ഭൂവനേശ്വര്‍: ഇന്ന് ജയിച്ചില്ലെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ സീസണിലെ സ്വപ്നങ്ങള്‍ക്ക് വിരാമമിടാം. രാത്രി ഏഴരയ്ക്ക് ഒഡീഷ എഫ്സിയുടെ തട്ടകമായ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇറങ്ങുന്നത് മാസങ്ങള്‍ നീണ്ട പത്താം സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലെ ടീമിന്റെ ആയുസ്സ് സെമിയിലേക്ക് നീട്ടിയെടുക്കാനാണ്. കരുത്തരായ ഒഡീഷയെ തോല്‍പ്പിച്ചാല്‍ ഇവാന് വുക്കോമാനോവിച്ചിന്റെ പടയ്ക്ക് സെമിയില്‍ കളിക്കാം. മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം അടുത്ത സീസണിലേക്ക് കാത്തുവയ്ക്കേണ്ടിവരും.
അത്യുജ്ജലമായാണ് ബ്ലാസ്റ്റേഴ്സ് സീസണിന് തുടക്കമിട്ടത്. ഡിസംബറില്‍ അവസാനിച്ച ലീഗിന്റെ ആദ്യപകുതിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്സ്. ഒരുമാസത്തോളം നീണ്ട ഇടവേള കഴിഞ്ഞെത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ പരിക്കേറ്റ പ്രധാന കളിക്കാരുടെ എണ്ണം വല്ലാതെ കൂടി. നായകന് അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര തുടങ്ങി സൂപ്പര്‍ താരങ്ങളെയാണ് ടീമിന് നിര്‍ണായക അവസരത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. താരതമ്യേന ദുര്‍ബലരായ പഞ്ചാബ് എഫ്സിയോട് പോലും ഹോം മാച്ചില്‍ തോല്‍ക്കുന്ന സ്ഥിതിയിലേക്ക് ടീം പ്രകടനം ഇടിഞ്ഞു. പിന്നെയും താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വിനയായിക്കൊണ്ടിരുന്നു. രണ്ടാം പകുതിയില്‍ വെറും രണ്ട് കളികളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാന്‍ സാധിച്ചത്.
ഇന്നത്തെ നിര്‍ണായക പോരാട്ടത്തിലേക്ക് മത്സരം കടക്കുമ്പോഴും പരിക്കിന്റെ വെല്ലുവിളി ടീമിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണിലും ടീമിന്റെ പ്രധാന ഗോള്‍ സ്കോററും നിര്‍ണായക താരവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്നിറുങ്ങുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ലെന്ന് പരിശീലകന് വുക്കോമനോവിച്ച് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച്ചയായി ഡയമന്റക്കോസിന് പരിശീലനത്തിനിറങ്ങാന്‍ സാധിച്ചിട്ടില്ല. മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ താരം തിരിച്ചെത്തിയാല്‍ പോലും നൂറ് ശതമാനം ഫിറ്റല്ലെങ്കില്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഒരു നിര്‍വാഹവും ഉണ്ടാകില്ലെന്ന് കോച്ച് വ്യക്തമാക്കി.
അതേസമയം മാസങ്ങളായി പരിക്കേറ്റ് പുറത്തിരിക്കുന്ന ടീം നായകന് അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാന്‍ സാധ്യതയുണ്ടെന്ന് കോച്ച് സൂചിപ്പിച്ചു. ഇക്കാര്യത്തുലും ഒരു തീര്‍പ്പു കല്പ്പിക്കാറായില്ലെന്നാണ് വ്യക്തമാകുന്നത്.
ഇവാന് വുക്കോമനോവിച്ചിന്റെ കീഴില്‍ തുര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ- ഓഫില്‍ പ്രവേശിക്കുന്നത്. ഇന്നത്തെ നോക്കൗട്ട് മത്സരത്തില്‍ ഒഡീഷ എഫ്സിയോട് ജയിച്ചാല്‍ സെമിഫൈനലില്‍ മോഹന്‍ ബഗാനുമായി ബ്ലാസ്റ്റേഴ്സ് കൊമ്പുകോര്‍ക്കും.
കലൂര്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ നോക്കൗട്ട് മത്സരം ആരാധകര്‍ക്ക് ലൈവ് സ്ക്രീനിങ് ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതര്‍. ഇന്ന് നടക്കുന്ന ഒഡീഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യ പ്ലേ ഓഫ് മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് മുന്‍വശത്ത് ഉള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫാന്‍ പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇവിടേക്ക് പ്രവേശനം സൗജന്യമായിരിക്കും. രാത്രി ഏഴരയ്ക്കാണ് മത്സരമെങ്കിലും വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ഫാന്‍ പാര്‍ക്കില്‍ മത്സരത്തിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: