കൊച്ചി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ യെമനിലേക്ക് യാത്രയാകുന്നു. പ്രേമകുമാരി എന്ന മേരിയമ്മ ഇന്നു പുലര്‍ച്ചെ 5.30നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുനെല്‍വേലി സ്വദേശി സാമുവല്‍ ജെറോമിനൊപ്പം മുംബൈയിലേക്കും അവിടെനിന്ന് വൈകിട്ട് 5.30നുള്ള യെമനിയ എയര്‍ലൈന്‍സില്‍ യമനിലേക്കും പോകും.
യെമനില്‍ ഫെലിക്‌സ് എയര്‍വേയ്‌സ് സിഇഒയായ സാമുവല്‍ ജെറോമാണ് പ്രേമകുമാരിയുടെ പവര്‍ ഓഫ് അറ്റോര്‍ണി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകളെ അമ്പത്തേഴുകാരിയായ പ്രേമകുമാരി കണ്ടിട്ട് 11 വര്‍ഷമായി. കിഴക്കമ്പലത്തെ വീട്ടില്‍ സഹായിയായി നില്‍ക്കുകയാണ് പ്രേമകുമാരി. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമനിയെ അവിടെ നഴ്‌സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷപ്രിയ കൊന്നുവെന്നാണ് കേസ്.
2020ല്‍ സനായിലെ വിചാരണക്കോടതി നിമിഷയ്‌ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറില്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ നല്കിയ അപ്പീലും നിരസിച്ചു. ‘ദയാധനം’ നല്കിയാല്‍ മോചിപ്പിക്കാമെന്ന മാര്‍ഗമാണ് ഇനി ബാക്കിയുള്ളത്. യെമനിലെ ആഭ്യന്തര സംഘര്‍ഷം മൂലം 2017 മുതല്‍ ഭാരതീയര്‍ യെമനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്.
‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ഇടപെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന് ബാധ്യതയില്ലാതെ യെമനിലേക്ക് യാത്ര ചെയ്യാമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചാണ് പ്രേമകുമാരി യാത്രക്കൊരുങ്ങുന്നത്. മോചനത്തിനായി മലയാളികളില്‍ നിന്ന് ധനശേഖരണം നടത്താനുള്ള തീരുമാനത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: