ന്യൂദല്‍ഹി: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച നടത്തിയ മോക് പോളില്‍ ബിജെപിക്കു കൂടുതല്‍ വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ഇതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയില്‍ അറിയിച്ചു.
വോട്ടിങ് മെഷീനിലെ എല്ലാ വോട്ടും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കാസര്‍കോട്ടെ മോക് പോള്‍ കോടതിയില്‍ പരാമര്‍ശിച്ചത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കാസര്‍കോട് മോക് പോള്‍ വാര്‍ത്ത കോടതിയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഇതേക്കുറിച്ചു പരിശോധിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയ വിനിമയം നടത്തിയാണ് ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന് കോടതിയെ അറിയിച്ചത്.
നാലു കോടി വിവിപാറ്റുകള്‍ എണ്ണിയതില്‍ ഒന്നില്‍പ്പോലും പൊരുത്തക്കേടു കണ്ടില്ലെന്നും കമ്മിഷന് കോടതിയെ അറിയിച്ചു. കമ്മിഷന് പ്രതിനിധി ഇന്നലെ കോടതിയില്‍ നേരിട്ടെത്തി വോട്ടിങ് യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും സാങ്കേതിക വശങ്ങള് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: