തിരുവനന്തപുരം: മന്ത്രിയേക്കാള്‍ മുകളില്‍ സൂപ്പര്‍ പവറുള്ള ഉദ്യോഗസ്ഥയോ ഷജ് ന എന്ന ഡിഎഫ്ഒ എന്ന ചോദ്യം ഉയരുന്നത് അവരുടെ സസ്പെന്ഷന് ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ തന്നെ മരവിപ്പിച്ചതോടെയാണ്. വനംമന്ത്രി പോലും അറിയാതെയാണ് ഈ മരവിപ്പിക്കല്‍ ഉത്തരവ് ഇറങ്ങിയതെന്ന് പറയുന്നു. ഇപ്പോള്‍ സുഗന്ധഗിരിയിലെ അനധികൃത മരം മുറിയ്ക്ക് കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ നീതുവിനെ മാത്രം ബലിയാടാക്കിയെന്ന അഭിപ്രായം വനംവകുപ്പിലെ ഉദ്യോഗസ്ഥ തലത്തില്‍ തന്നെയുണ്ട്.
വടകര ലോക് സഭാ മണ്ഡലത്തിലെ തലശേരിയില്‍ കുടുംബ വേരുകളുള്ള ഷജ് നയെ ശിക്ഷിച്ചാല്‍ അത് കെ.കെ. ശൈലജടീച്ചര്‍ക്ക് കിട്ടുന്ന ന്യൂനപക്ഷ വോട്ടുകളെ ബാധിക്കുമെന്നതിനാലാണ് തിരക്കിട്ട് ഷജ് നയുടെ സസ്പെന്ഷന് മരവിപ്പിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു ഷജ് നയെ ശിക്ഷിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നതാണ് രഹസ്യസംസാരം.
വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറിയെ തുടര്‍ന്നാണ് വയനാട് സൗത്ത് ഡിഎഫ് ഒ ആയ എ.ഷജ് ന ഉള്‍പ്പെടെ മൂന്ന് പേരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. ഇതില്‍ ഷജ്നയുടെ സസ്പെന്ഷന് ഉത്തരവ് മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വനം വകുപ്പിനുള്ളില്‍ പൊട്ടിത്തെറിയുണ്ടെന്ന് പറയുന്നു. ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് എ. ഷജ് നയുടെ സസ്പെന്ഷന് ഉത്തരവ് മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: