അംരോഹ/ദംമോഹ്: കോടാനുകോടി ഭാരതീയരുടെ വിശ്വാസങ്ങളെ അപമാനിക്കുകയാണ് കോണ്‍ഗ്രസും ഇന്‍ഡിമുന്നണിയിലെ പാര്‍ട്ടികളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭഗവാന് രാമന് സ്വേച്ഛാധിപതിയായിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്. കടലിനടിയില്‍ ദ്വാരകയില്‍ താന്‍ പൂജ ചെയ്തതിനെയും വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് യുവരാജാവ് അപഹസിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ അംരോഹയിലും മധ്യപ്രദേശിലെ ദംമോഹിലും എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് മോദി ഇന്‍ഡി മുന്നണിയുടെ ഹിന്ദുവിരുദ്ധതയ്ക്കെതിരെ ആഞ്ഞടിച്ചത്.
ഭഗവാന് കൃഷ്ണന് ഉത്തര്‍പ്രദേശില്‍ നിന്നാണ് ഗുജറാത്തിലേക്ക് പോയത്. ഞാന്‍ ഗുജറാത്തില്‍ നിന്ന് ഇവിടേക്ക് വന്നു. കാശി എന്നെ ആ നാടിന്റെ എംപിയായി സ്വീകരിച്ചു. ഞാന്‍ ദ്വാരകയിലേക്ക് പോയത് ഭക്തിയോടെയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് അങ്ങനെയൊരു പൂജയില്ലെന്ന് അപഹസിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യത്തെയാണ് അവര്‍ അപമാനിക്കുന്നത്. കടലിനടിയില്‍ ഒന്നുമില്ലത്രെ. ബിഹാറില്‍ യദുവംശികളെന്ന് അഭിമാനിക്കുന്നവര്‍ എങ്ങനെയാണ് ഇത്തരമൊരു പാര്‍ട്ടിയില്‍ തുടരുന്നത്, അംരോഹയിലെ സമ്മേളനത്തില്‍ പ്രധാനമന്ത്രി ചോദിച്ചു.
കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി രാപകല്‍ അധ്വാനിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശ് ഭരിച്ചിട്ടുണ്ട്. അവര്‍ കര്‍ഷകരോട് എന്താണ് ചെയ്തതെന്ന് എല്ലാവര്ക്കും അറിയാം. അംരോഹയിലെ കരിമ്പ് കര്‍ഷകര്‍ മതിയായ വേതനം ലഭിക്കാതെ ദുരിതപൂര്‍ണ ജീവിതം കഴിച്ച കാലമായിരുന്നു അത്. എന്നാലിന്ന് റിക്കാര്‍ഡ് വിപണിയാണ് കരിമ്പിന്റെ മേഖലയിലുണ്ടായത്, മോദി പറഞ്ഞു.
സനാതനധര്‍മ്മം അവര്‍ക്ക് ഡെംഗുവും മലേറിയയുമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അവര്‍ എതിരായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രീണിപ്പിക്കാനാണ് ക്ഷണം ലഭിച്ചിട്ടും അവര്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. രാജ്യത്തിന്റെ വികാരങ്ങളെയാണ് അവര്‍ അപമാനിക്കുന്നത്. രാജ്യം ആദ്യം എന്ന കാര്യത്തില്‍ ഒരു ശക്തിക്കുമുന്നില്‍ ബിജെപി തല കുനിക്കില്ല, മോദി പറഞ്ഞു.
രാഷ്ട്രമാണ് ഞങ്ങള്‍ക്ക് ആദര്‍ശം. രാഷ്ട്രത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുന്ന എന്തിനെയും ഞങ്ങള്‍ എതിര്ത്തുതോല്പിക്കും. ഭാരതത്തെ ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാക്കി തീര്‍ക്കുന്നതിനുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. ലോകം യുദ്ധമുഖത്തുനില്ക്കുമ്പോള് സ്വന്തം കാലില്‍ നില്ക്കുന്ന ഭരണകൂടം പ്രധാനമാണ്, ശക്തമായ സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് ജനങ്ങളോട് ബിജെപി വോട്ട് തേടുന്നത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: