കടയ്ക്കാവൂര്‍: ത്രിതല പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടി സ്വീകരണ യോഗ സ്ഥലത്ത് പരാതി പ്രളയം. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയപ്പോഴാണ് ആവേശകരമായ സ്വീകരണം നല്‍കിയശേഷം പരാതിയുമായി ഒരുകൂട്ടം അമ്മമാര്‍ സ്ഥാനാര്‍ത്ഥിയെ സമീപിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം കടയ്ക്കാവൂര്‍ മണ്ഡലത്തില്‍ ആയിരുന്നു പര്യടനം. ആദ്യ സ്വീകരണസ്ഥലമായ കിഴുവിലം കുറക്കട അംബേദ്കര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് പരാതിയുടെ കെട്ടുമായി നിരവധി അമ്മമാര്‍ വി. മുരളീധരന് സമീപിച്ചത്. കുറക്കട അംബേദ്കര്‍ ഗ്രാമം ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റ് അടക്കം നല്‍കാതെ തങ്ങളെ അവഗണിക്കുകയാണെന്ന് അമ്മാര്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍ ആണ്. ഗ്രാമത്തിലുള്ളവര്‍ക്ക് തൊഴിലില്ല. വരുമാന മാര്‍ഗമായിരുന്ന കശുവണ്ടി ഫാക്ടറി വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണെന്നും പ്രദേശവാസികള്‍ വി.മുരളീധരനോട് പറഞ്ഞു.
പലരും പരാതികള്‍ രേഖാമൂലം എഴുതിക്കൊടുക്കുകയും ചെയ്തു. താന്‍ ജയിച്ചു വന്നാല്‍ എല്ലാ വിഷയങ്ങളും പഠിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പു നല്കിയ ശേഷമാണ് സ്വീകരണ സ്ഥലത്തുനിന്നും മടങ്ങിയത്. ഊഷ്മളമായ സ്വീകരണമാണ് മുരളീധരന് അംബേദ്കര്‍ ഗ്രാമം നല്‍കിയത്. ആരതി ഉഴിഞ്ഞും, തിലകം ചാര്‍ത്തിയും, ഹാരങ്ങള്‍ അണിയിച്ചും, മധുരം വിതരണം ചെയ്തുമായിരുന്നു സ്വീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: