അമ്പലപ്പുഴ: മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിന് വര്‍ക്ക്ഷോപ്പുകള്‍ക്ക് താഴുവീണു. വര്ക്ക്ഷോപ്പുടമകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മത്സ്യഫെഡ്. സംസ്ഥാനത്ത് ഒന്‍പതു ജില്ലകളിലാണ് ഔട്ട്ബോര്‍ഡ് എഞ്ചിന് വര്‍ക്ക്ഷോപ്പുകള്‍ മത്സ്യഫെഡ് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നത്. 30 വര്‍ഷത്തോളമായി മത്സ്യഫെഡുമായി കരാറടിസ്ഥാനത്തിലാണ് വര്ക്ക്ഷോപ്പുടമകള് പ്രവര്‍ത്തിക്കുന്നത്. ഓട്ടോമൊബൈല്‍ ഐടിഐ പാസായവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.
മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്ന എഞ്ചിനുകളുടെ അറ്റകുറ്റപ്പണിയാണ് ഈ വര്‍ക്ക്ഷോപ്പുകളില്‍ ചെയ്യുന്നത്. വരുമാനത്തിന്റെ 25 ശതമാനം മത്സ്യഫെഡിന് തിരിച്ചടയ്ക്കണമെന്ന കരാറിലായിരുന്നു ഇത്രയും നാള് പ്രവര്‍ത്തിച്ചത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് ഇത് 40 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ നിലവിലുള്ള കരാര്‍ റദ്ദാക്കി പുതിയ കരാര്‍ ക്ഷണിക്കാനും മത്സ്യഫെഡ് തീരുമാനിച്ചിരുന്നു. വില്പനാനന്തര സേവനമായി ലഭിച്ചിരുന്ന ഇന്‍സന്റീവും മത്സ്യ ഫെഡ് റദ്ദാക്കി. ഇത് പുനഃസ്ഥാപിക്കുക, 25 ശതമാനം നിലനിര്‍ത്തുക തുടങ്ങി 11 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്‍പതു ജില്ലകളിലെയും വര്ക്ക്ഷോപ്പുടമകള് പല തവണ മത്സ്യഫെഡിന് കത്തു നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പുടമകള്‍ ഒന്നടങ്കം രാജിക്കത്ത് മത്സ്യഫെഡിന് കൈമാറിയിരുന്നു. പുതിയ കരാര്‍ ക്ഷണിച്ചെങ്കിലും നിശ്ചിത യോഗ്യതയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഞ്ചിന് വര്‍ക്ക്ഷോപ്പുകള്‍ അടച്ചു പൂട്ടലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: