ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി പാക്കിസ്ഥാനിലെ രാഷ്‌ട്രീയക്കാർ പോലും പറയുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മധ്യപ്രദേശിലെ ഹൊഷംഗബാദ് ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ വെള്ളിയാഴ്ച വൈകുന്നേരം സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു യാദവ്.
കോൺഗ്രസ് വിതച്ച വിത്ത് കൊണ്ടാണ് ഇന്ത്യ വിഭജിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. അയൽരാജ്യത്ത് അതിജീവന പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങളും ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ നേതാക്കൾ നരേന്ദ്ര മോദി പാകിസ്ഥാനിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ നിരന്തരം പറയുന്നുണ്ട്. നിങ്ങൾ ഒരു നേതാവാണെങ്കിൽ, നിങ്ങളുടെ ശത്രു പോലും നിങ്ങളെ പുകഴ്‌ത്തുന്ന തരത്തിലായിരിക്കണം നിങ്ങൾ. മോദി ഞങ്ങളുടെ അഭിമാനമാണ്” – യാദവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ ഭാരതം, പാകിസ്ഥാൻ എന്നിങ്ങനെ വിഭജിച്ച കോൺഗ്രസ് പാർട്ടിയുടെ നെറ്റിയിൽ കളങ്കമുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു. രാജ്യ വിഭജന സമയത്ത് ബിജെപിയോ ജനസംഘമോ ഇല്ലായിരുന്നു. കോൺഗ്രസ് വിതച്ച വിത്ത് കാരണം രാജ്യം വിഭജിക്കപ്പെട്ടു. പഞ്ചാബിന്റെ പകുതിയും പാകിസ്ഥാനിൽ പോയിയെന്നും യാദവ് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ജനങ്ങളിൽ ഭയം സൃഷ്ടിച്ചത് കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ, കോൺഗ്രസ് പറഞ്ഞു ഇത് സംഭവിച്ചാൽ രാജ്യത്ത് രക്ത നദികൾ ഒഴുകും. സിരകളിൽ രക്തം ഉള്ളപ്പോൾ മാത്രമേ രക്ത നദികൾ ഒഴുകുകയുള്ളൂ, കോൺഗ്രസിന്റെ സിരകളിൽ മുഴുവൻ വെള്ളമാണ്. അതേ സമയം ആർട്ടിക്കിൾ 370-ന്റെ കളങ്കം തുടച്ചുനീക്കപ്പെട്ടതിൽ രാജ്യം ആഘോഷിക്കുകയാണെന്നും യാദവ് പറഞ്ഞു.
കശ്മീരിലെ ജനങ്ങൾ വളരെ സന്തുഷ്ടരാണ്, പാകിസ്ഥാനിൽ ജീവിക്കാൻ പ്രയാസമുള്ളതിനാൽ അവരെ ഇന്ത്യയിൽ ഉൾപ്പെടുത്താൻ പിഒകെയിലുള്ളവർ പോലും ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൊഷംഗബാദ് ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: