ജനാധിപത്യത്തിന്റെ മാതാവായാണ് ഭാരതത്തെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവും വിശാ ലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ജനാധിപത്യ രാജ്യം. നാനാത്വത്തില്‍ ഏകത്വമാണ് ഈ നാടിന്റെ സവിശേഷത. വരുന്ന അഞ്ചുവര്‍ഷം ഭാരതത്തെ ആരു നയിക്കണമെന്ന, ആരുഭരിക്കണമെന്ന തീരുമാനം എടുക്കാനുള്ള സവിശേഷ അധികാരം പൗരന്മാരാല് വിനിയോഗിക്കപ്പെടാന്‍ പോകുകയാണ്. ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റു നോക്കുകയാണ്. ഇവിടെ എന്തു സംഭവിക്കുന്നുവെന്നറിയാന്‍.
നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന 18-ാം ലോക്സഭാ തെര ഞ്ഞെടുപ്പ് ഇന്നുമുതല്‍ ജൂണ്‍ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 543 മണ്ഡലങ്ങളുണ്ട്. തെരഞ്ഞെടുപ്പിനെ വലിയ ഉത്സവമായാണ് വിശേഷിപ്പിക്കുന്നത്. രണ്ടാംഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാംഘട്ടം മെയ് 13നും അഞ്ചാംഘട്ടം മെയ് 20നും ആറാംഘട്ടം മെയ് 25നുമാണ്. ജൂണ്‍ ഒന്നിനാണ് ഏഴാം ഘട്ടം. ജൂണ്‍ നാലിന് ഒറ്റഘട്ടമായാണ് വോട്ടെണ്ണല്‍. നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16നാണ് അവസാനിക്കുക. അതിനുമുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. സുതാര്യവും തുല്യത ഉറപ്പാക്കുന്നതുമായ നടപടി ക്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടമായ ഇന്ന് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടമായ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കുക. മെയ് ഏഴിലെ മൂന്നാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലും മെയ് 13ന് നാലാംഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മെയ് 20ന് അഞ്ചാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളും മെയ് 25ന് ആറാംഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളും വോട്ട് രേഖപ്പെടുത്തും. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് അവസാനമായി വോട്ടവകാശം വിനിയോഗിക്കുക.
കേരളവും തമിഴ്നാടും ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കര്‍ണാടക, രാജസ്ഥാന്, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ടും ഛത്തീസ്ഗഡ്, ആസാം എന്നിവിടങ്ങളില്‍ മൂന്നും ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് നാലും മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ ആറും ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴും ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമാകുക.
തമിഴ്നാട്ടിലെ 39, രാജസ്ഥാനിലെ 12, ഉത്തര്‍പ്രദേശിലെ എട്ട്, മഹാരാഷ്ട്ര ആറ്, മധ്യപ്രദേശ് ആറ്, ഉത്തരാഖണ്ഡ് അഞ്ച്, അസം നാല്, ബീഹാര്‍ നാല്, പശ്ചിമബംഗാള്‍ മൂന്ന്, അരുണാചല്‍പ്രദേശ് രണ്ട്, മണിപ്പൂര്‍ രണ്ട്, മേഘാലയ രണ്ട്, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മുകശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇതില്‍ തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
ഭാരതത്തിന്റെ വിധി നിര്‍ണയിക്കുന്നത് 96.8 കോടി വോട്ടര്‍മാരാണ്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. കന്നി വോട്ടര്‍മാരായി 1.8 കോടി പേരുണ്ട്. 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരും ഉണ്ട്. 85നു മുകളില്‍ പ്രായമുള്ള 82 ലക്ഷം പേരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം പേരും വോട്ടര്‍മാരായുണ്ട്. 12 സംസ്ഥാനങ്ങളില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45% ത്തിലധികം ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് വന്‍ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കുന്നത്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 55 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളുമാണ് ക്രമീകരിക്കുന്നത്. 1.5 കോടി ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പും ജോലികള്‍ക്കും സുരക്ഷയ്ക്കുമായി വിന്യസിക്കും. നാലു ലക്ഷം വാഹനങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുമുതല്‍ നിരീക്ഷണം ശക്തമാക്കുകയും ലഭിച്ച പരാതികളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളോടും പാര്‍ട്ടികളോടും തുല്യനിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്ന് നടപടി ക്രമങ്ങളിലൂടെ കമ്മീഷന് വ്യക്തമാക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി സഖ്യവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കാഴ്ചവെച്ച സദ്ഭരണത്തിന്റെ റെക്കോര്‍ഡുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി മാസങ്ങള്‍ക്കുമുമ്പുതന്നെ ബിജെപി പ്രചാരണം ആരംഭിച്ചിരുന്നു. നാനൂറില്‍ അധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ എത്തുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും മോദി സര്‍ക്കാര്‍, മോദിയുടെ ഗ്യാരന്റി, 2047ല്‍ വികസിത ഭാരതം, തുടങ്ങിയ കാമ്പയിനുകളിലാണ് ബിജെപി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ നയമോ, നായകനോ ഇല്ലാതെ മുന്നോട്ടുപോകുകയാണ് ഇന്‍ഡി സഖ്യം. കെട്ടുറപ്പില്ലായ്മയും പരസ്പരം പോരടിക്കലും സഖ്യത്തിന് നാഥനില്ലെന്നത് വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളുമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 25 കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി, 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം സൗജന്യ ഭക്ഷ്യധാന്യവിതരണം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം വോട്ടായി മാറുമെന്ന് ബിജെപി ഉറപ്പിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ, വനിതാസംവരണ നിയമം, വിജയകരമായ ജി 20 അധ്യക്ഷത, മംഗള്‍യാനില്‍ നിന്ന് ചന്ദ്രയാന്‍ മൂന്നിലേക്കുള്ള യാത്ര തുടങ്ങിയവയെല്ലാം ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വിജയവും ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
2014ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 303 ആയി ഉയര്‍ത്തി. ഈ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ശുഭസൂചന മാത്രമാണ് ബിജെപി പങ്കുവെക്കുന്നത്. വരുന്ന അഞ്ചു വര്‍ഷം വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭാവി ഭാരതത്തെ നയിക്കാന്‍ കരുത്തുറ്റതും സ്ഥിരതയുള്ളതുമായ സര്‍ക്കാര്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: