തിരുവനന്തപുരം: മോക് പോള്‍ പരിശോധനയില്‍ വിവിപാറ്റ് പ്രിന്റില്‍ അധിക വോട്ടു വന്നതിനു പിന്നില്‍ ഗൂഡാലോചന നടന്നതായി സംശയം. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ വിജയത്തിന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തെയാണ് ആക്ഷേപിക്കുന്നത്. തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാമെന്ന് വ്യക്തമായിട്ടും ബിജെപി വിരുദ്ധത തലയ്ക്ക് പിടിച്ച മാധ്യമങ്ങള്‍ വലിയ വാര്‍ത്ത നല്കുകകയും ചെയ്യുന്നു.
കാസര്‍കോട് യന്ത്രങ്ങള്‍ സജ്ജമാക്കിയതിനു ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനയ്ക്കുള്ള സ്ലിപ്പാണ് മോക്പോളിനിടെ ലഭിച്ചതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും വിവാദമുണ്ടാക്കിയത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇല്ലാതാക്കാന്‍ മാത്രമായിരുന്നു. പത്തനംതിട്ട ജില്ലയിലും സമാന സംഭവം നടന്നു. പ്രാഥമിക പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വിവിപാറ്റ് സ്ലിപ്പിന്റെ പ്രിന്റ് എടുക്കാതെ മോക് പോള്‍ നടത്തിയത് മന: പൂര്‍വമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വസനീയത ബോധ്യപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന് ധാരാളം ചലഞ്ചുകള്‍ ഒരുക്കിയിരുന്നു. ആര്‍ക്കും അവിടെയെത്തി ഇതിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം നല്‍കിയിരുന്നു. പൊതു ജനങ്ങള്‍ക്കും രാഷ്ടീയ പാര്‍ട്ടികള്‍ക്കും ഒന്നും ഒരു വൈകല്യവും ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ്സൊക്കെ കൊടുത്തെങ്കിലും തെളിവ് നല്കാന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ദിവസം കേരളത്തില്‍ വിവിപാറ്റ് പ്രിന്റില്‍ അധിക വോട്ടു വന്നതായി വാര്‍ത്ത വന്നതും അത് അപ്പോള്‍ തന്നെ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തത് സംശയത്തിന് ഇടനല്‍കുന്നതാണ്. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തില്‍ അമിതമായ സംശയം വേണ്ടന്ന മുന്നറിയിപ്പാണ് കോടതി നല്‍കിയത്.
വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണോ?
പലര്‍ക്കും ഉള്ള ഒരു സംശയമാണ്. നൂറു ശതമാനം ഉറപ്പായും പറയാം.ഇന്ത്യന്‍ വോട്ടിംഗ് മെഷീനുകള്‍ പരിപൂര്‍ണ്ണ സുരക്ഷിതമാണ്.ഇന്ത്യയില്‍ വോട്ടിംഗ് മെഷീനുകള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് കോര്പ്പറേഷന്, ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ്.ഇതിന്റെ നിര്‍മ്മാണം തികച്ചും സുതാര്യമാണ്.. ഈ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് എന്‍ജിനീയറുമ്മാരും ടെക്നീഷ്യന്‍സും ഒരുമിച്ച് ചേര്‍ന്നാണ് ഇത് രൂപകല്‍പ്പന ചെയ്യുന്നത്.
നോമിനേഷനുകള്‍ പൂര്‍ത്തിയായാല്‍ ഒരു ദിവസം എല്ലാ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമ്മാരെയും ഒരിടത്ത് വിളിച്ചു കൂട്ടി മെഷീനുകളെ സജ്ജമാക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുന്നു.സ്ഥാനാര്‍ത്ഥികളുടെ ഓര്‍ഡര്‍ തിരുമാനിയ്ക്കുന്നത് വരണാധികാരിയാണ്.തിരഞ്ഞെടുപ്പു കമ്മീഷന്റെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇക്കാര്യത്തിലുണ്ട്. അംഗീകാരമുള്ള പാര്‍ട്ടികള്‍, അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ ,സ്വതന്ത്രര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകള്‍ കാണും. ഇതില്‍ ഓരോന്നിലും പേരിന്റെ ഇംഗ്ലീഷ് ആല്‍ഫബറ്റിക്കല്‍ ഓര്‍ഡറാണ് പരിഗണിക്കുന്നത്. ഇതു പ്രകാരം ഓര്‍ഡര്‍ നിശ്ചയിച്ചാണ് ബാലറ്റ് യൂണിറ്റുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. വോട്ടിംഗ് മെഷീന് നിര്‍മ്മിക്കുമ്പോള്‍ തീരുമാനിക്കുന്ന കാര്യമല്ല ഒന്നാമത്തെ സ്വിച്ചില്‍ എത് സ്ഥാനാര്‍ത്ഥിക്കുള്ള സ്റ്റിക്കറാണ് പതിക്കുന്നത് എന്നത്. അത് ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുകളെ ആശ്രയിച്ചിരിയ്ക്കും.ഇത് ഒരിക്കലും മുന്‍കൂട്ടി നിശ്ചയിക്കാവുന്ന ഒരു കാര്യമല്ല.
വോട്ടിംഗ് മെഷീനുകളുടെ കാര്യക്ഷമത തെരഞ്ഞെടുപ്പ് ഏജന്റന്മാരുടെ യോഗത്തില്‍ ഉറപ്പാക്കും.ഓരോ സ്വിച്ച് പ്രസ് ചെയ്യുമ്പോഴും കൃത്യമായി വോട്ടുകള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. മോക്ക് പോളും മോക്ക് കൗണ്ടിംഗും നടത്തി നോക്കും. ഇതിനു ശേഷമാണ് മെഷീനുകള്‍ ബൂത്തുകളിലേക്ക് അലോട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പിന്റെ തലേദിവസം മെഷീനുകള്‍ ഓരോ ബൂത്തിലേയും ഉത്തരവാദിത്തപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍ക്കും ടീമിനും കൈമാറുന്നു.ഇവരും മെഷീന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു.സ്ഥാനാര്‍ത്ഥികളുടെ ബാലറ്റ് യൂണിറ്റിലെ ഓര്‍ഡറും ഇവര്‍ ചെക്ക് ചെയ്യുന്നു.വോട്ടിംഗ് റിവസം രാവിലെ ഓരോ ബൂത്തിലും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുന്മാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തുന്നു. ആദ്യം കണ്ട്രോള് യൂണിറ്റിലെ എല്ലാ സ്ഥാനാര്‍ത്ഥികളുടെ കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സംഖ്യകളും പൂജ്യമാക്കി സെറ്റ് ചെയ്യുന്നു.ഇതിന് ക്ലിയര്‍ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ശരിയാണെന്നുറപ്പിക്കാന്‍ കൗണ്ട് എന്ന സ്വിച്ചില്‍ അമര്‍ത്തിയാല്‍ മതി. എല്ലാം പൂജ്യമായതായി സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു. എന്നിട്ട് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പത്തിലധികം വോട്ടുകള്‍ സുതാര്യമായി സ്വിച്ചമര്‍ത്തി പോള്‍ ചെയ്യുന്നു.എന്നിട്ട് കൗണ്ടില്‍ അമര്‍ത്തി മോക്ക് കൗണ്ടിംഗ് നടത്തി നോക്കുന്നു. ഒരിക്കല്‍ കൂടി ക്ലിയര്‍ സ്വിച്ച് അമര്‍ത്തി എല്ലാ കൗണ്ടര്‍ വാല്യുവും പൂജ്യമാക്കി മാറ്റുന്നു. എല്ലാവര്ക്കും ബോധ്യമായതിനു ശേഷം ക്ലിയര്‍, കൗണ്ട് എന്നീ സ്വിച്ചുകളാക്കം സീല്‍ ചെയ്ത് ഏജന്റുമാര്‍ സഹിതം സീലില്‍ ഒപ്പ് വയ്ക്കുന്നു.
പിന്നീട് യഥാര്‍ത്ഥ വോട്ടിംഗ് ആരംഭിക്കുന്നു. ഒരു വോട്ടറെത്തി രജിസ്റ്ററില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒരു സ്വിച്ചില്‍ വിരല്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് വോട്ടിംഗിനു വേണ്ടി സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റില്‍ ഒരു പച്ച ലൈറ്റ് തെളിയും. ഇനി വോട്ടര്‍ക്ക് വോട്ട് ചെയ്യാം. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ വോട്ട് രേഖപ്പെടുത്തുകയും പ്രസ്തുത സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ സൂക്ഷിക്കുന്ന മെമ്മറിയില്‍ ഉള്ള സംഖ്യ ഒന്നു കൂടുകയും ചെയ്യും.ഇത് കഴിഞ്ഞാല്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം. ആ വോട്ടറുടെ വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്നതിന്റെ സൂചനയാണത്. ബീപ് കേട്ടില്ലങ്കില്‍ വോട്ട് രേഖപ്പെടുത്തിയില്ല എന്നര്‍ത്ഥം.
ഇതു കൂടാതെ വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ് ) എന്ന സംവിധാനം കൂടിയുണ്ട്.ഒരു വോട്ടര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ അത് കൃത്യമായി ഒരു പേപ്പറില്‍ അടയാളപ്പെടുത്തി വോട്ടറുടെ മുന്നിലെത്തും.തന്റെ വോട്ട് കൃത്യമായി ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയെന്ന് കണ്ടുറപ്പാക്കാന്‍ ഇതിനാല്‍ സാധിക്കും.ഇത് ഒരു സമാന്തര പേപ്പര്‍ ബാലറ്റ് സംവിധാനമാണ്. ഏതാനും സെക്കന്‍ഡുകള്‍ക്ക് ശേഷം ഇത് ഒരു സുരക്ഷിതമായ പെട്ടിയില്‍ നിക്ഷേപിക്കപ്പെടുന്നു.ഇത് കൈ കൊണ്ട് ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതു പോലെ ഉള്ള ഒരു സംവിധാനമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഈ പേപ്പര്‍ ബാലറ്റുകളും സമാന്തരമായി എണ്ണി കൃത്യത വീണ്ടും ഉറപ്പിക്കുന്നുണ്ട്.വോട്ടെടുപ്പ് സമയം കഴിഞ്ഞാല്‍ മെഷീന് ക്ലോസ് ചെയ്യുന്നു. ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം കാണുവാന്‍ സാധിക്കും. അത് ഏജന്റുമ്മാര്ക്കും ബോധ്യപ്പെടണം. അതിനു ശേഷം മെഷീന് സീല്‍ ചെയ്യുന്നു.സീല്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പര്‍ സീലുകളുടെ നമ്പരുകള്‍ ഏജന്റുമ്മാരും ഉദ്യോഗസ്ഥരും എഴുതി രേഖപ്പെടുത്തുന്നു. അതിനു ശേഷം സീലില്‍ പ്രിസൈഡിംഗ് ഓഫീസറും ഏജന്റുമ്മാരും ഒപ്പ് വയ്ക്കുന്നു. ഇനി സീല്‍ പൊട്ടിക്കാതെ ആര്‍ക്കും മെഷീനില്‍ ഒന്നും രേഖപ്പെടുത്താനോ തിരുത്താനോ സാധിക്കുന്നതല്ല. അതിനു ശേഷം ഈ സീല്‍ ചെയ്ത മെഷീനുകളും അനുബന്ധ പേപ്പറുകളും സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നു.
വോട്ട് എണ്ണല്‍ ദിവസം ഇവ പുറത്തെടുക്കുന്നു.രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മെഷീന്റെ സീല്‍ പരിശോധിക്കുന്നു. വോട്ടിംഗ് ദിവസം രേഖപ്പെടുത്തിയ നമ്പര്‍ തന്നെയാണോ പേപ്പര്‍ സീലില്‍ ഉളളതെന്നും ഏജന്റ് ഇട്ട ഒപ്പ് കൃത്യമായി അവിടെ ഉണ്ടോ എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്നവര്‍ക്ക് പരിശോധിക്കാം. അതിനു ശേഷം സീല്‍ പൊട്ടിച്ച് മെഷീനില്‍ കൗണ്ട് എന്ന സ്വിച്ചില്‍ വിരല്‍ അമര്‍ത്തുന്നു. ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്പ്ലേയില്‍ തെളിഞ്ഞ് വരും. അതിനു ശേഷം ആ മെഷീനില്‍ സമാന്തരമായി രേഖപ്പെടുത്തിയ വിവിപാറ്റ് പേപ്പര്‍ വോട്ടുകളും എണ്ണും. മെഷീനിലേയും പേപ്പര്‍ ബാലറ്റിലേയും ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ഒന്നു തന്നെ ആണോ എന്ന് ഉറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: