തീരദേശവാസികള്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ്: രാജീവ് ചന്ദ്രശേഖര്‍

കോവളം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ പര്യടനം തുടരുന്നതിനിടയില്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡിനു സമീപം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published by

തിരുവനന്തപുരം: വെറും വാഗ്ദാനങ്ങളല്ല, മറിച്ച് വികസന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിന്ന് തീരദേശവാസികള്‍ പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ഇത്രകാലവും ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളെല്ലാം തീരദേശ ജനതക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി അവരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. കോവളം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ പര്യടനം തുടരുന്നതിനിടയില്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡിനു സമീപം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എന്‍.ഡി.എയുടെ പ്രകടനപത്രികയിലെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികള്‍ക്ക് പാര്‍പ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തന്റെ ആദ്യ പരിഗണന. തീരപ്രദേശത്ത് വീടുകള്‍ വച്ചു നല്‍കാന്‍ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇടനിലക്കാരില്ലാതെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ഫണ്ട് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും തങ്ങളുടെ മാന്യമായ ഉപജീവനത്തിനുള്ള വായ്പ ലഭ്യമാക്കാനുള്ള സുതാര്യമായ നടപടികളുണ്ടാകേണ്ടത് അവരുടെ അവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് സ്‌കില്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലോരത്തെ കഠിനമായ ഉച്ചച്ചൂടിനെ തെല്ലും വകവെക്കാതെ മത്സ്യത്തൊഴിലാളി വനിതകള്‍ക്കിടയിലേക്കിറങ്ങി വോട്ടഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ക്കും അത്ഭുതം. തുടര്‍ന്ന് വിഷമതകളുടെ ഭാണ്ഡം ഒന്നൊന്നായി അവര്‍ സ്ഥാനാര്‍ഥിക്കു മുന്നില്‍ നിരത്തി. ആര് ഭരിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞത്ത് മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റില്‍ഡ പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് ഒരാളും തിരിഞ്ഞുനോക്കാറില്ല; കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലമില്ല; ശൗചാലയമില്ല; അങ്ങനെ പോയി പരാതികള്‍. ഞങ്ങള്‍ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരണം. ഇത്തവണ ഞങ്ങള്‍ സാറിനെ വിജയിപ്പിക്കും. രാജീവ് ചന്ദ്രശേഖറിന്റെ കരങ്ങള്‍ പിടിച്ച് ക്രിസ്റ്റില്‍ഡ ഉറപ്പ് പറഞ്ഞു.

ഞങ്ങള്‍ സ്ഥലം വിട്ട് കൊടുത്തു പണിയുന്ന തുറമുഖത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് തൊഴില്ലില്ല എന്നാണ് ലിസിയുടെ പരാതി. ഇനി സാര്‍ ജയിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്കൊരു നല്ല കാലം വരൂ. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനോ അത് പരിഹരിക്കുന്നതിനോ കഴിവുള്ള ഒരു ജനപ്രതിനിധി ഇതുവരെയും ഇവിടെയുണ്ടായിട്ടില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. പരാതികളെല്ലാം രാജീവ് ചന്ദ്രശേഖര്‍ ക്ഷമയോടെ കേട്ടുനിന്നു.

തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്പകള്‍ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ലിസിയെ ബോധ്യപ്പെടുത്തി.

രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക്, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗര്‍ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പൊരിവെയിലിനെ അവഗണിച്ചും എല്ലായിടത്തും വലിയ ജനക്കൂട്ടം ആവേശത്തോടെ സ്ഥാനാര്‍ഥിയെ കാണാനെത്തിയത് അദ്ദേഹത്തിനും പാര്‍ട്ടിപ്രവര്‍ത്തകരടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കും ചെറുതല്ലാത്ത ആവേശം പകര്‍ന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക