ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തന തടസങ്ങള്‍ തുടരുന്നതിനാല്‍ ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സര്‍വീസ് തടസപ്പെട്ടത്.
2024 ഏപ്രില്‍ 21 വരെയുള്ള യാത്രയ്‌ക്കായി സാധുതയുള്ള ടിക്കറ്റുകള്‍ സഹിതം എയര്‍ ഇന്ത്യ വിമാനങ്ങള്‍ ബുക്ക് ചെയ്തവര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യുന്നതില്‍ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിനുള്ള മുഴുവന്‍ പണവും വാഗ്ദാനം ചെയ്യുന്നതാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. യാത്രക്കാര്‍ക്ക് റി ഷെഡ്യൂള്‍ ചെയ്യാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതിനായി ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെടണം.
അടുത്ത ദിവസത്തോടെ വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 1,200 വിമാനങ്ങള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.
അതിനിടെ വിമാനം റദ്ദാക്കിയതോടെ തിരിച്ചുപോകാനിടമില്ലാതെയായവര്‍ പലരും കഴിഞ്ഞ രണ്ട് ദിവസത്തോളമായി വിമാനത്താവളത്തില്‍ തന്നെ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗവും തൊഴിലാളികളും കുറഞ്ഞ വേതനക്കാരുമാണ്.
അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക