കൊച്ചി: ഭാരതം ഒരു വ്യത്യസ്ത രാഷ്‌ട്രമാണെന്ന് ലോക ജനതയെ പഠിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഭാരതത്തിന്റെ അതിജീവനകഥ. അതിന് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് അഗാധമായി നാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ല്‍ വളരെ താഴ്ന്ന വിദ്യാഭ്യാസനിലവാരം ഉണ്ടായിരുന്ന രാജ്യം ആയതിനാല്‍ ഭാരതത്തില്‍ ജനാധിപത്യം വേരുറയ്‌ക്കുകയില്ലെന്ന് പാശ്ചാത്യ ബുദ്ധിജീവികള്‍ വിധിയെഴുതി. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി നാം നിലനില്‍ക്കുന്നു. ഒരു കാലത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും ഇറക്കുമതി ചെയ്ത രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്നു. മാത്രമല്ല കഷ്ടപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ശക്തമായ സഹായം എത്തിക്കുന്നു. നമ്മോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച, ‘മൂന്നാം ലോകരാജ്യങ്ങള്‍’ എന്ന് ആക്ഷേപപ്പേരുപതിഞ്ഞ പല രാജ്യങ്ങളും ജനാധിപത്യത്തിന്റെ വഴിയില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ഭാരതം വ്യക്തമായും ലോകോത്തരമായ വളര്‍ച്ചയുടെ വഴി കാട്ടിത്തരുന്നു. തീര്‍ച്ചയായും ഇത് ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ശക്തിയാണ്. മധ്യ പൂര്‍വ ദേശത്ത് ഉയരുന്ന ക്ഷേത്രങ്ങളും അവിടുത്തെ ജനത നമ്മോട് കാണിക്കുന്ന അടുപ്പവും എല്ലാം ഏറെ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ മണ്ണ് അനന്തവൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഗവേഷകനും കോളമിസ്റ്റും ആയ വിഷ്ണു അരവിന്ദ് രചിച്ച പുസ്തകം ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിദഗ്ധനും അധ്യാപകനുമായ ഡോ. വേണുഗോപാലമേനോന്‍ ഏറ്റുവാങ്ങി. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകപരിചയം നിര്‍വഹിച്ചു. വിഷ്ണു അരവിന്ദ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: