ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര നിര്‍ഭയ്-ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയം. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഒഡീഷ തീരത്തു നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈല്‍ (ഐടിസിഎം) ആണിത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ സംവിധാനവും മണിക് ടര്‍ബോഫാന്‍ എന്‍ജിനുമാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.
ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒ ലബോറട്ടറി എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) വികസിപ്പിച്ചെടുത്തതാണ് ക്രൂയിസ് മിസൈല്‍. പരീക്ഷണ സമയത്ത് മിസൈലിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. മിസൈല്‍ നാവിഗേഷന്‍ ഉപയോഗിച്ച് ആവശ്യമുള്ള പാത പിന്തുടരുകയും വളരെ താഴ്ന്ന നിലയില്‍ കടലിന് മുകളിലൂടെ പറക്കുകയും ചെയ്തു. റഡാര്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം (ഇഒടിഎസ്), ടെലിമെട്രി തുടങ്ങി നിരവധി റേഞ്ച് സെന്‍സറുകള്‍ മിസൈലിന്റെ പ്രകടനം നിരീക്ഷിച്ച് വിലയിരുത്തിയാണ് പരീക്ഷണം വിജയമെന്ന് ഉറപ്പിച്ചത്. ഡിആര്‍ഡിഒ ലബോറട്ടറിയുടേത് കൂടാതെ തദ്ദേശീയ വ്യവസായ ശാലകളുടേയും സഹായത്തോടെയാണ് എഡിഇ ഈ സൂപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചത്.
ഡിആര്‍ഡിഒ ലബോറട്ടറികളില്‍ നിന്നുള്ള നിരവധി ശാസ്ത്രജ്ഞരും നിര്‍മാണത്തില്‍ പങ്കാളികളായവരുടെ പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ക്രൂയിസ് മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ചു. ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് മിസൈല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായ ഡിആര്‍ഡിഒ സംഘത്തെ ഡിആര്‍ഡിഒ ചെയര്മാന് ഡോ. സമീര്‍ വി. കമ്മത്തും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: