വാജ്പേയി ഭരണകാലത്തിന്റെ അടിത്തറയിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുന്നേറുന്ന വികസനം. 1998 മുതല്‍ 2004 വരെയുള്ള വാജ്പേയി ഭരണത്തിലെ ചില തീരുമാനങ്ങളും പരീക്ഷണങ്ങളും പദ്ധതികളും തടസമില്ലാതെ നടന്നിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സാധ്യതകളാണ് മറുപടി; സങ്കല്‍പ്പങ്ങളാണ്. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് വാസ്തവം. സാധ്യതകളും സാധിക്കാമായിരുന്നവയും സാധ്യമായതുകൊണ്ട് വിലയിരുത്തുകയാണ് യുക്തിയുക്തമായ മാര്‍ഗം.
പാകിസ്ഥാനുമായി സൗഹാര്‍ദ്ദം, അണുശക്തി പരീക്ഷണത്തിലെ ശക്തിയാര്‍ജിക്കല്‍, ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ മറികടന്ന സ്വാശ്രയത്വം, ഉത്പാദനത്തില്‍, നിര്‍മാണത്തില്‍, വികസനപരിപാടികളില്‍ സമവായ രാഷ്ട്രീയത്തില്‍ ഉണ്ടായ വളര്‍ച്ച… ഇങ്ങനെ വിശാലതലത്തിലും അടിസ്ഥാനതലത്തിലും അതിസൂക്ഷ്മതലത്തിലും വാജ്പേയി ഭരണകാലത്തുണ്ടായ വളര്‍ച്ചയുടെ തുടര്‍ച്ച, ‘വികാസ് പുരുഷ്’ എന്ന വിശേഷണം വാജ്പേയിക്ക് നേടിക്കൊടുത്തു. ആഭ്യന്തര സുരക്ഷാരംഗത്ത് ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍, നക്സല്‍ ഭീഷണികളെ ചെറുക്കാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റവും വിധ്വംസക പ്രവര്‍ത്തനങ്ങളും തടയാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഭീകരപ്രവര്‍ത്തനം നേരിടാന്‍ ‘പോട്ടാ’ പോലുള്ള നിയമങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവ അന്തര്‍ദേശീയ വേദികളില്‍ ഭാരതത്തിന്റെ കീര്‍ത്തിയും ശക്തിയും പ്രകടമാക്കി. ആഭ്യന്തര, ബാഹ്യ സുരക്ഷയില്‍ രാജ്യം നേടിയ മേല്‍ക്കൈയുടെ കാരണക്കാരനായി ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി ‘ലോഹ് പുരുഷ്’ (ഉരുക്കു മനുഷ്യന്) എന്ന കീര്‍ത്തിക്ക് ഉടമയായി.
ഇങ്ങനെ മുന്നേറിയ രാജ്യം, 2020 വരേക്കുള്ള വിഷന്‍ ഡോക്യുമെന്റും അതിനുള്ള രൂപരേഖയും തയാറാക്കി മുന്നേറുമ്പോഴാണ് 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എന്‍ഡിഎ സഖ്യം ഭരണത്തില്‍നിന്ന് പുറത്തായത്. തുടര്‍ന്ന് പത്തുവര്‍ഷം ഭരണം യുപിഎയ്ക്കായി. ഗതിവേഗം, ദിശാബോധം, കാഴ്ചപ്പാട്, നയം, നടപടി എല്ലാം മാറി. തുടര്‍ന്ന് 2014 മുതല്‍ 2024 വരെയുള്ള പത്തുവര്‍ഷത്തെ രാജ്യത്തിന്റെ ഗതിയും വളര്‍ച്ചയും ഇന്ന് കണ്മുന്നിലുണ്ട്. ലോകംതന്നെ ഭാരതത്തെക്കണ്ട് അത്ഭുതപ്പെടുന്നു, അമ്പരക്കുന്നു, ചിലര്‍ അനുസരിക്കുന്നു, ചിലര്‍ അനുകരിക്കുന്നു. ഓരോ വിഷയങ്ങളിലും മേഖലയിലും ഉണ്ടായിരിക്കുന്ന വളര്‍ച്ചയും മാറ്റവും എതിരാളികളും അംഗീകരിക്കുന്നു. കടുത്ത രാഷ്ട്രീയ എതിര്‍പ്പുള്ളവരും തെരഞ്ഞെടുപ്പുപ്രചാരണ വേദികളിലും രാഷ്ട്രീയ സദസുകളിലും പരസ്യമായി എതിര്‍ക്കുന്നെങ്കിലും രഹസ്യമായി രാജ്യാഭിവൃദ്ധിയില് അഭിമാനംകൊള്ളുന്നു. കൗതുകകരമായ കാര്യം, വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ‘വിവാദവിഷയങ്ങളാക്കി’ മാറ്റിവച്ച മൂന്നെണ്ണത്തില്‍ രണ്ടിലും പരിഹാരം ഉണ്ടാക്കി, മൂന്നാമത്തെ വിഷയം ഏറെക്കുറെ സാധിതപ്രായമായി. അതിലൊഴികെ മറ്റ് സര്‍ക്കാര്‍ നടപടികളൊന്നിനേയും എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നുമില്ല; ‘വിവാദ’ വിഷയങ്ങള്‍ നടപ്പാക്കിയാല്‍ സംഭവിക്കുമെന്ന് അവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് പരിഹരിക്കപ്പെട്ടിട്ടും.
അപ്പോഴാണ് 10 വര്‍ഷം (2004 മുതല്‍ 14 വരെ) ഇടവേളയുണ്ടായിരുന്നില്ലെങ്കില് ഭാരതം ഇന്ന് എവിടെ എത്തിയേനെ? ഇന്നിപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകര്‍ന്നടിഞ്ഞ പാകിസ്ഥാന്റെ സ്ഥിതി എന്തായേനെ? എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക സാധ്യതകളുടെ കണക്കെടുപ്പിന്റെ പ്രസക്തി.
ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. ലോകം നയത്തിലും നിലപാടിലും ഭാരതത്തെ അനുസരിക്കുന്നു. സുരക്ഷിതമായ സുസ്ഥിരമായ ഭരണം ജനക്ഷേമം കൊണ്ടുവന്നിരിക്കുന്നു. ‘വികസിത രാജ്യം’ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടേണ്ടതു മാത്രമാണിനിയുള്ള ക്രമം. മറിച്ച്, പാകിസ്ഥാനിലോ? ഇവിടെ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അവിടെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്; ജാമ്യം നേടിയെടുത്തു. പട്ടാള അട്ടിമറി നടത്തി അധികാരം പിടിച്ച് വാജ്പേയിയേയും ഭാരതത്തേയും വെല്ലുവിളിച്ച ജനറല്‍ പര്‍വേസ് മുഷാറഫിന് പാകിസ്ഥാനില്‍ കയറാന്‍ വയ്യാത്ത സ്ഥിതി വന്നു. പാക് സുപ്രീംകോടതിവിധി വരുന്നതിന് ഒരു വര്‍ഷം മുമ്പ് 79-ാമത്തെ വയസ്സില്‍, 2013ല്‍, അന്തരിച്ചില്ലായിരുന്നെങ്കില്‍ മുഷാറഫിനെ പാകിസ്ഥാന് തൂക്കിക്കൊല്ലുമായിരുന്നു. ആ രാജ്യം ഇന്ന് കടക്കെണിയിലാണ്. ഭീകരപ്രവര്‍ത്തനത്തിനും കഴിയാത്ത സ്ഥിതി. ആഭ്യന്തര കലഹങ്ങള്‍ നടക്കുന്നു. ജീവനും സ്വത്തിനും സുരക്ഷയില്ലാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്മ, തുലഞ്ഞ ജീവിതസാഹചര്യം… ഭരണംതന്നെ നാമമാത്രമായി, രാജ്യം മുച്ചൂടും നശിക്കുന്നു. ഒരുപക്ഷേ, വാജ്പേയിയുടെ സമാധാന സമവായവഴിലായിരുന്നു അവരുടെയും യാത്രയെങ്കില്‍ ഭാരതത്തിന്റെ പത്തുവര്‍ഷം പാഴാകാതിരിക്കുന്നേനെ. പാകിസ്ഥാന്റെ നിലനില്‍പ്പ് ദയനീയമാകാതിരുന്നേനെ. അതിന് മികച്ച ഉദാഹരണവും തെളിവുമാണ് ഭാരതവുമായി സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ബംഗ്ലാദേശിന്റെ സ്ഥിതി.
അത് പാകിസ്ഥാന് വിഷയത്തില്‍ മാത്രം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തിനിടെ ചെയ്തതില്‍ പലതും പൊതുവേ രാജ്യത്തിന്റെ പുരോഗതി തടസപ്പെടുത്തുന്നതായി. അഴിമതിയുടെ ആട്ടക്കലാശമായിരുന്നു ഭരണത്തില്‍. പാകിസ്ഥാനിലും അഴിമതി, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, കൃത്യമായ പദ്ധതിയില്ലായ്മ, ഉള്ളത് നടപ്പിലാക്കായ്ക തുടങ്ങിയവയായിരുന്നു പ്രശ്നം. അഴിമതി വ്യാപകമായി. അധികാര വടംവലി ശക്തമായി. ഭരണപ്പിടിപ്പുകേടിന്റെ പര്യായമായി ക്രിക്കറ്റ്താരം ഇമ്രാന്ഖാന് പ്രധാനമന്ത്രി സ്ഥാനത്ത്. ഭരണം അറിയാമായിരുന്നെങ്കിലും ഡോ. മന്മോഹന് സിങ്ങിന്റെ നിയന്ത്രണം മറ്റു പല കൈകളിലുമായതായിരുന്നു ഭാരതത്തിലെ പ്രശ്നം. അന്തിമഫലം രണ്ടിടത്തും വികസന വളര്‍ച്ച മുരടിച്ചു എന്നതാണ്. ഭാരതം പക്ഷേ അതിജീവിച്ചു. പാകിസ്ഥാന് കെട്ടുകുറ്റിയില്കിടന്ന് വട്ടം തിരിയുകയും നട്ടം തിരിയുകയുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: