അഗര്‍ത്തല: കോണ്‍ഗ്രസും സിപിഎമ്മും കൊള്ളയുടെ കട കാക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ കൊള്ളയടിക്കാനുള്ള അഡ്ജസ്റ്റ്മെന്റാണ് ഇരുകൂട്ടര്‍ക്കും രാഷ്ട്രീയം. കേരളത്തില്‍ പരസ്പരം അധിക്ഷേപം ചൊരിയുന്ന രണ്ടുകൂട്ടരും ത്രിപുരയില്‍ ഒരുമിച്ചാണ്. നശീകരണവും അഴിമതിയും ചേര്‍ന്ന കൂട്ടുകെട്ടാണത്, മോദി പറഞ്ഞു. അഗര്‍ത്തല സ്വാമി വിവേകാനന്ദ മൈതാനത്ത് ചേര്‍ന്ന മഹാറാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
അവസരവാദികളാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. ഉത്തര്‍പ്രദേശില്‍ നിന്ന് തോറ്റോടിയ കോണ്‍ഗ്രസിന്റെ യുവരാജാവ് കേരളത്തിലാണ് അഭയം തേടിയതെന്ന് ഓര്‍ക്കണം. കമ്മ്യൂണിസ്റ്റുകള്‍ അവിടെ അദ്ദേഹത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ മറുപടിയായി അവിടുത്തെ മുഖ്യമന്ത്രിയെ അഴിമതിക്കാരന് എന്ന് വിളിക്കുന്നു. അതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ ആ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ ഉടനെ നിലവിളിയുമായി ഇതേ യുവരാജാവും കൂട്ടരും എത്തുന്നു.
ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു, അഴിമതി ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടും.
കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ചെയ്യുന്ന വോട്ട് പാഴാകും. ബിജെപിക്ക് ചെയ്യുന്ന വോട്ട് വികസിത ഭാരതത്തിന് വേണ്ടിയുള്ള വോട്ടാകും, മോദി പറഞ്ഞു. മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ രജിബ് ഭട്ടാചാര്‍ജി, സ്ഥാനാര്‍ത്ഥികളായ ബിപ്ലബ് കുമാര്‍ ദേബ്, മഹാറാണി കൃതി സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: