ന്യൂദല്‍ഹി: ചുവപ്പന്‍ ഭീകരതയെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഛത്തിസ്ഗഡിലെ കാംഗറില്‍ 29 നക്‌സല്‍ ഭീകരരെ വെടിവച്ചുവീഴ്‌ത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.
അടുത്തിടെ നടന്നതില്‍ വച്ച് ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നാണ് കാംഗറിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് നക്‌സല്‍, മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഡ് പോലീസിന്റെ ക്രിയാത്മകമായ പിന്തുണ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമാണെന്ന് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ നാള്‍മുതല്‍ നക്‌സല്‍ ഭീകരതയെ തുടച്ചുനീക്കി, വനവാസി, ഗ്രാമീണജനതയെ സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കാനുള്ള പരിശ്രമം തുടരുകയാണ്. 2014 മുതല്‍ നക്‌സല്‍ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പോലീസിന്റെയും സായുധസേനയുടെയും സംയുക്ത ക്യാമ്പുകള്‍ സജീവമാക്കിയത് അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 250 ക്യാമ്പുകള്‍ ഈ മേഖലകളില്‍ ആരംഭിച്ചു.
ഛത്തിസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വന്നതിന് ശേഷം മാത്രം എണ്‍പതിലേറെ ഭീകരരെ സൈന്യം വധിച്ചു. 125 പേര്‍ അറസ്റ്റിലായി. 150 പേര്‍ ആയുധം വച്ച് കീഴടങ്ങി. അധികം വൈകാതെ നക്‌സല്‍ ഭീകരരെ മുച്ചൂടും ഇല്ലാതാക്കാമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്, അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ഇടതുപക്ഷ ഭീകരതയുടെ അവസാനം കണ്ടുതുടങ്ങിയെന്ന് നക്‌സല്‍ വിരുദ്ധ സൈനിക നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ബസ്തര്‍ ഐജി പി. സുന്ദര്‍ രാജ് പറഞ്ഞു. സൈനിക നടപടി തുടരുകയാണ്.
കഴിഞ്ഞ ദിവസം കാംഗറില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ നാല് മണിക്കൂര്‍ തുടര്‍ന്നു. 29 ഭീകരര്‍ കൊല്ലപ്പെട്ടു. അതില്‍ 15 പേര്‍ സ്ത്രീകളാണ്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുന്ദര്‍ രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: