ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഒരു കുന്നിന് മുകളിലാണ് ശിവഭക്തര്‍ക്കു പ്രിയങ്കരമായ പഹാഡി മന്ദിര്‍. ഏറെ പ്രസിദ്ധമായൊരു ശിവക്ഷേത്രം. 2,140 അടി ഉയരമുണ്ട് ക്ഷേത്രമിരിക്കുന്ന കുന്നിന്. ശിവസാന്നിധ്യത്തിനപ്പുറം കുന്നിനേയും ക്ഷേത്രത്തേയും പ്രസിദ്ധമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അതാണ് ആത്മീയതയിലെ ദേശീയത.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശഭക്തരെല്ലാം ഇവിടെ ഒത്തുചേരും. ദേശീയ പതാകയുയര്‍ത്തും. ബലിദാനികളുടെ ഓര്‍മകള്‍ക്ക് അന്ന് ദൈവികമായൊരു പരിവേഷം കൈവരും. സ്വാതന്ത്ര്യസമരകാലത്ത് ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാക്കളെ അനുസ്മരിക്കാന്‍ ഒരു നാടൊന്നാകെ ക്ഷേത്രസന്നിധിയിലെത്തുന്നത് അപൂര്‍വതയാണ്.
സ്വാതന്ത്ര്യാനന്തരം, റാഞ്ചിയിലെ സ്വാതന്ത്ര്യ സമരസേനാനി കൃഷ്ണ ചന്ദ്രദാസ് ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യസന്ദേശവുമായി ക്ഷേത്രത്തില്‍ ഒരു ശിലാലിഖിതവും കാണാം. 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയിലാണ് ഇത് എഴുതിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് പഹാഡി മന്ദിര്‍ ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അവര്‍ ഈ കുന്നിന് മുകളില്‍ കൊണ്ടുവന്നാണ് തൂക്കിലേറ്റിയിരുന്നത്. ഫാന്‍സി തോംഗ്രി (തൂക്കിലേറ്റുന്ന കുന്ന്) എന്നറിയപ്പെട്ടിരുന്ന ഈ കുന്നിനു മുകളിലുള്ള മരങ്ങളില്‍ 250 ലധികം വീര സേനാനികളെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തൂക്കിലേറ്റിയതായി പറയപ്പെടുന്നു.
ക്ഷേത്ര പരിസരത്തു നിന്നു നോക്കിയാല്‍ താഴെ നഗരത്തിന്റെ വശ്യമായ കാഴ്ച കാണാം. കുത്തനെയുള്ളതാണ് മുകളിലേക്കുള്ള കയറ്റം. ക്ഷേത്ര സമുച്ചയത്തില്‍ ജാര്‍ഖണ്ഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഒരു ചെറിയ മ്യൂസിയവുമുണ്ട്. 468 പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍.
കുന്നിന്റെ അടിവാരത്ത് കാളീക്ഷേത്രവും മഹാകാല്‍ ക്ഷേത്രവും, കുന്നു കയറുമ്പോള്‍ വഴിയില്‍ നടുവിലായി വിശ്വനാഥ ക്ഷേത്രവുമുണ്ട്. കുന്നിന്റെ നെറുകയില്‍ ദുര്‍ഗാക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, നാഗക്ഷേത്രം എന്നിവയ്ക്കൊപ്പം ചെറിയൊരു ഗുഹയും കാണാം. ഗുഹയിലെ പാറയില്‍ ശിവന്റെ കാല്‍പ്പാടുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
പഹാരി മന്ദിറിന്റെ ചരിത്രം തുടങ്ങുന്നത്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു കൂട്ടം സംന്യാസിമാര്‍ കുന്നില്‍ ഒരു ശിവലിംഗം കണ്ടെത്തിയതോടെയാണ്. അതിനു ചുറ്റും അവര്‍ ഒരു ചെറിയ ക്ഷേത്രം പണിതു,ക്ഷേത്രം പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു.
പ്രകൃതി സ്നേഹികള്‍ക്കും സാഹസികര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് പഹാഡി മന്ദിര്‍. പക്ഷി നിരീക്ഷകരുടെ സങ്കേതം കൂടിയാണിത്. മഹാശിവരാത്രിനാളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പഹാഡിമന്ദിരിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: