എന്‍ഡിഎ സഖ്യത്തിന് മറ്റു മുന്നണികളില്‍നിന്ന് വ്യത്യാസം ഏറെ ഉണ്ടായിരുന്നു. വാജ്പേയിയുടെ ആറുവര്‍ഷത്തെ ഭരണക്കാലത്ത് എന്‍ഡിഎയില്‍ ചേര്‍ന്ന പാര്‍ട്ടികളുടെ എണ്ണം ഭാരത ദേശീയ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ബിജെപിയോട് ചേരാന്‍ മടിച്ച, തൊട്ടുകൂടായ്മ പ്രഖ്യാപിച്ച പാര്‍ട്ടികള്‍പോലും മുന്നണിയില്‍ അംഗമായി, സര്‍ക്കാരില്‍ പങ്കാളികളായി. ബിജെപിയെ അല്ല, വാജ്പേയിയെയാണ് പിന്തുണയ്ക്കുന്നത്, അദ്ദേഹത്തിന്റെ ചില കാര്യപരിപാടികളെ മാത്രമാണ് എതിര്‍ക്കുന്നത് എന്ന് ചിലര്‍ ന്യായവാദവും നിരത്തി. ”വാജ്പേയി കൊള്ളാം, ബിജെപി മോശം, നല്ല മനുഷ്യന് മോശം പാര്‍ട്ടിയിലായതാണ്’ തുടങ്ങിയ യുക്തിയില്ലാത്ത വാദങ്ങളും ചിലര്‍ ഉന്നയിച്ചു. ‘ഫലം നല്ലതാണെങ്കില്‍ അതുണ്ടാകുന്ന വൃക്ഷവും നല്ലതുതന്നെ,’ എന്ന വാജ്പേയി അതിന് മറുപടിയും നല്കി.
ബാല്‍ ഠാക്കറെ നയിച്ച ശിവസേനയും പ്രകാശ് സിങ് ബാദല്‍ നയിച്ച ശിരോമണി അകാലിദളുമാണ് ബിജെപിയുടെ ആദ്യകാല സഖ്യകക്ഷികള്‍. ബിഹാറില്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും നയിച്ച ജനതാദള്‍ (യുണൈറ്റഡ്), ഒഡീഷയില്‍ നവീന്‍ പട്നായിക് നയിച്ച ബിജു ജനതാദള്‍, ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഹരിയാനയില്‍ നിന്ന് ഓംപ്രകാശ് ചൗഠാലയുടെ നാഷണല്‍ ലോക്ദള്‍, ജയലളിതയുടെ എഐഎഡിഎംകെ, കരുണാനിധിയുടെ ഡിഎംകെ, വൈകോയുടെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എംഡിഎംകെ), ഡോ. രാംദാസിന്റെ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ), കേരളത്തില്‍നിന്ന് പി.സി. തോമസിന്റെ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, മിസോ നാഷണല്‍ ഫ്രണ്ട്, രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, ഫറൂഖ് അബ്ദുള്ളയുടെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നിവ പ്രധാന സഖ്യകക്ഷികളാണ്. ഇവയെക്കൂടാതെ പൊതുതെരഞ്ഞെടുപ്പില്‍, സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളില്‍ ചിലതും അവിടവിടങ്ങളില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍, 2004 ലെ തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍നിന്ന് എന്‍ഡിഎയ്ക്ക് പടിയിറങ്ങേണ്ടിവന്നു.
ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായിരിക്കെയാണ് ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 2004 സപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അത് അഞ്ചു മാസം മുന്‍പ് നടത്താന്‍ തീരുമാനിച്ചു. പക്ഷേ, അപ്രതീക്ഷിതമായ തോല്‍വിക്ക് ഇടയാക്കി.
‘ഇന്ത്യ ഷൈനിങ്’- ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണം മാത്രമായിരുന്നു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഉയര്‍ത്തിയത്. അത് ഫലിച്ചില്ല. തെരഞ്ഞെടുപ്പ് നേരത്തേയാക്കിയത്, പ്രതിപക്ഷത്തിന്റെ എതിര്‍പ്രചാരണം, വാജ്പേയിക്ക് കാല്‍മുട്ട് ശസ്ത്രക്രിയയെത്തുടര്‍ന്ന് വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് പങ്കെടുക്കാനാകാഞ്ഞത് എന്നിവയ്ക്കു പുറമേ മൂന്നു കാരണങ്ങള്‍ കൂടിയുണ്ടായി എന്ന് വിലയിരുത്താം. ഇതിനെല്ലാം ഉപരിയായിരുന്നു അഴിമതിക്കെതിരെയും ഭീകരപ്രവര്‍ത്തനത്തിനെതിരെയുമുള്ള വാജ്പേയി സര്‍ക്കാരിന്റെ നിലപാടുകളും നടപടികളും ചിലര്‍ക്കുണ്ടാക്കിയ തടസങ്ങള്‍. അതിന്റെ ‘ദോഷം’ അനുഭവിച്ച ആഭ്യന്തര ബാഹ്യശക്തികള്‍ തെരഞ്ഞെടുപ്പില്‍ വലിയ പങ്കുവഹിച്ചു. ബിജെപിയുടെ പക്ഷത്തായിരുന്ന, എന്‍ഡിഎയുടെ ഭാഗമായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെയെ അവര്‍ക്കൊപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ചെന്നൈയില്‍ എത്തി കരുണാനിധിയുമായി ചര്‍ച്ച നടത്തി. രാജീവ് ഗാന്ധിയുടെ വധത്തില്‍ പ്രതിസ്ഥാനത്താണ് ഡിഎംകെയെന്ന് ആരോപിച്ച്, അവര്‍ പങ്കാളിയായ സര്‍ക്കാരിനെ വീഴിച്ച അതേ കോണ്‍ഗ്രസ്, ഈ ചുവടുമാറ്റത്തിന് തയാറായത് ഏത് ശക്തിയുടെ ബുദ്ധിയും കരുത്തും കൊണ്ടാണെന്ന് ഇന്നും വ്യക്തമല്ല. ആന്ധ്ര, തമിഴ്നാട്, ഝാര്‍ഖണ്ഡ്, ഹരിയാന, ജമ്മുകശ്മീര്‍, ആസാം സംസ്ഥാനങ്ങളാണ് എന്‍ഡിഎക്ക് വലിയ ക്ഷീണം ഉണ്ടാക്കിയത്. അവിടങ്ങളില്‍ സഖ്യമുണ്ടാക്കുന്നതിന് പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞില്ല, അല്ലെങ്കില്‍ മറ്റു ചിലര്‍ അവരെ വശത്താക്കി.
എങ്കിലും തെരഞ്ഞെടുപ്പു ഫലത്തില്‍ ബിജെപിയെ സംബന്ധിച്ച് ചില ആശ്വാസ സൂചനകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന് 145 സീറ്റ് കിട്ടിയത് 400 സീറ്റില്‍ മത്സരിച്ചിട്ടാണ്. 346 സീറ്റില്‍ മത്സരിച്ച ബിജെപി 138 സീറ്റ് നേടി. പക്ഷേ 1999 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ (182) കുറവായിരുന്നു. 1999ല്‍ എന്‍ഡിഎയ്ക്ക് കിട്ടിയ 303 സീറ്റ് നേട്ടം 2004 ല്‍ 186 ആയി കുറഞ്ഞു. എന്‍ഡിഎയിലെ ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, ശേഷിക്കുന്നവരെ പിടിച്ചുനിര്‍ത്താന്‍ ബിജെപി മത്സരിച്ച സീറ്റെണ്ണം കുറച്ചത് എന്നിവയും ഘടകമായി. പലയിടങ്ങളിലും തോറ്റത് കുറഞ്ഞ വോട്ടുകള്‍ക്കായിരുന്നുവെന്നതാണ് അവര്‍ക്ക് ആശ്വാസമായത്. എന്‍ഡിഎയുടെ ക്ഷയവും യുപിഎ എന്ന പുതിയ മുന്നണിയുടെ ഉദയവുമായിരുന്നു അത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തവണ ആരെയും പിന്തുണക്കാനല്ല, ആരുടെ പിന്തുണ നേടിയായാലും അധികാരത്തില്‍ എത്തുക എന്ന തീരുമാനമെടുത്തു. കൗതുകകരമായ ഒരു കാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. 1996ലെ വലിയ പരാജയത്തിനുശേഷം പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയാധിപത്യമുള്ള മുന്നണി രാഷ്ട്രീയമായിരുന്നു ദേശീയ രാഷ്ട്രീയം ഭരിച്ചത്. ഒറ്റക്കക്ഷി ഭരണം കഴിയുന്നു, ഇനി കൂട്ടുകക്ഷികള്‍ക്കും മുന്നണികള്‍ക്കുമേ അധികാരത്തില്‍ വരാന്‍ കഴിയൂ എന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വന്നു. അപ്പോള്‍, 1998ല്‍ പഛ്മാഡിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോണ്‍ക്ലേവിലെടുത്ത തീരുമാനം വിചിത്രമായിരുന്നു. ‘കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരും, ഒരു പ്രാദേശിക പാര്‍ട്ടിയുടേയും സഹായം ഇല്ലാതെ, ഒരു സഖ്യവും ചേരാതെ,’ എന്നായിരുന്നു രാഷ്ട്രീയ പ്രമേയം. പക്ഷേ, ബദ്ധരാഷ്ട്രീയ വൈരികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ പിന്തുണയുള്‍പ്പെടെ നേടിയാണ് കോണ്‍ഗ്രസ് ഭരണത്തില്‍ തിരികെ വന്നത്. കോണ്‍ഗ്രസിനും അവരുടെ പ്രാദേശിക സഖ്യകക്ഷികള്‍ക്കും കൂടി ആകെ ഉണ്ടായിരുന്നത് 216 അംഗബലമാണ്. 62 അംഗങ്ങളുണ്ടായിരുന്ന സിപിഎം, കോണ്‍ഗ്രസിനെ പിന്തുണച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: