തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞദിവസം നടന്ന പോലീസ് അതിക്രമമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പൂരം തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ഇടതു സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായാണ് പോലീസിനെ കയറൂരി വിട്ടതും ലാത്തിച്ചാര്‍ജ് നടത്തിയതും. വര്‍ഷങ്ങളായി ആന, കരിമരുന്ന്, ആള്‍ക്കൂട്ടം തുടങ്ങി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
തിരുവമ്പാടിയുടെ കുത്തുവിളക്കെടുക്കുന്നയാള്ക്ക് വരെ പോലീസിന്റെ അടി കിട്ടി. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും ദേവസ്വം മന്ത്രിയോ പൂരത്തിന്റെ ചാര്‍ജുള്ള മന്ത്രി കെ. രാജനോ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംഎല്‍എയും എംപിയും എത്തിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നതിന് തെളിവാണിത്. മന്ത്രി രാജന് രാവിലെ ആറുമണിക്ക് ശേഷമാണ് സംഭവസ്ഥലത്ത് എത്തിയത്. പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ പേരില്‍ രാത്രി 11 മണിക്ക് സ്വരാജ് റൗണ്ട് അടച്ചുകെട്ടി നിയന്ത്രണമേര്‍പ്പെടുത്തേണ്ട കാര്യം പോലീസിനില്ല. ഇതുതന്നെ പോലീസിന്റെ ഉദ്ദേശ്യത്തില്‍ സംശയം ജനിപ്പിക്കുന്നു. പൂരം തകര്‍ക്കാന്‍ ശ്രമം നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: