കോഴിക്കോട്: അറസ്റ്റും ജയിലും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് രാഹുലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊക്കെ കേട്ടാല്‍ കോണ്‍ഗ്രസ് നേതാക്കളെപ്പോലെ പേടിച്ചുവിറയ്‌ക്കുന്ന ആളല്ല താനെന്ന് രാഹുല്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്‍ ബിജെപിയെയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാത്തത് അറസ്റ്റും കോടതിയും ഭയന്നിട്ടാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കാക്കൂര്‍, കൊടുവള്ളി, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ എല്‍ഡിഎഫ് റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള മുഖ്യമന്ത്രിയെ ചോദ്യംചെയ്തില്ല, കസ്റ്റഡിയിലെടുത്തില്ല എന്നതാണ് രാഹുലിന്റെ പ്രയാസം. അദ്ദേഹത്തിന്റെ മുത്തശ്ശി രാജ്യം അടക്കിവാണകാലത്ത് ഒന്നരവര്‍ഷം ജയിലിലടച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുലിന് മാറ്റംവന്നു എന്നാണ് അനുയായികള്‍ പറയുന്നത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ആളുകള്‍ തിരിച്ചറിയും. കോണ്‍ഗ്രസിതര നേതാക്കളെ കള്ളക്കേസില്‍ വേട്ടയാടുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ദല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ കേജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലേ എന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. പിന്നീട് അറസ്റ്റിനെതിരെ രാം ലീലാ മൈതാനിയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രധാനികള്‍ ഇരിക്കുന്നതുകണ്ടു. കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് കേസെടുത്തത്. അതു പിടിച്ചാണ് ഇ ഡി വന്നത്. കേരളത്തില്‍ കിഫ്ബിക്കെതിരെ ഇ ഡി വന്നപ്പോള്‍ തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് വാള്‍ വീശുന്നത് കണ്ടു. അന്വേഷണം നേരിടുമ്പോള്‍ കോണ്‍ഗ്രസുകാരെല്ലാം ബിജെപിയില്‍ ചേരുകയാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: