സംഭൂതിം ച വിനാശം ച
യസ്തദ് വേദോഭയം സഹ
വിനാശേന മൃത്യും തീര്‍ത്വാ
സംഭൂത്യാമൃതമശ്‌നുതേ
(സംഭവിച്ചതിനെയും നാശം ഉള്ളതിനെയും രണ്ടിനെയും യാതൊരുവന്‍ ഒന്നിച്ച് അറിയുന്നുവോ അവന്‍ നാശം ഉള്ളതിനെക്കൊണ്ട് സ്ഥലമായ മരണത്തെ കടന്നിട്ട് സംഭവിച്ചതിനെ കൊണ്ട് മരണമില്ലാത്ത അവസ്ഥയെയും പ്രാപിക്കുന്നു.)
ഈ ശ്ലോകത്തിന്റെ അര്‍ത്ഥവിചാരം ചെയ്യുന്നതിനുമുമ്പ്, നമുക്കൊന്ന് തിരിഞ്ഞ് നോക്കാം. കഴിഞ്ഞ ശ്ലോകങ്ങളില്‍ കൂടി ഉപനിഷത്ത് ഒരേ സമയം പല വഴികളില്‍ കൂടിയാണ് നമ്മെ നടത്തിയത്. ചുറ്റുമുള്ള ഇരുട്ടിനെ തിരിച്ചറിഞ്ഞ് വെളിച്ചത്തിലേക്കുള്ള ഒരു യാത്രയിലായിരുന്നു നമ്മള്‍. വഴിയില്‍ അവിദ്യയും വിദ്യയും ഉണ്ടായിരുന്നു. പക്ഷെ സര്‍വതിലുമുള്ള ഈശ്വരനെ വേര്‍തിരിച്ചറിഞ്ഞ്, ചിലതിനെ അടുത്ത് നിര്‍ത്തിയും മറ്റ് ചിലതിനെ അകറ്റി നിര്‍ത്തിയുമാണ് വഴിതാണ്ടിയത്. അവിടെ ഒന്നിനെയും പൂര്‍ണമായും തള്ളികളഞ്ഞില്ല, സമരസപ്പെടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തി മുന്നോട്ട് പോകുകയായിരുന്നു. അത് ഒരേസമയം ത്യജിച്ച് കൊണ്ട് തന്നെ എല്ലാം അനുഭവിക്കലായിരുന്നു.
യാത്രയില്‍ കൂട്ടായത്, പരമമായ സത്യത്തില്‍ ഉറച്ച ദൃഷ്ടിയിലൂടെ, സര്‍വതിനേയും നോക്കി, അനിത്യത്തില്‍ നിന്നും നിത്യത്തെ വേര്‍തിരിച്ചറിയുന്ന ‘വസ്തു വിചാരം’ ചെയ്യുന്ന മനോനിലയാണ്. അതെപ്പോഴും കൂടെത്തന്നെ ഉണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട പാഠം, യാജ്ഞവല്‍ക്യമഹര്‍ഷിയുടെ ജീവിതാനുഭവമാണ്. ഒന്നും കേട്ടതുകൊണ്ട് മാത്രം വിശ്വസിക്കാതിരിക്കുക. സത്യം ഇന്നലേകളില്‍ ഒതുങ്ങുന്നതല്ല. അത് സൂര്യനെപ്പോലെ കാലാതീതനായി നിങ്ങളുടെ മുമ്പില്‍ തന്നെയുണ്ട്. അതിനെ കാണുവാനുള്ള ആര്‍ജവമാണ്, നിങ്ങള്‍ക്ക് വേണ്ടത്. വെറും ചടങ്ങുകളായി ഈശ്വരനേയും നിങ്ങളേയും മാറ്റാതിരിക്കുക. സത്യാന്വേഷണവിജയം അവനവന്റെ കൈയ്യില്‍ തന്നെയാണ്. ഈ വഴികളില്‍ വിജയിച്ച് മുന്നേറിയവരും ഇടയ്‌ക്ക് തളര്‍ന്നുപോയവരുമായി, പല സമയങ്ങളിലായാണ് നമ്മള്‍ ഇവിടേയ്‌ക്ക് സഞ്ചരിച്ചെത്തിയത്. ഇനി വ്യത്യസ്തതകള്‍ കാണാതെ വേണം ശ്ലോകം പതിനാലിലേക്ക് കടക്കുവാന്‍. എന്തെന്നാല്‍ എല്ലാവഴികളും ഉപനിഷത്ത് ഇവിടെ ഒന്നിപ്പിച്ചിരിക്കുകയാണ്.
സംഭവിച്ചതിനെയും നാശം ഉള്ളതിനെയും ഒരാള്‍ ഒന്നിച്ച് അറിയണം. സംഭവിച്ചത് ആത്മാവ് തന്നെയാണ്. ഇവിടെ നാശം ഉള്ളത് അതിന്റെ രൂപങ്ങള്‍ക്ക് മാത്രമാണ്. അതിനെ ഒന്നായിത്തന്നെ വിളക്കിച്ചേര്‍ക്കണം. സങ്കല്‍പ്പിക്കുന്നത്, വ്യാവഹാരികമായ നിന്റെ ഈ ശരീരത്തിന് മാത്രമേ നാശമുള്ളൂ, പാരമാര്‍ത്ഥികമായ ഇതിലെ ആത്മാവിന് ഒരിക്കലും നാശമില്ല. ആ അനശ്വരതയോട് ചേര്‍ന്നാണ് ഈ ലോകമാകുന്ന ശരീരവും നില്‍ക്കുന്നത്. അതിനാല്‍ ആത്മാവും ലോകവും ഒന്നാണെന്ന ഉറച്ച ചിന്തയോടെ മാത്രമേ ഈ ലോകത്തെ സമീപിക്കുവാനും വ്യവഹരിക്കുവാനും പാടുള്ളൂ. നിന്നിലുള്ള ഈശ്വരന്‍ ‘ഞാന്‍’ അറിയാതെ, ഈ ലോകം സൃഷ്ടി ക്കുന്ന ‘ഞാനാ’യി മാറിപ്പോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ശരീരത്തിന്റെ ‘ഞാന്‍’; പരമനായ ഈശ്വരന്‍ ഇതില്‍ തിളങ്ങു മ്പോള്‍ പ്രതിഫലിച്ചുണ്ടാകുന്ന വെറും മിഥ്യയാണെന്നും, ഇവിടെ ഞാനും ഈശ്വരനും തമ്മില്‍ യാതൊരു അകലവുമില്ല എന്ന മഹാ തത്ത്വത്തെയുമാണ്, തത്ത്വമസിയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത് (അല്ലാതെ ഇപ്പോഴുള്ള ഞാന്‍ തന്നെയാണ് ഈശ്വരന്‍ എന്നല്ല). ആ സ്വരൂപമായ ഈശ്വരസത്തയെ, കണ്ടെത്തു വാനുള്ളതാണ്. അതായത് ‘തത്ത്വമസി’ നമ്മു ടെ മുമ്പിലുള്ള ഒരു ചോദ്യവും, ജീവിതവഴി കളിലൂടെ കണ്ടെത്തേണ്ട ഉത്തരവുമാണ്. നിന്നിലെ ആ ആനന്ദമായ ഉത്തരത്തെ അനുഭ വവേദ്യമാക്കി തരുവാന്‍ ഈ ശരീരത്തിനും ലോകത്തിനും സാധിക്കും. നീ ക്ഷണികസത്തയെന്ന് ചിന്തിച്ച് അവഗണിക്കുന്ന ഈ ലോകത്തിന്, പ്രപഞ്ചസ്രഷ്ടാവിനെ ആവി ഷ്‌കരിച്ച്, ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിക്കുവാനുള്ള കഴിവുണ്ടെന്നറിയുക. നിന്നെ ചൂഴ്ന്ന് നില്‍ക്കുന്ന ഈ നശ്വരതയാണ് നിന്റെ മോക്ഷത്തിലേക്കുള്ള കവാടം. ആ അറിവാണ് സംഭവിച്ചതിനെയും നാശമുള്ള തിനെയും ഒന്നിപ്പിക്കുന്ന അറിവ്.
ഈ ലോകമായും ഇവിടുത്തെ ജീവിതങ്ങളായും നില്‍ക്കുന്ന കാലസ്വരൂപനായ ഈശ്വരന്‍, നിന്നെ സംബന്ധിച്ച് പ്രകൃതിയെന്ന അമ്മയും പുരുഷനെന്ന അച്ഛനുമാണ്. ആ ദര്‍ശനത്തെ മുറുകെപ്പിടിച്ച് ധാര്‍മ്മികതയോടെയും, സദാചാരത്തോടെയും ഇവിടെ ജീവിക്കുക. നശ്വരമായ ഈ ലോകത്ത് അന ശ്വരമായ കാലം ഉണര്‍ന്നിരിക്കുകയാണ്. നടക്കുമ്പോള്‍ അതിനെ കാണണം. വീഴ്ചകളുടെ കണക്കുകള്‍, ഇനിയും കൂട്ടിവയ്‌ക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു നാള്‍, ‘ഞാന്‍’ ‘ഞാന്‍’ എന്ന് കരുതി ജീവിക്കുന്ന ക്ഷണികമായ ഈ ശരീരത്തിന് വീഴേണ്ടിവരും. എന്നാല്‍ മരണമെന്ന ആ ഘട്ട വും താണ്ടി, ശരീരം ഉണ്ടാക്കിയെടുക്കുന്ന ‘ഞാനിന്റെ’ അഥവാ ‘നിന്റെ’ യാത്ര തുടര്‍ന്ന് കൊണ്ടേയിക്കും, കണക്കുകള്‍ തീര്‍ത്ത്, സ്ഥായിയായ സ്വരൂപത്തില്‍ ലയിച്ച് ഇല്ലാതാകുന്നതൂ വരെ ആ യാത്ര തുടരും. അത് മറക്കാതെ, ഇന്ന് ഈ ശരീരത്തേയും ജീവിതത്തേയും, അനശ്വരമായ ജീവാത്മാപരമാത്മാബന്ധത്തെ നേടുവാനായി ഉപയോഗിക്കുക.
അതാണ് ‘നാശമുള്ള നിങ്ങളുടെ ശരീരം കൊണ്ട് സ്ഥൂലമായ മരണത്തെ കടന്നിട്ട്, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കുക’ എന്നത്. എന്നാല്‍ ഈ വരികളിലൂടെ രണ്ട് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഒന്ന്, ജീവിതം കൊണ്ട് ഓരോ ആളും അവനവന്റെ ആത്മാവിലേ ക്കാണ് എത്തിച്ചേരേണ്ടത്. മറ്റൊന്ന്, ആ യാത്രയില്‍ സംഭവിക്കുന്ന സ്വാഭാവികമായ മരണത്തിലും അടിതെറ്റാതെ നീ ലക്ഷ്യത്തെ തന്നെ പ്രാപിക്കുമെന്നുള്ള ഒരു ഉറപ്പ് നല്‍കലുമാണ്. അതിനാല്‍ ജീവിതക്കളരിയില്‍ നീ പഠിച്ചതും പരിശീലിച്ചതുമെല്ലാം നിന്റെ സ്വരൂ പത്തില്‍ എത്തിചേരുവാനായി ഉപയോഗിക്കുക.
അതിന് കഴിഞ്ഞില്ലെങ്കില്‍ മുഴുവിക്കാത്ത ഒരു വരിയായി നിന്റെ ഈ ജന്മവും കടന്നുപോകും. എന്നോ ലഭിച്ചേക്കാവുന്ന മറ്റൊരു അവസരത്തിനായി കാത്തിരിക്കാതെ, ‘ഈശാവാസ്യമിദം സര്‍വം’ എന്ന. കാഴ്‌ച്ചയിലൂടെ, കാലത്തിന്റെ കൈപിടിച്ചു കൊണ്ട് ഈശ്വരനെന്ന പദത്തിലേക്ക് മടങ്ങുക. മനുഷ്യജന്മം നല്‍കിയതിലൂടെ പ്രകൃതി യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നതും അതാണ്.
ഈ ഉപനിഷത്തിനെ, ജീവിതത്തിന്റെ ഭാഗത്ത് നിന്നാണ് വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചത്. ആ കോണില്‍ നിന്ന് നോക്കുമ്പോള്‍, വിദ്യയും അവിദ്യയും സമന്വയിപ്പിക്കാനുള്ള പാഠങ്ങളില്‍നിന്ന് ചില പ്രധാനപ്പെട്ട കണ്ണികളുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. ഈ വ്യാഖ്യാനം ലക്ഷ്യം കാണണമെങ്കില്‍ അവയെ അവഗണിക്കാന്‍ പാടില്ലായെന്ന് തോന്നല്‍ ശക്തമായതിനാല്‍, നിരീക്ഷണങ്ങള്‍ ശരിവയ്‌ക്കുന്നതും യുക്തിക്ക് സമ്മതവുമായ കുറച്ച് നിഗമനങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുവാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: