തിരുവനന്തപുരം: വിതുര പൊന്മുടി വനസംരക്ഷമമേഖലയില് നിന്നും ഇരുനൂറിലധികം മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഎം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു. സിപിഎം നേതാവിന്റെ സഹോദരനടക്കം മരംമുറിയില്‍ പങ്കുണ്ടെന്ന് ആരോപണം. സിപിഎം നേതാക്കള്‍ ഇടപെട്ടതോടെ രണ്ട് വയോധികരെ പ്രതിയാക്കി. ഈമാസം 13ന് നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ വനംവകുപ്പ്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനോടു ചേര്‍ന്ന പരിസ്ഥിതിലോല വനഭൂമിയില്‍നിന്നാണ് 200ലധികം സംരക്ഷിത മരങ്ങള്‍ മുറിച്ചത്. സിപിഎമ്മിന് തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതിന്റെ മറവില്‍ വനം സംരക്ഷണ സമിതിയുടെ അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു മരം മുറി. പകുതിയിലധികം തടികള്‍ സിപിഎം നേതാവിന്റെ സഹോദരന് ബന്ധമുള്ള തടി ഫാക്ടറിയിലേക്ക് മാറ്റി. ശേഷിക്കുന്നവ കടത്താന്‍ ശ്രമിക്കന്നതിനിടെ വനംസംരക്ഷണ സമിതിയിലെ മറ്റൊരു ജീവനക്കാരന്റെ നേതൃത്വത്തില്‍ തടഞ്ഞു. വനംവകുപ്പ് ജീവനക്കാര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി തടികള്‍ അവരുടെ ലോറിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ലോറിയെയും മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനുള്ളില്‍ സിപിഎം പ്രവര്‍ത്തകര്‍ മണിക്കൂറോളം തടഞ്ഞുവച്ചു.
ഉദ്യോഗസ്ഥര്‍ തൊണ്ടിയായി പിടിച്ചെടുത്ത മരങ്ങള്‍ അവരില്‍ നിന്നും വാങ്ങിയ ശേഷമാണ് രാത്രി 11 മണിയോടെ മോചിപ്പിച്ചത്. പാലോട് റേഞ്ച് ഓഫീസില്‍നിന്ന് റേഞ്ച് ഓഫീസറും സംഘവും പൊന്മുടി പോലീസും എത്തിയാണ് ജീവനക്കാരെ ലോറിയും തടിയും സഹിതം ഇവിടെനിന്നു മോചിപ്പിച്ചത്. എസ്റ്റേറ്റിലെ ബെല്‍റ്റ് വാളുകള്‍ ഉപയോഗിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നും ഇവിടുത്തെ ലോറിയാലാണ് തടികള്‍ കടത്തിയതെന്നും ആരോപണം ഉണ്ട്. എന്നാല്‍ സിപിഎം ഇടപെട്ടതോടെ വയോധികരായ രണ്ടുപേരെ പ്രതിയാക്കി വനം വകുപ്പ് തലയൂരി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് തയാറായിട്ടില്ല. ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുവച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: