മാഹി: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ വോട്ടെടുപ്പ് നാളെ. ഇവിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുള്പ്പെടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് മഴുവനും വനിതകളാണ്.
31,038 വോട്ടര്‍മാര്‍ക്കായി 31 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രണ്ട് ബാലറ്റ് യൂണിറ്റുകള്‍ ഓരോ ബൂത്തിലുമുണ്ടാകും. ഉച്ചയോടെ പ്രിസൈഡിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടിങ് മെഷീനുകള്‍ ബൂത്തുകളിലെത്തിച്ചു.
26 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി ബിജെപി നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ എ. നമശിവായയും ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥി വി. വൈദ്യലിംഗവും തമ്മിലാണ് പ്രധാന മത്സരം. സിപിഎം പിന്തുണ യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ. പ്രഭുദേവനാണ്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജി. തമിഴ്വേന്ദനും മത്സര രംഗത്തുണ്ട്
മാഹിയില്‍ ഇത്തവണ വോട്ടെടുപ്പ് സ്ത്രീകളാണ് നയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മണ്ഡലത്തിലെ 31 ബൂത്തുകളിലെയും പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ നാല് പ്രധാന ജീവനക്കാരും സ്ത്രീകളാണ്. കൂടാതെ എല്ലാ ബൂത്തുകളിലും സുരക്ഷയ്ക്കായി മുഴുവന്‍ സമയ വനിതാ പോലീസും ഉണ്ടായിരിക്കും. 30 സിഐഎസ്എഫ്, 90 സിഎസ്എഫ്, 60 വനിതാ പോലീസ് ഉള്‍പ്പെടെ മതിയായ പോലീസ് സേന പുതുച്ചേരിയില്‍ നിന്ന് മാഹിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: