മലപ്പുറം: വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ രംഗത്തിന്റെ ശാക്തീകരണത്തിലൂടെ മലപ്പുറത്തിന് വന്‍ സാധ്യതകളാണെന്ന് റൈസ് ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ ഷെട്ടി. വിദ്യാഭ്യാസ വികാസ കേന്ദ്രവും ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റൈസ് (ആര്ഐഎസ്ഇ) ഫോറം ഫോര്‍ ഡവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം സൂര്യ റെസിഡന്‍സിയില്‍ നടന്ന സമ്മേളനത്തിന്റെ തീം വിദ്യാഭ്യാസം, തൊഴില്‍-നൈപുണി വികസനം, യുവാക്കളുടെ ശാക്തീകരണം, പ്രാദേശിക വികസനം എന്നതായിരുന്നു.
സേവന രംഗത്തെ അഴിമതിയും കാലതാമസവും തുടച്ചുനീക്കാന്‍ ഡിജിറ്റൈസേഷന് കൊണ്ടുവരണമെന്നു കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രൊഫ. അബ്ദുള്‍ സലാം പറഞ്ഞു. മലപ്പുറത്തിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയം ഗൈനക്കോളജിസ്റ്റ് ഡോ. സുധ അവതരിപ്പിച്ചു.
തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ ഡിസൈന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ തെയാറാകണമെന്ന് മജ്ലിസ് കോളജ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍ ഡോ. നിതിന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ ജ്ഞാന പരമ്പരിയില്‍ അധിഷ്ഠിതമായ ആഡ്ഓണ്‍ കോഴ്സുകളെ കുറിച്ചും അദേഹം അവതരിപ്പിച്ചു. സ്കില്‍ അധിഷ്ഠിത കോഴ്സുകള്‍ ടെക്നോളജി സൊല്യൂഷന് എന്ന പ്രസന്റേഷനിലൂടെ പുതിയ കോഴ്സുകളുടെ വിവിധ സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്തു.
വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി ബി.കെ. പ്രിയേഷ് കുമാര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജിതിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: