തിരുവനന്തപുരം: സമ്പത്തികവും ജനസുരക്ഷയും ജീവിത രീതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളം കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് ‘കേരള സ്‌റ്റോറി: ഒരു വഞ്ചനയുടെ കഥ’ എന്ന പേരില്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ ഇന്‍ഫോഗ്രാഫികാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
വിവിധ മേഖലകളില്‍ കേരളം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പി പി ആര്‍ സി അവലോകനം നടത്തി. അപര്യാപ്തമായ ബജറ്റ് വിഹിതവും നയങ്ങളുംമൂലം വര്‍ദ്ധിച്ചുവരുന്ന ധനകമ്മിയും പൊതുകടവും കാരണം വഷളായിക്കൊണ്ടിരിക്കുന്ന ധനസ്ഥിതി കേരളത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നു.
രാഷ്‌ട്രീയ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ ഭരണ പരാജയത്തിന്റെയും ക്രമസമാധാനനില തകര്‍ന്നതിന്റെയും തെളിവാണ്. കേരളത്തിന്റെ ആരോഗ്യമേഖല വെല്ലുവിളികളെ നേരിടുകയാണ്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ (പിപിആര്‍സി) ഡയറക്ടര്‍ ഡോ. സുമീത് ഭാസിന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ സാമ്പത്തിക ഞെരുക്കവും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമവും ആരോഗ്യ രംഗത്തെ കേന്ദ്രപദ്ധതികളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ്. അശാസ്ത്രീയമായ കൃഷിരീതികള്‍, വര്‍ധിച്ച കീടനാശിനി ഉപയോഗം കൃഷിയിടങ്ങള്‍ ചുരുങ്ങുന്നത് തുടങ്ങി കാര്‍ഷികമേഖലയില്‍ കേരളം വലിയ പ്രതിബന്ധങ്ങളെ നേരിടുകയാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങള്‍ സംസ്ഥാനത്തിന് നിര്‍ണായക പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി നോക്കുമ്പോള്‍, കേരളത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ ഭീകരമായി കാണപ്പെടുന്നു. സാമ്പത്തിക ശക്തിയുടെ നിര്‍ണായക സൂചകമായ ധനക്കമ്മി, 2022-23ല്‍ 2.44% ആയിരുന്നത് 2024-25ല്‍ 3.40% ആയി ഉയര്‍ന്നു, ഇത് ഡെബ്റ്റ് മാനേജ്‌മെന്റിലെ അസ്ഥിരതയെ സൂചിപ്പിക്കുന്നു. അതേസമയം, റവന്യൂ കമ്മി സമാനമായി ഒരു പ്രതീക്ഷക്കും വകനല്‍കുന്നില്ല. 2022-23 ലെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.88% ല്‍ നിന്ന് 2024-25 ല്‍ 2.12% ആയി ഉയര്‍ന്നു.
നിരന്തരം ധനകമ്മി വര്‍ധിക്കുന്ന പ്രവണത സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇതില്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. ചെലവ് വിഹിതത്തില്‍ വിഷമകരമായ രീതി പ്രകടമാണ്. മൂലധനച്ചെലവില്‍ 10% മാത്രം ഒഴികെ ഏകദേശം 90% റവന്യൂ ചെലവിലേക്കാണ് നയിക്കപ്പെടുന്നത്. ഈ അസന്തുലിതാവസ്ഥ നിര്‍ണായക അടിസ്ഥാന സൗകര്യ വികസനത്തെ അവഗണിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു, ഇത് ധനകമ്മി വര്‍ദ്ധിപ്പിക്കുന്നു.
പിപിആര്‍സിയുടെ റിപ്പോര്‍ട്ട് കാണിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നത് പൊതുകടത്തിന്റെ ക്രമാനുഗതമായ വര്‍ധനയാണ്. 2016-17ല്‍ 17,926.14 കോടി രൂപയായിരുന്നത് 2024-25ല്‍ 35,988.28 കോടി രൂപയായി. ഇത് വായ്പയെടുക്കുന്നതില്‍ വിവേകപൂര്‍ണ്ണമായ സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു.
കുടിശ്ശികയുള്ള കടം 154.47% വര്‍ദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. 2016-17 മുതല്‍ 2024-25 വരെ, കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഭീകരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ കുറവ് കേരളത്തിന്റെ സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്നു. കേന്ദ്രനികുതിയുടെ കേരളത്തിന്റെ വിഹിതം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നത്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് വര്‍ദ്ധിച്ചുവരുന്ന പിന്തുണയുടെ സൂചനയായി ഡോ. സുമീത് ഭാസിന്‍ പറഞ്ഞു.
ഒരിക്കല്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വാഴ്‌ത്തപ്പെട്ട കേരളം, പിപിആര്‍സി റിപ്പോര്‍ട്ട് പ്രകാരം കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും അസ്വസ്ഥജനകമായ തലത്തിലേക്ക് നീങ്ങുകയാണ്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചതുപോലുള്ള സമീപകാല സംഭവങ്ങള്‍, സ്ഥിതിഗതികളുടെ തീവ്രത ഉയര്‍ത്തിക്കാട്ടുന്നതാണ്. പിണറായി വിജയന്റെ ആദ്യ ഭരണകാലത്ത് 32 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സംസ്ഥാനത്ത് വ്യാപകമായ അക്രമ സ്വഭാവത്തിന് അടിവരയിടുന്നതായി ഡോ. സുമീത് ഭാസിന്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിലെ പ്രധാന പോയിന്റുകള്‍ ചുവടെ:
- സംസ്ഥാനം ക്രമേണ അധിക കടബാധ്യതയിലേക്ക് നീങ്ങുകയാണെന്നാണ് കേരളത്തിന്റെ ധനസൂചികകള്‍ നല്‍കുന്ന സൂചന
- കേരളത്തിന്റെ ധനക്കമ്മി 202223ല്‍ 2.44% ആയിരുന്നത് 202425ല്‍ 3.40% ആയി ഉയര്‍ന്നപ്പോള്‍ റവന്യൂ കമ്മി 202223ല്‍ 0.88% ആയിരുന്നത് 202425ല്‍ 2.12% ആയി ഉയര്‍ന്നു.
- കേരളത്തിന്റെ പൊതുകടം 201617ല്‍ 17,926 കോടി രൂപയായിരുന്നത് 2024-25 ല്‍ 35,988 കോടിയായി വര്‍ധിക്കും. ഇത് കടമെടുപ്പ് ഫണ്ടുകളെ സംസ്ഥാന സര്‍ക്കാര്‍ അമിതമായി ആശ്രയിക്കുന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
- 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ മൊത്തം കുടിശ്ശിക കടം 150 ശതമാനത്തിലധികം വര്‍ധിക്കുന്നതായാണ് കാണുന്നത്.
- അതേസമയം, കേന്ദ്രനികുതിയില്‍ സംസ്ഥാനത്തിന്റെ വിഹിതം ഗണ്യമായി ഉയര്‍ന്നു. 2014-15ല്‍ 7,926 കോടി രൂപയായിരുന്നത് 2024-25ല്‍ 23,882 കോടിയായി.
- കേരളത്തിലെ ക്രമസമാധാനനില നിരന്തരം വഷളായിക്കൊണ്ടിരിക്കുകയാണ്, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 24,000ലധികം ശിക്ഷാവിധികളും 2020 നും 2022 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 39,000 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- രാജ്യത്ത് പിടികൂടിയ സ്വര്‍ണ കള്ളക്കടത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം, പ്രതിവര്‍ഷം 47 ശതമാനമാണ്. അത് 2022ല്‍ വീണ്ടും വര്‍ധിച്ചു.
- കേരളത്തിലെ ആരോഗ്യ സംരക്ഷണം പ്രതിസന്ധിയിലാണ്, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് 1,100 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുണ്ട്.
- ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും കൂടുതല്‍ ഔട്ട് ഓഫ് പോക്കറ്റ് തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം.
- എന്‍ എഫ് എച്ച് എസ് 5 ഡാറ്റ അനുസരിച്ച്, 1223 മാസം പ്രായമുള്ള പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത കുട്ടികളുടെ അനുപാതം കുറഞ്ഞു, അതേസമയം 5 വയസ്സിന് താഴെയുള്ള പോഷകാഹാര കുറവുള്ള കുട്ടികളുടെ ശതമാനം കേരളത്തില്‍ വര്‍ദ്ധിച്ചു.
- കാര്‍ഷിക മേഖലയില്‍ ആശങ്കള്‍ വര്‍ധിച്ചു വരികയാണ്. കൃഷിയിടങളുടെ വിസ്തൃതിയും ജലസേചന സൗകര്യവും കുറഞ്ഞു. കൃഷിഭൂമിയുള്ളവരുടെ എണ്ണവും നാമമാത്രമായി.
- അവശ്യ മില്ലറ്റുകളുടെ ഉത്പാദനം കുറഞ്ഞു, കൂടാതെ സംസ്ഥാനത്ത് തേങ്ങ ഇഞ്ചി, ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ കൃഷിയിലും കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: