ആലപ്പുഴ: കേരളത്തിന്റെ പൈതൃക നെല്‍വിത്തായ പൊക്കാളിയെ തകര്‍ക്കുന്ന തരത്തിലുള്ള ചെമ്മീന്‍ കൃഷി നിയന്ത്രിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
അരൂര്‍ മേഖലയിലെ ‘പൊക്കാളി കര്‍ഷകരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും പരാതി പര്യടനത്തിനിടെ സ്ഥാനാര്‍ത്ഥി കേട്ടു. ഒരു നെല്ലും മീനും പദ്ധതി നടപ്പിലാക്കാതെ ചെമ്മീന്‍ മാത്രം കൃഷി ചെയ്യുകയാണിവിടെ. ഇതിന് പിന്നില്‍ കള്ളപ്പണക്കാരുമുണ്ട്. പൊക്കാളി പൈതൃക നെല്‍ക്കൃഷിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ടും ദുര്‍വിനിയോഗം നടത്തുന്നുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കും. ഒരു കൂട്ടം ഫിഷറീസ് ഉദ്യോഗസ്ഥരും. ചെമ്മീന്‍ കൃഷിക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പൊക്കാളി പൈതൃക മേഖല നശിപ്പിക്കുന്നതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
അതേസമയം ശോഭാസുരേന്ദ്രന് നാടാകെ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടി ഇന്നലെ രാവിലെ പല്ലന കുമാരകോടിയില്‍ ആശാന് സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് ആരംഭിച്ചത്.
ഹരിപ്പാട്ട് 12 സ്ഥലങ്ങളിലായിരുന്നു ഇന്നലെത്തെ പരിപാടി. വൈകിട്ട് നാലിന് കരുവാറ്റ ഊട്ടുപറമ്പില്‍ നിന്ന് സ്വീകരണ പരിപാടികള്‍ തുടങ്ങി, തൈവീട് ജങ്ഷന്, കുമാരപുരം പണൂര് ജങ്ഷന്, പഴയ ചിറ, ഹരിപ്പാട് തെക്കംഭാഗം കിഴക്കടം പള്ളി കോളനി, അരുണപ്പുറം, പള്ളിപ്പാട് ഇരട്ടക്കുളങ്ങര ക്ഷേത്രം, പള്ളിപ്പാട് ചന്ത, ഹരിപ്പാട് വടക്കുംഭാഗം വാത്തു കുളങ്ങര, മണ്ണാറശ്ശാലബ്ലോക്ക് ജങ്ഷന്, ചെറുതന ചക്കുരേത്ത് ജങ്ഷന്, സാംസ്കാരിക നിലയം എന്നിവടങ്ങളില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
ബിജെപി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നിരന്തര അഭ്യര്‍ത്ഥന സ്ഥാനാര്‍ത്ഥി പഞ്ചായത്തുകളിലെ എല്ലാ ഭാഗങ്ങളിലും എത്തണമെന്നായിരുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും നിരവധി പേര് സ്ഥാനാര്‍ത്ഥിയെ കാണാന്‍ രാത്രി വൈകിയും കാത്തിരുന്നു. അവസാന പരിപാടി നടന്ന ചെറുതനയില്‍ നുറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയത്. എങ്ങും സ്ത്രീകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: