ന്യൂദല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആദ്യം പ്രതിക്കൊപ്പമായിരുന്ന സംസ്ഥാന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന് കോടതി മുമ്പാകെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് കോടതി ചോദിച്ചത്. ജസ്റ്റിസ് സുധാന്‍ഷു ദുലിയ, ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിച്ചത്.
കേസില്‍, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണെന്ന ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ പിശകുണ്ടെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിച്ചത്. പിശക് മാറ്റാന്‍ സര്‍ക്കാരിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെ എതിര് കക്ഷിക്ക് പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.
സത്യവാങ്മൂലത്തില്‍ പിഴവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. ഹര്‍ജി മെയ് ഏഴിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: