവുള്ള ഇവര്‍ പതിവായി ശ്രീമദ് ഭഗവതം, ശ്രീരാമകഥ, ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങളും കാഥാകഥനവും നടത്താറുണ്ട്. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണ് സാധ്വി നിരഞ്ജന് ജ്യോതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: